രണ്ട് അബോര്‍ഷനുകള്‍, പ്രതീക്ഷ കൈവിടാതെ 16 വര്‍ഷത്തെ കാത്തിരിപ്പ്; ഇരട്ടക്കുട്ടികളെക്കുറിച്ച് സജി സുരേന്ദ്രന്‍
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് സജി സുരേന്ദ്രന്‍. ആദ്യ ചിത്രത്തിന് ശേഷം ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഷീ ടാക്‌സി എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സംവിധായകന്റേതായി പുറത്തിറങ്ങി. സിനിമയ്ക്ക് മുന്‍പ് അനേകം സീരിയലുകളും സജി സുരേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് സജി സുരേന്ദ്രനും ഭാര്യ സംഗീതയ്ക്കും മക്കളുണ്ടായത്. ഇരട്ടക്കുട്ടികളായ വേദാന്തിന്റെയും വിരാടിന്റെയും ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മക്കളുടെ പിറന്നാള്‍ ദിനത്തില്‍ സജി സുരേന്ദ്രന്‍ പങ്കിട്ട കുറിപ്പ് വൈറലായി മാറിയിരുന്നു.

ഒരു വര്‍ഷം മുന്‍പുള്ള ഈ ദിവസമായിരുന്നു ദൈവം ഞങ്ങള്‍ക്ക് സമ്മാനമായി നിങ്ങളെ തന്നത്. അന്നുമുതല്‍ ഇന്നുവരെ ഞങ്ങളുടെ ജീവിതത്തില്‍ നിങ്ങളുടെ സ്‌നേഹവും പുഞ്ചിരിയുമുണ്ട്. സാധ്യമാവുന്നിടത്തോളം മനോഹരമായ ജീവിതമായിരിക്കും നമ്മുടേതെന്ന് ഞാന്‍ ഉറപ്പ് തരുന്നു.
ഇനിയങ്ങോട്ട് കൂടുതല്‍ കളര്‍ഫുളായ പിറന്നാളുകള്‍ ആയിരിക്കട്ടെ എന്നുമായിരുന്നു സജി സുരേന്ദ്രന്‍ കുറിച്ചത്. മക്കളുടെ മനോഹരമായ കുറേ ചിത്രങ്ങളും അദ്ദേഹം തന്റെ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും ഫലമായാണ് തനിക്ക് കുട്ടികളുണ്ടായതെന്ന് മുന്‍പ് ഒരു വനിതാമാഗസിന് നല്‍കിയ അഭിമുഖത്തില്‍ സജി സുരേന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു.
'എല്ലാവരുടെയും ജീവിതത്തിന്റെ പൂര്‍ണത തങ്ങള്‍ക്ക് അടുത്ത ഒരു തലമുറ ഉണ്ടാകുന്നതോടെയാണ്. കഴിഞ്ഞ പതിനാറ് വര്‍ഷവും എന്നെക്കാളേറെ ഒരു കുഞ്ഞിന് വേണ്ടി അമ്പലങ്ങളും പള്ളികളിലും വഴിപാടുകളുമായി ജീവിച്ചത് സംഗീതയാണ്. ഞങ്ങളുടെ വിവാഹം 2005-ല്‍ ആയിരുന്നു. 2009-ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണിയായത്.
എന്നാല്‍ എന്റെ ആദ്യ സിനിമ 'ഇവര്‍ വിവാഹിതരായാല്‍' റിലീസ് ആകുന്നതിന് തലേ ദിവസം ഒന്നര മാസത്തില്‍ അത് അബോര്‍ട്ട് ആയി. പിന്നീട് ഫോര്‍ ഫ്രണ്ട്‌സ് ചെയ്യുമ്പോള്‍ സംഗീത വീണ്ടും ഗര്‍ഭിണിയായെങ്കിലും രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു.' പിന്നീട് ദീര്‍ഘകാലം ചികിത്സകളും പ്രാര്‍ത്ഥനകളുമായി പ്രതീക്ഷ കൈവിടാതെ മുന്നേറുകയായിരുന്നു ഇരുവരും.

കോവിഡ് കാലത്തായിരുന്നു സംഗീത ഇരട്ടക്കുട്ടികളുടെ അമ്മയായത്. പ്രസവ സമയത്ത് അധികം ആളുകളൊന്നുമുണ്ടായിരുന്നില്ല. അനൂപ് മേനോനെ അന്ന് താന്‍ വിളിച്ച് വരുത്തിയെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
കുട്ടികളെ ആദ്യമായി കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയിരുന്നു. മക്കളുടെ വരവ് അറിഞ്ഞ ശേഷം സിനിമയിലെ സുഹൃത്തുക്കളെല്ലാം വിളിച്ചിരുന്നു. അവരെല്ലാം ഈ സന്തോഷവാര്‍ത്ത അറിയാനായി കാത്തിരിക്കുകയായിരുന്നു.
Recommended Video

ഒന്നുമില്ല സംഗൂ, നമുക്ക് മക്കളുണ്ടാവും എന്ന് പറഞ്ഞ് എപ്പോഴും ഭാര്യയെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. 16 വര്‍ഷവും കുഞ്ഞിനെക്കുറിച്ചായിരുന്നു സംഗീത സംസാരിച്ചിരുന്നത്. കുറച്ച് വൈകിയാണെങ്കിലും രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചതില്‍ ഒരുപാട് സന്തോഷമാണ് തോന്നിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നും കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിരുന്നില്ലെന്നും സജി സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നു.
2005-ലാണ് സജി സുരേന്ദ്രനും അവതാരകയായ സംഗീതയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
അതേസമയം ടെലിവിഷന്‍ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്നു സജി സുരേന്ദ്രന്‍. മേഘം, മാനസം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകള്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്തു. ആംഗ്രി ബേബീസ് ഇന്‍ ലവ്, ഷീ ടാക്‌സി തുടങ്ങിയവയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.


Click it and Unblock the Notifications











