'ലാൽ സാർ ഡബ്ബിങ് സ്റ്റുഡിയോയിലിരുന്ന് കരയും..., ഹോളിവുഡ് സിനിമ കാണുന്ന അനുഭവം ഡിങ്കൻ കാണുമ്പോഴുണ്ടാകും'
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകനായി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.
ദിലീപ് നായകനായി അഭിനയിക്കാനിരുന്ന ത്രീഡി ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പല പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്നതോടെ സിനിമയുടെ ചിത്രീകരണം കുഴപ്പത്തിലാവുകയായിരുന്നു. ഡിങ്കന്റെ കുറച്ച് ഭാഗങ്ങള്‍ കണ്ടപ്പോള്‍ അത് ഗംഭീര സിനിമയായിരിക്കുമെന്ന് തനിക്ക് ഉറപ്പായെന്ന് അടുത്തിടെ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

പ്രൊഫസര്‍ ഡിങ്കന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുള്ള ഒരു സംവിധായകനാണ് സാബു സർഗം. നിരവധി താരങ്ങൾക്ക് ശബ്ദം നൽകാനും അവസരം ലഭിച്ചിട്ടുണ്ട് സാബുവിന്. ഇപ്പോഴിതാ സംവിധായകൻ, തിരക്കഥാകൃത്ത്, ഷോ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സാബു സർഗം.
പ്രൊഫസര്‍ ഡിങ്കൻ സിനിമയെ കുറിച്ചും താരങ്ങളുടെ ഡബ്ബിങ് രീതികളെ കുറിച്ചും അഭിമുഖത്തിൽ സാബു സംസാരിച്ചു. 'നടൻ സുധീറിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. അടുത്തിടെ സുധീർ നായകനായ ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടിയും ഞാൻ ഡബ്ബ് ചെയ്തിരുന്നു. തെറി സിനിമയിലെ ഒരു കഥാപാത്രത്തിന് വേണ്ടിയും ഡബ്ബ് ചെയ്തിരുന്നു.'
'അതുപോലെ ദിലീപേട്ടൻ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത് കാണാൻ സാധിച്ചിട്ടുണ്ട്. താരങ്ങൾ ഡയലോഗുകൾ കാണാപാഠമാക്കിയാണ് ഡബ്ബിങിനെത്തുന്നത്. കാരണം നേരത്തെ അഭിനയിച്ച സീനുകൾ ആയതുകൊണ്ട് എല്ലാവർക്കും ഡയലോഗുകൾ മനപാഠമാണ്. അതുപോലെ ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്നും അവർ അഭിനയിക്കുന്നത് കാണാൻ സാധിച്ചിട്ടുണ്ട്.'
'റൺവെ സിനിമയ്ക്കൊക്കെ ഡബ്ബ് ചെയ്യുന്ന സമയത്ത് സീൻ അഭിനയിച്ചപ്പോഴുള്ള അതേ ഭാവങ്ങൾ അടക്കം മുഖത്ത് വരുത്തി കയ്യടക്കം വിറപ്പിച്ചാണ് ദിലീപേട്ടൻ ഡബ്ബ് ചെയ്തത്. ലാൽ സാറും അതുപോലെ തന്നെയാണ്. കരയുന്ന സീൻ ഡബ്ബ് ചെയ്യുമ്പോൾ ഡയലോഗ് പറയുക മാത്രമല്ല യഥാർത്ഥത്തിൽ കരയാറുണ്ട് ലാൽ സാർ.'

'പോഡിയത്തിൽ പിടിച്ച് കരയുന്നത് കണ്ടിട്ടുണ്ട്. മമ്മൂക്കയുടേത് കാണാൻ അവസരം കിട്ടിയിട്ടില്ല. ലാൽ സാറിന്റെ ഡബ്ബിങ് എനിക്കൊക്കെ ഇൻസ്പിരേഷനായിട്ടുണ്ട്. അതുപോലെ ഹോളിവുഡ് സിനിമ കാണുന്ന അനുഭവം ഡിങ്കൻ കാണുമ്പോഴുണ്ടാകും എന്നതിൽ യാതൊരു തർക്കവുമില്ല. സിനിമയുടെ സ്റ്റണ്ട് ചെയ്തിരിക്കുന്നത് ബാഹുബലിക്ക് സ്റ്റണ്ട് ചെയ്തയാളാണ്.'
'കൂടാതെ ഹോളിവുഡ് നടന്മാരും പ്രൊഫസർ ഡിങ്കനിൽ അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഡിങ്കനിൽ മൂന്ന് കഥാപാത്രങ്ങൾ ദിലീപേട്ടൻ ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രത്തിന്റെയും മേക്കപ്പിനായി മണിക്കൂറുകളാണ് അദ്ദേഹം ചിലവഴിച്ചത്. ലാൽ സാറിനുള്ള അതേ ഡെഡിക്കേഷൻ ദിലീപേട്ടനും സിനിമയുടെ കാര്യത്തിലുണ്ടെന്നും', സാബു പറയുന്നു.


Click it and Unblock the Notifications