'ജയറാമിന്റെ മക്കളെ ഞാൻ ഒരുപാട് തലോലിച്ചിട്ടുണ്ട്... പക്ഷെ മാളവികയുടെ വിവാഹത്തിന് ഞാൻ പോയില്ലെന്നത് സത്യമാണ്'
അടുത്തിടെ തെന്നിന്ത്യയിൽ നടന്ന താര വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു വിവാഹമായിരുന്നു ജയറാമിന്റെ മകളായ മാളവികയുടെ വിവാഹം. ഹൽദി, സംഗീത്, താലികെട്ട്, റിസപ്ഷൻ എന്നിവയെല്ലാമായി ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു മാളവികയുടെ വിവാഹം. തെന്നിന്ത്യൻ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിലും റിസപ്ഷനിലുമെല്ലാം പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിനുശേഷം യുകെയിലേക്ക് ഭർത്താവിനൊപ്പം പറന്ന മാളവിക അവിടെ ഇപ്പോൾ സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുകയാണ്. താരനിബിഢമായിരുന്ന വിവാഹ ആഘോഷത്തിൽ പങ്കെടുത്താൻ പക്ഷെ സംവിധായകൻ രാജസേനനും കുടുംബവും വന്നിരുന്നില്ല.
മലയാളത്തിൽ താരമൂല്യമുള്ള നായകനായി മാറാനും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാകാനും ജയറാമിനെ ഒരു കാലത്ത് സഹായിച്ചിരുന്നത് രാജസേനൻ സിനിമകളായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഒരു 10 ജയറാം പടങ്ങൾ പറയാൻ പറഞ്ഞാൽ അതിൽ ഉറപ്പായും മേലേപറമ്പിൽ ആൺവീട് അടക്കമുള്ള രാജസേനൻ സിനിമകളുണ്ടാകും.

ജയറാം-രാജസേനൻ കോമ്പോയിൽ ഇറങ്ങിയ പടങ്ങളെല്ലാം റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തിലും ഒരുപടി മുന്നിലാണ്. ഇരുവരും ഒരുമിച്ച് അവസാനം റിലീസ് ചെയ്ത സിനിമ കനകസിംഹാസനമാണ്. എന്നാൽ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ ചില വിള്ളലുകളും ഉണ്ടായിട്ടുണ്ട്. താനും ജയറാമും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങളെ കുറിച്ച് മുമ്പൊരിക്കൽ രാജസേനൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ജയറാമിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിനെ കുറിച്ചും കാളിദാസിന്റെ സിനിമകളെ കുറിച്ചും രാജസേനൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് രാജസേനൻ മനസ് തുറന്നത്. ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കളെന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്.
ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നാറുണ്ട്. അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ.
പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ് എന്നാണ് രാജസേനൻ പറഞ്ഞത്. ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂല്‍ കല്യാണമായിരുന്നു ഞങ്ങൾ ഒരുമിച്ച ആദ്യ ചിത്രം.

ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ഹിറ്റുമായി. അതോടെയാണ് തുര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്. ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്ത്‌പോകാന്‍ ആഗ്രഹിക്കില്ല.
ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്‌നേഹമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച രണ്ട് സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി.
വഴക്ക് കൂടാതെ പരസ്പരം എന്തെങ്കിലും പറഞ്ഞ് പരത്താതെ പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളാണ് ഞങ്ങൾ രണ്ടാളും. വഴക്ക് ഇട്ടിരുന്നുവെങ്കിൽ അത് പറഞ്ഞ് തീർക്കാമായിരുന്നു. വഴക്ക് ഇല്ല. പക്ഷെ പരസ്പരം മിണ്ടില്ല. ഓർക്കാൻ സുഖമുള്ള പന്ത്രണ്ട് വർഷം. വല്ലാത്ത ഒരു സ്നേഹമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നാണ് മുമ്പൊരിക്കൽ രാജസേനൻ പറഞ്ഞത്.


Click it and Unblock the Notifications











