'മീരയോട് വന്ന് രക്ഷപ്പെടുത്താനാണ് പറഞ്ഞത്, അതുപോലെ ശോഭനയും പണ്ട് എന്നെ രക്ഷിച്ചിട്ടുണ്ട്'; സത്യൻ അന്തിക്കാട്!
സത്യൻ അന്തിക്കാട് സിനിമകൾ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഗ്രാമീണതയും കുടുംബ ബന്ധങ്ങളുടെ തീവ്രതയും ഏറ്റവും കൂടുതൽ മലയാളികൾ ആസ്വദിച്ചിട്ടുള്ളതും സത്യൻ അന്തിക്കാട് സിനിമകളിലൂടെയാകും.
മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് തൊണ്ണൂറുകളിൽ മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകരിൽ പ്രധാനി കൂടിയാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകളിലെ നായകന്മാർ മാത്രമല്ല നായികമാരും സിനിമ തീർന്നാലും പ്രേക്ഷകന്റെ മനസിൽ തങ്ങി നിൽക്കും.
നയൻതാര, അസിൻ, മീര ജാസ്മിൻ, ശോഭന തുടങ്ങിയ നായികമാർക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. ഇപ്പോഴിതാ അന്യ ഭാഷയിൽ നിന്നും നടിമാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ച ശേഷം താൻ നേരിട്ട പ്രശ്നങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. അടുത്തിടെ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് തന്റെ നായികമാരെ കുറിച്ച് സംസാരിച്ച്.

പലപ്പോഴും തന്റെ സങ്കട സാഹചര്യങ്ങളിൽ രക്ഷിച്ചിട്ടുള്ളത് മീര ജാസ്മിനും ശോഭനയുമാണെന്നും അഭിമുഖത്തിൽ സംസാരിക്കവെ സത്യൻ അന്തിക്കാട് പറഞ്ഞു. പുതുമുഖ നടിമാരെ തന്റെ സിനിമയുടെ ഭാഗമാകുമ്പോൾ അവർക്കായി മാത്രം ചെയ്യാറുള്ള ചില കാര്യങ്ങളും സംവിധായകൻ വെളിപ്പെടുത്തി.
സത്യൻ അന്തിക്കാട് സിനിമയിലൂടെ കരിയർ ആരംഭിച്ച് തലവര മാറിയവരിൽ മുന്നിൽ നിൽക്കുന്നവരാണ് നയൻതാരയും അസിനും. സൗഹൃദം പല സമയങ്ങളിലും ഗുണം ചെയ്തിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. 'വിനോദയാത്ര ഞാൻ ആദ്യം മറ്റൊരു നായികയെ വെച്ച് പ്ലാൻ ചെയ്ത സിനിമയായിരുന്നു.'
'രണ്ട് ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മദ്രാസിൽ നിന്നും വന്ന ഒരു തമിഴ് പെൺകുട്ടിയായിരുന്നു. എനിക്ക് ഉള്ളിൽ ചില സമയത്ത് അഹങ്കാരം വരും. നയൻതാര തീരെ അഭിനയിച്ച് പരിചയമില്ലാത്ത കുട്ടിയായിരുന്നു. അഞ്ച്, എട്ട് ദിവസം ഷൂട്ടിങ് കാണാൻ വേണ്ടി അവരെ സെറ്റിലേക്ക് വിളിപ്പിക്കുമായിരുന്നു.'
'ഇപ്പോൾ അവർ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി മാറി. അതുപോലെ തന്നെ സംയുക്ത വർമ ഒറ്റ സിനിമ കൊണ്ട് സ്റ്റേറ്റ് അവാർഡും കൈ നിറച്ച് സിനിമകളും പിന്നീട് അങ്ങോട്ട് നേടി. അസിനും അതുപോലെയാണ്. ഒരു വിധം പടത്തിന് പറ്റുന്ന ആളാണെന്ന് തോന്നിയാൽ അഭിനയിപ്പിക്കാൻ പറ്റുമെന്ന അഹങ്കാരം എനിക്കുണ്ടായിരുന്നു.'

'അതൊരു അഹങ്കാരമാണ് വിനോദയാത്രയിൽ അഭിനയിക്കാൻ തമിഴ്നാട്ടിൽ നിന്നും നായികയെ കൊണ്ടുവന്നശേഷം എനിക്ക് ബോധ്യപ്പെട്ടു. സെലക്ട് ചെയ്തശേഷം സെറ്റിലേക്ക് കൊണ്ടുവരും. ഷൂട്ടിങ് കണ്ട് പഠിക്കാൻ വേണ്ടിയാണ് കൊണ്ടുവരുന്നത്. മാത്രമല്ല യൂണിറ്റിലെ ആളുകളുമായി ഇവർക്ക് ഒരു അടുപ്പം ഉണ്ടാക്കിയെടുക്കുകയും വേണം.'
'മറ്റുള്ളവർ അഭിനയിക്കുന്നത് ഇവർ കണ്ട് പഠിക്കാനും കൂടി വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. നയൻതാരയും സംയുക്തയും എട്ട്, പത്ത് ദിവസത്തോളം സെറ്റിൽ വന്ന് ഷൂട്ടിങ് കണ്ട് പഠിച്ചു. പക്ഷെ വിനോദയാത്രയിലേക്ക് സെലക്ട് ചെയ്ത കുട്ടി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞു ബോറടിക്കുന്നുവെന്ന്.'
'അങ്ങനെ അവരെ വെച്ച് ഷൂട്ട് തുടങ്ങി. പക്ഷെ ഒന്നും ശരിയായില്ല. അവസാനം ആ പെൺകുട്ടിയെ മാറ്റി മീര ജാസ്മിനെ കൊണ്ടുവന്നു. അന്ന് തിരക്കുള്ള നടിയാണ് മീര. ഒന്ന് വന്ന് രക്ഷപ്പെടുത്താനാണ് പറഞ്ഞത്. മീരയെപ്പോലെ പണ്ട് ശോഭനയും എന്നെ രക്ഷിച്ചിട്ടുണ്ട്. ഗോളാന്തര വാർത്ത സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു അതെന്നും', അനുഭവങ്ങൾ പങ്കിട്ട് സത്യൻ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications











