യോജിക്കുന്നത് തന്നെ പിരിയാൻ തീരുമാനിച്ച്, സച്ചിയും സേതുവും വേർപിരിയാൻ കാരണം ഇത്
പ്രേക്ഷകർക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥകൃത്തുക്കളാണ് സേതുവും സച്ചിയും. ഇരുവരും ഒന്നിച്ച് സൃഷ്ടിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പൾസ് അറിയുന്ന പ്രിയപ്പെട്ട സംവിധായകരായി മാറുകയായിരുന്നു. പ്രേക്ഷകർക്ക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഈ കൂട്ട്കെട്ട് പിന്നീട് രണ്ട് വഴിക്ക് പോകുകയായിരുന്നു. ഇപ്പോഴിത പിരിയാനുള്ള കാരണം വെളിപ്പെടുത്തി തിരക്കഥകൃത്തും സംവിധായകനുമായ സച്ചി.
മനോരമ ന്യൂസിന്റെ നേര ചൊവ്വേ എന്ന പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സേതുവുമായി ഒന്നിച്ചെഴുതാൻ തീരുമാനിച്ചതിനെ കുറിച്ചും സച്ചി വെളിപ്പെടുത്തി.
പിരിയാൻ തീരുമാനിച്ചു കൊണ്ട് തന്നെയാണ് ഞാനും സേതുവും സിനിമയിലേയ്ക്ക് ഒരുമിച്ചെത്തുന്നത്. പരിചയപ്പെട്ടപ്പോൾ തന്നെ തങ്ങളുടെ സിനിമകാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്ന് മനസ്സിലായിരുന്നു. നല്ലൊരു എൻട്രിക്കു വേണ്ടിയാണ് തുടക്കത്തിൽ ഒന്നിച്ചെഴുതാൻ തുടങ്ങിയതെന്ന് സച്ചി പറഞ്ഞു.

ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി ഏകദേശം നാല് വർഷം കഴിയുമ്പോഴാണ് താനും സേതുവും പരിചയപ്പെടുന്നത്. രണ്ട് പേർക്കും സിനിമയിൽ താൽപര്യവും അറിവുമുണ്ട്. വൈകുന്നേരങ്ങളിൽ സിനിമ ചർച്ചചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കൂട്ടായ ശ്രമത്തെ കുറിച്ച് ചിന്തിച്ചത്. എന്നാൽ അത്രയും നാളത്തെ പരിചയത്തിൽ നിന്ന് രണ്ട് പേർക്കും രണ്ട് അഭിരുചികളാണെന്ന് മനസ്സിലായി.

എൻട്രിക്കു വേണ്ടി ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്തതിന് ശേഷം ചവിട്ടി നിർത്താമെന്നും പിന്നീട് സ്വതന്ത്ര സിനിമകൾ ചെയ്ത് തുടങ്ങാം എന്നായിരുന്നു തീരുമാനം. തുടക്കത്തിൽ എക്സർസൈസ് എന്ന നിലയിൽ കൂട്ടായി സിനിമകൾ ചെയ്യുന്നത് നല്ലതാണ്. എന്നാൽ അതിന് ശേഷം ഒറ്റയ്ക്ക് സിനിമ ചെയ്യുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ സിനിമയിൽ വരുന്നത് തന്നെ സംവിധാനം ചെയ്യാൻ വേണ്ടിയായിരുന്നു. റോബിൻഹുഡ് എന്ന ചിത്രത്തിന് വേണ്ടി തങ്ങൾ ആദ്യമായി തിരക്കഥ എഴുതുമ്പോൾ സംവിധാനവും ഒരുമിച്ച് ചെയ്യാം എന്നായിരുന്നു വിചാരിച്ചത്.അങ്ങനെ അതുൽ കുൽക്കർണിെയയും അരുൺ എന്ന നടനെയും പ്രധാനകഥാപാത്രങ്ങളാക്കി സിനിമയുടെ പൂജ വരെ നടത്തിയിരുന്നു. എന്നാൽ പിന്നീട് വിതരണക്കാരുമായുള്ള ചില പ്രശ്നങ്ങൾ കൊണ്ട് സിനിമ നടന്നില്ല. പിന്നീട് തങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ് തിരക്കഥകൃത്തുക്കളായി സിനിമയിൽ എൻട്രി ചെയ്യാൻ പറഞ്ഞത്, അതിന് ശേഷം സംവിധാനത്തിലേയ്ക്ക് കടക്കാൻ നിർദ്ദേശിച്ചത്.

സാമ്പത്തിക വിജയം നേടിയ ചിത്രങ്ങൾ എഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും തന്റെ മനസ്സിലുളളത് അത്തരം സിനിമകൾ ആയിരുന്നില്ലെന്ന് സച്ചി തുറന്നു പറയുന്നു. പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യസിനിമകൾക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്നത്.മുടക്ക് മുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമാതാവ് വന്നാൽ അത്തരത്തിലൊരു സിനിമ ചെയ്യുമെന്നും അതൊരു രാഷ്ട്രീയ സിനിമ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications