രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട് . മലയാളികളുടെ പൾസ് അറിയാവുന്ന സംവിധായകനാണ് അദ്ദേഹം. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇതു തന്നെ സത്യൻ അന്തിക്കാടിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാക്കുന്നതും. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ സംവിധായകൻ ഒരു രസകരമായ പൂരാനുഭവം വെളിപ്പെടുത്തുകയാണ്. മാത്യഭൂമി ഡോട് കോമിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ് എന്ന സിനിമയുടെ തിരക്കഥാജോലികളുമായി എലൈറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ രാത്രി ഞാനും ശ്രീനിവാസനും നടക്കാനിറങ്ങുക തേക്കിൻകാട് മൈതാനത്തിലേയ്ക്കാണ്. ഇരുട്ടിന്റെ മറപറ്റിയുള്ള അത്തരമൊരു നടത്തത്തിനിടയിൽ സരസനായ ഒരു തൃശ്ശൂർക്കാരൻ ശ്രീനിയെ തിരിച്ചറിഞ്ഞതും നിർദോഷമായ ഒരു കമന്റടിച്ചതും നടവഴിയിൽ വെച്ചാണ്.''എന്താ ശ്രീനിയേട്ടാ, പട്ടി പൂരം കാണാൻ പോയതുപോലെ?'' ''നിങ്ങളെങ്ങനെയാ പൂരം കാണുക എന്ന് എനിക്കറിയില്ലല്ലോ'' ''ഹൗ! വെടിക്കെട്ടുപോലെയാണല്ലോ ശ്രീനിയേട്ടന്റെ മറുപടി''-എന്നു പറഞ്ഞ് അയാളും ഞങ്ങളും പൊട്ടിച്ചിരിച്ചു, തൃശൂർക്കരുടെ തമാശയിൽ പോലും പൂരവും വെടിക്കെട്ടുമാണ്.
മറ്റൊരു പൂരാനുഭവവും സംവിധായകൻ പങ്കുവെച്ചിരുന്നു. ജയറാം നായകനായ എന്റെയൊരു പടത്തിന്റെ ചിത്രീകരണം കോഴിക്കോട് ഒരു വീട്ടിൽ നടക്കുകയായിരുന്നു. ജയറാമും ഒരു പൂരകമ്പക്കരനാണ്.അത്യാവശ്യം ചെണ്ടവാദ്യവും അറിയാം.ഉച്ചകഴിഞ്ഞ് ചിത്രീകരിക്കാനുള്ള സീൻ ക്യാമറാമാൻ വിപിൻ മോഹനോട് വിശദീകരിച്ചുകൊണ്ടിരിക്കവേ ജയറാം രഹസ്യമായി എന്റെ ചെവിയിൽ പറഞ്ഞു-''ഇലഞ്ഞിത്തറമേളം തുടങ്ങാറായി. ഇവിടെ അകത്തൊരു ടിവിയുണ്ട് ലൈവായി കാണാം.
ജയറാമിന്റെ പ്രലോഭനത്തിൽ ഞാൻ വീണുപോയി. ഈ കാരണം പറഞ്ഞ് ഷൂട്ടിങ് നിർത്താനും വയ്യ.ഒരു സൂത്രം പ്രയോഗിച്ചു. ലൈറ്റപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു ഷോട്ടങ്ങ് പ്ളാൻ ചെയ്തു. ചിത്രത്തിൽ ട്രോളിയും ക്രെയിനുമെല്ലാം ഉപയോഗിക്കേണ്ടിവരുന്ന ഷോട്ട്. വിപിൻ മോഹൻ പറഞ്ഞു - സമയം എടുക്കും. ഒന്നരമണിക്കൂറെങ്കിലും വേണം ലൈറ്റപ്പ് ചെയ്യാൻ.'' ''ഒന്നരയല്ല, രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല. ഷോട്ട് നന്നായിരിക്കണം.''ആ ജോലി വിപിനെ ഏല്പിച്ച് ഞാനും ജയറാമും കുറെ നേരം ഇലഞ്ഞിത്തറമേളം ആസ്വദിച്ചു- സത്യൻ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications