'സോഷ്യൽമീഡിയയ്ക്ക് തെറ്റിയിട്ടില്ല, യോദ്ധയിലെ മല തന്നെയാണ് വാർത്തകളിൽ നിറഞ്ഞ കുമ്പാച്ചി മല'യെന്ന് സംഗീത് ശിവൻ
ഇക്കഴിഞ്ഞ രണ്ട് ദിവസം കേരളം ഒന്നടങ്കം ഒരു യുവാവിന്റെ ജീവിന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കയറവേ കാൽവഴുതി 46 മണിക്കൂർ പാറയിടുക്കിൽ കുടുങ്ങി കിടക്കേണ്ടിവന്ന ബാബുവിനെ ഒടുവിൽ സൈന്യത്തിൻറെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഇത്രയേറെനേരം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ചൂടിനെയും തണുപ്പിനെയും നേരിട്ട് ധൈര്യത്തോടെ പിടിച്ച് നിന്ന ബാബുവിനെ പുകഴ്ത്തുകയും സൈന്യത്തെ വാഴ്ത്തുകയുമായിരുന്നു കേരളം. മലമ്പുഴ കുമ്പാച്ചി മലയിടുക്കിലാണ് ബാബു കുടുങ്ങി കിടന്നത്.
കുമ്പാച്ചി മലയും ബാബുവും വാർത്തകളിൽ ഇടതടവില്ലാതെ വന്നുപോയപ്പോൾ സോഷ്യൽമീഡിയ മറ്റൊരു കാര്യം ശരിയാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള തിരക്കിലായിരുന്നു. ഈ കുമ്പാച്ചി മലയെ മുമ്പെവിടെയോ കണ്ടിട്ടുണ്ടല്ലോ...? എന്ന സംശയമായിരുന്നു ആളുകളിൽ ഏറെപേർക്കും ഉണ്ടായത്. ആ സംശയം സിനിമാപ്രേമികളെ കൊണ്ടെത്തിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായ യോദ്ധയിലാണ്. സിനിമാ പ്രേമികളുടെ സംശയം ശരിയായിരുന്നു. അശോകൻ എന്ന മോഹൻലാൽ കഥാപാത്രം അഭ്യാസമുറകൾ പരിശീലിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ആ ഓർമകളെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ സംഗീത് ശിവൻ പറഞ്ഞത് ഇങ്ങനെയാണ്.

സത്യം പറഞ്ഞാൽ ഈ പേരുകളൊക്കെ ചാനലുകളിൽ കേട്ടപ്പോൾ ഇത് ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ചാനലുകളിൽ കാണിച്ചതൊക്കെ ഡ്രോൺ ദൃശ്യങ്ങൾ ആയിരുന്നല്ലോ. ഞങ്ങൾ അന്ന് കണ്ടത് ഐ ലെവലിലുള്ള കാഴ്ചകളും. യുവാവ് മലയിടുക്കിൽപ്പെട്ടതും അതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനവുമെല്ലാം എല്ലാവരെയും പോലെ ഞാനും ശ്രദ്ധിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ മൊബൈലിലേക്ക് യോദ്ധയിലെ സ്ക്രീൻഷോട്ടുകൾ വരാൻ തുടങ്ങി. അപ്പോഴാണ് ഞാനും ഇക്കാര്യം ശ്രദ്ധിച്ചത്. മോഹൻലാലിനെ ആയോധനവിദ്യ പരിശീലിപ്പിക്കുന്ന രംഗങ്ങളെല്ലാം പാലക്കാടാണ് ചിത്രീകരിച്ചത്. ചില ഭാഗങ്ങൾ അന്ന് നേപ്പാളിൽ ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

തിരിച്ച് നേപ്പാളിൽ പോകുന്നതിനേക്കാൾ ആ പരിശീലകനെ മാത്രം കേരളത്തിലേക്ക് കൊണ്ടുവന്ന് ഇവിടെ ചിത്രീകരിക്കുന്നതല്ലേ എന്ന് തോന്നി. അങ്ങനെയാണ് പാലക്കാട് ചിത്രീകരിച്ചത്. പ്രണവം മേനോൻ ചേട്ടനായിരുന്നു ആ സമയത്ത് പ്രൊഡക്ഷന്റെ മേൽനോട്ടം. അദ്ദേഹമാണ് കുമ്പാച്ചി മലയും പരസരപ്രദേശങ്ങളും നിർദേശിച്ചത്. അങ്ങനെ ഞങ്ങൾ അവിടെ കാണാൻ പോയി. ഞാൻ ആദ്യം ആ സ്ഥലം കണ്ടപ്പോൾ ഇതു കേരളത്തിൽ തന്നെയാണോ എന്നുപോലും സംശയിച്ചു. അത്രയും മനോഹരമായ കാഴ്ചയായിരുന്നു അത്. അവിടെ എത്തിപ്പെടാൻ കുറച്ചുപാടുപെട്ടു. അന്നത്തെ കാലത്ത് ലൊക്കേഷൻ കാണാൻ പോകുന്നതൊക്കെ നല്ല കഷ്ടപ്പാടുള്ള കാര്യമാണ്. ഇപ്പോഴത്തെ പോലെ ആരെയെങ്കിലും വിട്ട് കുറച്ച് പടങ്ങൾ എടുത്തിട്ട് വാ എന്ന് പറയാൻ കഴിയില്ല. നമ്മൾ തന്നെ പോകണം. കുമ്പാച്ചി മല പശ്ചാത്തലമായി ലഭിക്കുന്ന തരത്തിലാണ് അന്ന് ദൃശ്യങ്ങളെടുത്തത്. ആ മല പശ്ചാത്തലത്തിൽ വന്നാലല്ലേ നേപ്പാളായി തോന്നുകയുള്ളൂ. കൂടാതെ ഗുഹയ്ക്കകത്തെ ഫൈറ്റും ചിത്രീകരിച്ചത് പാലക്കാട് സെറ്റിട്ടായിരുന്നു.

1992ൽ ആയിരുന്നു യോദ്ധ റിലീസ് ചെയ്തത്. മലയാളികൾ നേപ്പാളിന്റെ ദൃശ്യഭംഗി ആസ്വദിച്ചതും യോദ്ധ എന്ന സിനിമയിലൂടെയായിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മോഹൻലാൽ-ജഗതി ശ്രീകുമാർ കോമ്പോ തന്നെയായിരുന്നു. ചിത്രത്തിൽ ഉർവ്വശിയും മാധുവുമായിരുന്നു നായികമാർ. തൈപ്പറമ്പിൽ അശോകനും അരിശുമൂട്ടിൽ അപ്പുകുട്ടനും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. സിനിമയിലെ ഓരോ രംഗങ്ങളും മലയാളിക്ക് കാണാപാഠമാണ്. സിനിമപോലെ തന്നെ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











