മാപ്പ് പറഞ്ഞാലേ അഭിനയിക്കുകയുള്ളുവെന്ന് സംയുക്ത വർമ്മ; നടി വാശി പിടിച്ചതിനെ പറ്റി ശാന്തിവിള ദിനേശ്
നടി സംയുക്ത വര്‍മ്മയുടെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സംയുക്ത എത്തിയിരുന്നു. ഇതിനിടെ സംവിധായകന്‍ ശാന്തിവിള ദിനേശും സംയുക്തയുടെ കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് ദിനേശ് പറഞ്ഞത്.
അന്ന് ജയറാമും സംയുക്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലാണ് ഒരു പ്രശ്‌നമുണ്ടാവുന്നത്. ഷൂട്ടിങ്ങ് വരാന്‍ തയ്യാറാവാത്ത സംയുക്തയെ വിളിക്കാന്‍ പോയതും പിന്നീട് അവിടെ നടന്ന സംഭവങ്ങളുമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നത്.

സ്വയംവരപ്പന്തല്‍ എന്ന സിനിമയിലെ ഒരു പാട്ട് രംഗം ചിത്രീകരിക്കാന്‍ പോവുകയായിരുന്നു. ജയറാം ആദ്യം തന്നെ എത്തി. എന്നിട്ടും സംയുക്ത വരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടര്‍ സംയുക്തയെ വിളിക്കാന്‍ പോയെങ്കിലും അവര്‍ വന്നില്ല. അപ്പോഴാണ് സംവിധായകന്‍ എന്നോട് ദിനേശേ.. പോയി വിളിക്കൂ.. ജയറാം എത്ര നേരമായി വന്ന് നില്‍ക്കുന്നു എന്ന് പറഞ്ഞത്. ആ ചാട്ടത്തിന്റെ കുതിപ്പില്‍ ഞാന്‍ നേരെ സംയുക്തയുടെ മുറിയിലേക്ക് പോയി. വാതിലില്‍ മുട്ടി, അനക്കമില്ല.

വാതില്‍ തുറന്ന് ചെല്ലുമ്പോള്‍ കട്ടിലില്‍ കിടന്ന് സംയുക്ത ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. ചിരിച്ച് കളിച്ചാണ് അവരുടെ സംസാരം. അത് ശരിയല്ലല്ലോ എന്ന് പറയുന്നത് പോലെ അമ്മ താടിയില്‍ കൈയ്യും കൊടുത്ത് അടുത്തിരിപ്പുണ്ട്. സംയുക്തയുടെ അസിസ്റ്റന്റും അടുത്തുണ്ട്.'
എന്നെ കണ്ടതോടെ സംയുക്ത കൈ കാണിച്ചു. ഞാനും സംസാരിച്ചോട്ടേ, എന്നിട്ട് വിളിക്കാമെന്ന് കരുതി. ഒരു മിനുറ്റ് അങ്ങനെ നിന്നിട്ടും സംസാരം നിര്‍ത്തുന്നില്ലെന്ന് മനസിലായി. ഇതോടെ എന്റെ ഈഗോ വര്‍ക്ക് ആയി. 'എണീറ്റ് വന്നേ' എന്ന് ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.

പെട്ടെന്ന് ചാടി എഴുന്നേറ്റ് ഫോണ്‍ പൊത്തി പിടിച്ചു. എന്നിട്ട് എന്താ എന്ന് ചോദിച്ചു. ഒന്നെഴുന്നേറ്റ് വന്നേ എന്ന് ഞാനും പറഞ്ഞു. ഇത് കേട്ടതോടെ ഫോണ്‍ കട്ടിലില്‍ ഇട്ട് സംയുക്ത റൂമില്‍ നിന്നും ഇറങ്ങിയൊരു പോക്ക് പോയി. പുറകേ ഞാനും പോയി. മോശമായി ഒന്നും പറഞ്ഞില്ലല്ലോ.
പക്ഷേ സംവിധായകന്റെ മുന്നില്‍ ചെന്നിട്ട് ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞ് അതേ സ്പീഡില്‍ തിരിച്ച് പോയി. എന്നിട്ട് വാതില്‍ വലിച്ചടച്ചു. ശരിക്കും അതെന്റെ ചെകിട്ടത്ത് അടിച്ചത് പോലെയാണെന്ന് മനസിലായി. ഒന്നും സംഭവിക്കാത്തത് പോലെ ഞാനവിടെ നിന്നു. മിനുറ്റുകള്‍ കടന്ന് പോയിട്ടും സംയുക്ത തിരിച്ച് വരുന്നില്ല.

പിന്നെ നടിയുടെ അസിസ്റ്റന്റ് വന്നിട്ട് ദിനേശ് സാര്‍ മോശമായി ഡയലോഗ് പറഞ്ഞിട്ടുണ്ട്. അവര്‍ വന്ന് സോറി പറഞ്ഞാലേ സംയുക്ത അഭിനയിക്കുകയുള്ളുവെന്ന് പറഞ്ഞു. ഇതെല്ലാം കേട്ട് നിര്‍മാതാവ് അവിടെ നില്‍ക്കുന്നുണ്ട്. അയാളോട് ഞാന്‍ മാപ്പ് പറയില്ലെന്നും ഇവിടെ വെച്ച് ഞാന്‍ വേണമെങ്കില്‍ തിരിച്ച് പോയി കെള്ളാമെന്നും പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയ സിനിമ നിന്ന് പോയാലും സാരമില്ല. നിങ്ങള്‍ മാപ്പ് പറയണ്ട, തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്ന് നിര്‍മാതാവ് എന്നോട് പറഞ്ഞു.
Recommended Video

ഇതിനിടെ സംയുക്തയുടെ അമ്മ എന്നോട് മാപ്പ് പറഞ്ഞു. ഇത് കേട്ടതോടെ ഞാന്‍ സംയുക്തയെ വിളിക്കാന്‍ പോയി. ഞാന്‍ ചെല്ലുന്നത് കണ്ടതോടെ സംയുക്ത ഇറങ്ങി വന്നു. ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ അഭിനയിച്ചുവെന്നും ദിനേശ് പറഞ്ഞു.
പിറ്റേദിവസം ഷൂട്ടിന് ആദ്യമെത്തിയത് സംയുക്ത വര്‍മ്മയായിരുന്നു. ഇന്നലെ ഇവിടെ നടന്നതിലെന്തെങ്കിലും ചേട്ടന്റെ മനസിലുണ്ടോ, അങ്ങനെയൊന്നും ഇല്ലെങ്കില്‍ ചേട്ടന്‍ ഈ ചോക്ലേറ്റ് വാങ്ങിക്കണമെന്ന് പറഞ്ഞു. ഞാന്‍ കഴിക്കാറില്ലെങ്കിലും അത് മേടിച്ചുവെന്നും ദിനേശ് പറയുന്നു.


Click it and Unblock the Notifications











