'നൂറ്റിയാറുകാരൻ സേനാപതി എങ്ങനെ സ്റ്റണ്ട് ചെയ്യും?, ചൈനയിൽ 120ആം വയസിലും സ്റ്റണ്ട് ചെയ്യുന്ന മാസ്റ്ററുണ്ട്'
തമിഴിലെ കൾട്ട് ക്ലാസിക്ക് സിനിമകളിൽ ഒന്നായാണ് കമൽഹാസന്റെ ഇന്ത്യൻ എന്ന സിനിമയെ സിനിമാ പ്രേമികൾ കാണുന്നത്. 1996ൽ പുറത്തിറങ്ങിയ സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഡബിൾ റോളിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത സിനിമയിൽ മനീഷ കൊയ്രാളയായിരുന്നു നായിക. ഒരു മുൻ സ്വാതന്ത്ര്യസമരസേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന അദ്ദേഹത്തിന് അവസാനം തന്റെ മകനെയും ശിക്ഷിക്കേണ്ടി വരുന്നു. മർമ്മകല എന്ന പഴയകാല ആയോധന വിദ്യ അഭ്യസിച്ചിട്ടുള്ള കഥാനായകൻ അതേ വിദ്യ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്ന രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ആശാൻ ആർ.രാജേന്ദ്രനാണ് ഈ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.

മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ അടക്കം ഒരു ബ്ലോക്ക് ബസ്റ്ററായിരുന്നു. ശങ്കർ സിനിമകളിൽ ഒട്ടുമിക്ക പ്രേക്ഷകരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഇന്ത്യൻ എന്ന ചിത്രം തന്നെയാകും. സിനിമയുടെ രണ്ടാം ഭാഗം ശങ്കർ ടീം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് വന്നത്.
ഇരുപത്തിയെട്ട് വർഷങ്ങൾക്കുശേഷം ഇങ്ങനൊരു റീമേക്ക് കൊണ്ടുവരേണ്ട ആവശ്യമുണ്ടോയെന്ന ചോദ്യങ്ങളാണ് ഏറെയും പ്രേക്ഷകർ ശങ്കർ ടീമിനോട് ചോദിച്ചിരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതോടെ പ്രേക്ഷകർക്ക് സിനിമയിലുണ്ടായിരുന്ന പ്രതീക്ഷ തീരെ ഇല്ലാതെയായിരുന്നു.
പ്രധാനമായും ലോജിക്കില്ലായ്മയാണ് പ്രേക്ഷകർ ചൂണ്ടി കാട്ടുന്നത്. ട്രെയ്ലർ കണ്ടപ്പോൾ പഴയ ശങ്കർ പടങ്ങളുടെ ഒരു പുതിയ രൂപം എന്നതിന്റെ അപ്പുറത്തേക്ക് മറ്റൊരു ഫീലും കിട്ടിയില്ല.
ഈ ട്രെയ്ലർ കണ്ടിട്ട് കമൽ ഹാസൻ എന്ന താരത്തിന് പെർഫോം ചെയ്യാൻ ഒരുപാടുണ്ടാകുമെന്ന് തോന്നുന്നുണ്ട്. എന്നാലും സേനാപതി എന്ന ഇന്ത്യൻ താത്തയുടെ ഗംഭീര കഥാപാത്രത്തിന്റെ തുടർച്ചയായി കണക്കാകുമ്പോൾ എവിടെയൊക്കെയോ ഒരു മിസ്റ്റേക്ക് പോലെ തോന്നുന്നു. പ്രായം തന്നെയാണ് പ്രധാന കാരണം എന്നിങ്ങനെ എല്ലാമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
ഇന്ത്യൻ സിനിമയുടെ കഥ നടക്കുന്ന സമയം വെച്ച് നോക്കുകയാണെങ്കിൽ സേനാപതിയുടെ ജനനം 1918ലാണ്. അതായത് ഇപ്പോള്‍ പ്രായം 106. ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറിൽ സേനാപതിയുടെ അതിഗംഭീര ആക്ഷൻ സീക്വൻസുകളും കാണാം. ഈ വയസ്സാംകാലത്ത് സേനാപതിക്ക് ഇത്രയും ആക്ഷനൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന സംശയം ഒരു മാധ്യമ പ്രവർത്തകൻ ശങ്കറിനോട് നേരിട്ട് ചോദിച്ചിരുന്നു. പ്രേക്ഷകർക്ക് എല്ലാമുള്ള സംശയത്തിന് വ്യക്തമായി ശങ്കർ മറുപടി നൽകുകയും ചെയ്തു.

ചൈനയിൽ ഒരു മാർഷ്യൽ ആർട്സ് മാസ്റ്ററുണ്ട്. അദേഹത്തിന്റെ പേര് ലൂസി ഗിയോൺ എന്നാണ്. 120ആം വയസിലും അദ്ദേഹം മാർഷ്യൽ ആർട്സ് പെർഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. സേനാപതിയും അങ്ങനെയൊരു മാസ്റ്ററാണ്. മർമമാണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റ് പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്.
ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. ഏത് സ്റ്റണ്ടും ചെയ്യാൻ അദ്ദേഹത്തിന് കഴിയും എന്നാണ് സേനാപതിയുടെ പ്രായത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മറുപടിയായി ശങ്കർ പറഞ്ഞത്. ഇന്ത്യന്‍ 2വിന്റെ തിരക്കഥ ബി.ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായ് ചേര്‍ന്നാണ് സംവിധായകന്‍ ശങ്കര്‍ തയ്യാറാക്കിയത്.
കഥ സംവിധായകന്റേത് തന്നെയാണ്. ട്രെയിലറിൽ ഇംപ്രസ് ആയില്ലെങ്കിലും സംവിധായകൻ ശങ്കർ ആയതിനാൽ സിനിമയുടെ റിലീസ് വരെ കാത്തിരിക്കുമെന്നും മാജിക്ക് പ്രതീക്ഷിക്കുന്നുവെന്നും സിനിമാ പ്രേമികൾ കുറിക്കുന്നുണ്ട്.


Click it and Unblock the Notifications











