'ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി ശ്രീനിവാസന് പണ്ടേയുണ്ട്, പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്'; സത്യൻ അന്തിക്കാട്!
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനേതാവിനേക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണെന്ന് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതം കൊണ്ട് ശ്രീനിവാസൻ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ച് വരവിന്റെ വക്കിലാണ് ശ്രീനിവാസൻ ഇപ്പോൾ.
ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിലേക്കും തിരിച്ചുവരികയാണ്. ശ്രീനിവാസന്റെ വളരെ വർഷങ്ങളായുള്ള ചങ്ങാതിയാണ് സത്യൻ അന്തിക്കാട്. ഇരുവരും ഒരുമിച്ച് ചെയ്ത ഒട്ടുമിക്ക സിനിമകൾക്കും ഇപ്പോഴും ആരാധകരുണ്ട്.
ഏത് കാലത്തും പ്രസക്തമാണ് ഇവരുടെ സിനിമകൾ സംസാരിച്ചിരിക്കുന്ന വിഷയങ്ങൾ. സിനിമാപ്രേമികളുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാം മണ്ണിന്റെ മണമുള്ള സിനിമകളാണ്. ഗ്ലാമർ എന്നതിലുപരിയായി അഭിനയിക്കാനുള്ള കഴിവിന് മുൻതൂക്കം കൊടുത്തിരുന്ന സിനിമാപ്രവർത്തകൻ കൂടിയാണ് ശ്രീനിവാസൻ.
അതുകൊണ്ട് തന്നെയാവണം അദ്ദേഹം എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങൾക്കെല്ലാം ഒരു ഗ്രാമീണതയും നിഷ്കളങ്കതയിൽ നിന്നുള്ള സൗന്ദര്യവും വന്നത്. ഇന്നത്തെ കാലത്ത് ശ്രീനിവാസൻ സിനിമകളിലെ നായകന്മരെ കാണാൻ സാധിക്കില്ല. ഗ്ലാമറിനോട് പണ്ട് മുതൽ വൈരാഗ്യബുദ്ധിയുള്ള ആളായിരുന്നു ശ്രീനിവാസനെന്ന് പറയുകയാണ് ഇപ്പോൾ സത്യൻ അന്തിക്കാട്.

അത് വെളിവാക്കുന്ന ഒരു സംഭവവും മാതൃഭൂമിയിൽ എഴുതിയ കുറിപ്പിൽ സത്യൻ അന്തിക്കാട് വിവരിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ഒറ്റ നിർബന്ധം കാരണം ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ അഭിനയിക്കാൻ നടൻ മാമുക്കോയയെ സൗന്ദര്യം നോക്കാതെ കാസ്റ്റ് ചെയ്തതിനെ കുറിച്ചാണ് സത്യൻ അന്തിക്കാട് പറയുന്നത്.
നാടകത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് മാമുക്കോയ മലയാള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് സിനിമയെ കുറിച്ചുള്ള ആലോചന തുടങ്ങിയപ്പോൾ തന്നെ പുതിയ കുറച്ച് നടന്മാരെ സിനിമയുടെ ഭാഗമാക്കണമെന്നത് ശ്രീനിവാസന്റെ ആഗ്രഹമായിരുന്നുവെന്നും അങ്ങനെയാണ് മാമുക്കോയ തന്നെ കാണാൻ വന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു.
തുടക്കത്തിൽ മാമുക്കോയയുടെ രൂപം മാത്രം കണ്ട് താൻ വിലയിരുത്തുകയും പുച്ഛിക്കുകയും ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. ദൂരെ ദൂരെ കൂട് കൂട്ടാം സിനിമ ചെയ്തശേഷമാണ് സത്യൻ അന്തിക്കാട് സിനിമയിൽ അഭിനയിക്കാൻ മാമുക്കോയ എത്തിയത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകളിലേക്ക്... 'ശ്രീനിവാസന്റെ നിർദേശപ്രകാരം മെലിഞ്ഞ് കൊള്ളിക്കഷണം പോലെയുള്ള ഒരു മനുഷ്യൻ എന്നെ തേടി വന്നു. പല്ലുകൾ യാതൊരു അപകർഷതയുമില്ലാതെ പുറത്ത് എഴുന്നുനിൽക്കുന്നു. മുഖത്തിന്റെ ഫ്രെയിമിന് പുറത്തേക്കുള്ള ആ പല്ലുകൾ കണ്ടപ്പോൾത്തന്നെ ഞാൻ നിരാശനായി.'
'ശ്രീനിവാസൻ എന്റെ ശത്രുവാണോയെന്ന് പോലും ഒരു നിമിഷം ഞാൻ സംശയിച്ചു. ഒരു യഥാർഥ സുഹൃത്ത് പല്ലുകൾ മുക്കാലും പുറത്തേക്ക് ഉന്തിനിൽക്കുന്ന ഇങ്ങനെയൊരു മനുഷ്യനെ അഭിനയിക്കാൻ ഒരു അവസരം കൊടുക്കൂവെന്ന് പറഞ്ഞ് അയയ്ക്കുമോ?.'

'മാമു തൊണ്ടിക്കോട് എന്നാണ് അന്ന് സ്വയം പരിചയപ്പെടുത്തി മാമുക്കോയ പറഞ്ഞത്. ശ്രീനിവാസൻ പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞു. ഞാൻ നിങ്ങളുടെ സിനിമയിൽ അഭിനയിക്കണോ...? എന്ന മാമു തൊണ്ടിക്കോടിന്റെ കൂസലില്ലാത്ത ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളിലൊരു നീരസം ഉരുണ്ടുകയറാൻ തുടങ്ങി. സിനിമയിൽ അഭിനയിക്കാൻ പറ്റിയ കോലം... എന്ന തോന്നലും ഒരുതരം പരിഹാസച്ചിരിയും എന്റെയുള്ളിൽ വട്ടംകറങ്ങുന്നുണ്ടായിരുന്നു.'
'പെട്ടെന്നൊരു മറുപടി പറയാനാവാതെ ഞാൻ നിന്നു. ശീനിവാസൻ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേയുണ്ട്. തനിക്ക് കിട്ടുന്ന ഓരോ സന്ദർഭങ്ങളിലും അത് തെളിയിക്കുകയും ചെയ്യും.'
'ശ്രീനിവാസൻ വന്നിട്ട് പറയാമെന്ന് പറഞ്ഞ് ഞാൻ മാമുക്കോയയെ പറഞ്ഞയച്ചു. മാമു തൊണ്ടിക്കോട് വന്ന കാര്യം ശ്രീനിവാസനോട് ഞാൻ പറഞ്ഞു. ഉടൻ ശ്രീനി പറഞ്ഞ മറുപടി ഇതാണ്... നിങ്ങൾ സംവിധായകർ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചുനോക്കൂ. അഭിനയം നന്നല്ലെങ്കിൽ പറഞ്ഞ് വിടാം.'
'ഒരു സംവിധായകൻ എന്ന നിലയിൽ താങ്കൾക്ക് അതിന് ആരുടേയും അനുവാദം ആവശ്യമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള താങ്കളുടെ വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല. ശ്രീനിയുടെ ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി മൂർച്ചയോടെ പുറത്തുവരുന്നുണ്ടായിരുന്നു.'
'മാമു തൊണ്ടിക്കോടിന് ഒരു അവസരം ഒപ്പിച്ചെടുക്കാൻ വേണ്ടി മാത്രമല്ല ശ്രീനിവാസൻ ഇതൊക്കെ പറഞ്ഞത്. സിനിമയെക്കുറിച്ച് ചില രാഷ്ട്രീയ വിശ്വാസങ്ങൾ ശ്രീനിവാസനുണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും' സത്യൻ അന്തിക്കാട് പറയുന്നു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ അഭിനയിച്ചത്. ശ്രീനിവാസനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











