'ആ പണി നിർത്തിയെന്നും ഭർത്താവിന്റെയും കുട്ടിയുടെയും കാര്യം നോക്കൂവെന്നും പ്രിയയോട് പറയണമായിരുന്നു'; ദിനേശ്!
വളരെ വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരിക്കലും വിവാദപരമായ പ്രശ്നങ്ങളിൽ കുഞ്ചാക്കോ ബോബന്റെ പേര് ഉൾപ്പെട്ടതായോ അദ്ദേഹം കാരണം ഒരു സിനിമയ്ക്ക് പ്രശ്നം വന്നതായോ സിനിമാപ്രേമികൾക്കോ മലയാള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കോ അറിവില്ല.
വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും നായകനായി നിലനിന്ന് നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുഞ്ചാക്കോ ബോബന് നല്ല കാലമാണ്.
അടുത്തിടെയായി നടൻ ചെയ്യുന്ന സിനിമകളും കഥാപാത്രങ്ങളുമെല്ലാം ഹിറ്റാണ്. എന്നാൽ പദ്മിനി എന്ന സിനിമയുടെ റിലീസിന് ശേഷം ചിത്രത്തിന്റെ നിർമാതാവ് ഗുരുതരമായ ആരോപണമാണ് നടന് നേരെ ഉന്നയിച്ചത്. രണ്ടര കോടി രൂപ കൈപ്പറ്റിയിട്ടും സിനിമയുടെ പ്രമോഷന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ തയാറായില്ലെന്നാണ് നിർമാതാവ് സുവിൻ വർക്കി കുഞ്ചാക്കോ ബോബന് എതിരെ ഉന്നയിച്ച ആരോപണം.

താരത്തിന്റെ ഭാര്യ പ്രിയ കുഞ്ചാക്കോ ബോബൻ നിയമിച്ച മാർക്കറ്റിങ്ങ് കൺസൾട്ടന്റിന് ആദ്യ പതിപ്പ് ഇഷ്ടമായില്ലെന്ന കാരണത്താലാണ് പ്ലാൻ ചെയ്തിരുന്ന എല്ലാ വിധത്തിലുള്ള പ്രമോഷനും ഒഴിവാക്കിയതെന്നും. ഇതേ അവസ്ഥ തന്നെ വേറെയും രണ്ട്, മൂന്ന് നിർമാതാക്കൾക്ക് സംഭവിച്ചിട്ടുണ്ടെന്നുമാണ് സുവിൻ കെ വർക്കി പറഞ്ഞത്.
വിഷയത്തിൽ നിരവധി പേർ കുഞ്ചാക്കോ ബോബനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ നിർമ്മാതാവും സംവിധായകനും ചെയ്തുവെന്ന് കുറ്റപ്പെടുത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
റോ ഫൂട്ടേജ് കുഞ്ചാക്കോ ബോബന്റെ ഭാര്യ പറഞ്ഞതനുസരിച്ച് അവർ നിയമിച്ച മാർക്കറ്റിങ്ങ് കൺസൾട്ടന്റിന് നൽകാൻ പാടില്ലായിരുന്നുവെന്നും ഫൂട്ടേജ് നൽകാൻ താൽപര്യമില്ലെന്ന് തന്റേടത്തോടെ പറയാൻ ആർജവം കാണിക്കണമായിരുന്നു നിർമാതാവും സംവിധായകനുമെന്നാണ് ശാന്തിവിള ദിനേശ് തന്റെ ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്.
'കുഞ്ചാക്കോ ബോബൻ രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് സുവിൻ പറയുന്നത്. ഇൻകം ടാക്സുകാർ നടന് മേൽ ചുവന്ന വര ഇട്ടിട്ടുണ്ടാകും. ചിലപ്പോൾ കണക്കിൽ ഒരു കോടിയോ ഒന്നര കോടിയോ മാത്രമായിരിക്കും ഉൾപ്പെടുത്തിയിരിക്കുന്നത്.'
'ഇതൊക്കെ ഇൻകം ടാക്സിനും ഇഡിക്കുമൊക്കെ തെളിവായി. കുഞ്ചാക്കോ ബോബന്റെ ഭാര്യ നിർദേശിച്ച പ്രകാരം റോ ഫൂട്ടേജ് ഒരു പ്രമോഷൻ കൺസൾട്ടന്റിന് കാണാൻ കൊടുത്തത് നിർമാതാവും സംവിധായകനും ചെയ്ത വലിയൊരു തെറ്റാണ്.'

'കുഞ്ചാക്കോ ബോബന്റെ ഭാര്യ ആരാ ഈ സിനിമയിൽ..?. അത് കുഞ്ചാക്കോ ബോബനല്ലേ ഭാര്യ... നിങ്ങളുടെ സിനിമയുടെ റോ ഫൂട്ടേജ് കൺസൾട്ടിങ് കമ്പനിക്ക് കാണാൻ കൊടുക്കണമെന്ന് അവർ പറഞ്ഞാൽ ആ പണി നിർത്തി മാഡമെന്ന് പറയണ്ടേ..?. നീ നിന്റെ പണി നോക്കിയാൽ മതി.'
'നിങ്ങൾ ഭർത്താവിനും കുട്ടിക്കും സമയാസമയം നല്ല ആഹാരമൊക്കെ കൊടുത്ത് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന് പറയണ്ടായിരുന്നോ?. അല്ലെങ്കിൽ ബ്ലാക്ക് മണി വൈറ്റ് മണിയാക്കി കൊണ്ടുവരുമ്പോൾ അത് എന്ത് ചെയ്യണമെന്നതിനെ കുറിച്ച് നിങ്ങൾ ചർച്ച ചെയ്താൽ മതിയെന്നും സിനിമയുടെ റോ ഫൂട്ടേജ് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ ഇടപെടേണ്ടെന്നും പറയണമായിരുന്നു.'
'ദേശീയ അവാർഡ് ജേതാവായ സെന്ന ഹെഗ്ഡെ എന്ന സംവിധായകനും സുവിൻ വർക്കി എന്ന നിർമാതാവിനും അത് പറയാനുള്ള ചങ്കൂറ്റമുണ്ടായില്ലെന്നാണ് മനസിലാകുന്നതെന്നും', ശാന്തിവിള ദിനേശ് പറയുന്നു. പ്രമോഷന് പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ച സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും നടക്കുമ്പോഴും കുഞ്ചാക്കോ ബോബൻ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications