ഈഗോ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്, പ്രിയദർശന്റെ പഴയ അഭിമുഖം ചർച്ചയാവുന്നു
മികച്ച പ്രേക്ഷക സ്വീകാര്യത നേടി മരക്കാർ തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഡിസംബർ 2 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. മരയ്ക്കാറിന്റ റിലീസിന് ശേഷവും ചിത്രത്തെ തേടി നിരവധി വിവാദങ്ങൾ തലപൊക്കിയിരുന്നു. മരയ്ക്കാർ സിനമ കോളങ്ങളിൽ ചർച്ചയാകുമ്പോൾ സംവിധായകൻ പ്രിയദർശന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. നടി ലിസിയുമായുള്ള വിവാഹമോചനവും അതിന് ശേഷമുള്ള വിഷാദരോഗത്തെ കുറിച്ചുമാണ് സംവിധായകൻ പറയുന്നത്.

ലിസിയുമായുള്ള പ്രശ്നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ. 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നൽകിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയിൽ താൻ പൊട്ടിക്കരഞ്ഞതായും പ്രിയൻ അന്ന് പറഞ്ഞിരുന്നു.
മോഹൻലാൽ ഒരിക്കൽ എന്നോട് പറഞ്ഞു. ' രണ്ടുപേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് എതിർക്കുന്നവൻ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല, പ്രിയൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
മക്കളും ഞങ്ങളുടെ കാര്യത്തിൽ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവർ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങൾ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങൾ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്.
ലിസിയാണ് എന്‍റെ ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാള്‍ ലിസി കോടതിയിൽ പറഞ്ഞത് 'സംവിധായകൻ പ്രിയദർശന്‍റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു' എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡമായെന്ന് തന്നെയല്ലേ അര്‍ത്ഥം. ജീവനേക്കാൾ ഞാൻ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാൻ. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതിൽ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണെന്നും , പ്രിയൻ പറയുന്നു.
സംവിധായകന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്. 1990 ആണ് ലിസിയും പ്രിയദർശനും വിവാഹിതരാവുന്നത്. 2014 ൽ ബന്ധം വേർപിരിയുന്നതിനായി കോടതി സമീപിക്കുകയായിരുന്നു, 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.


Click it and Unblock the Notifications