'നടനോട് കഥ പറയുകയെന്നതാണ് നേരിടുന്ന പ്രധാന പ്രശ്നം, മമ്മൂക്കയൊന്നും സ്ക്രിപ്റ്റ് കേട്ടിട്ടല്ല ചെയ്യുന്നത്'
മലയാള സിനിമയിലെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചി. സച്ചിക്കൊപ്പം തിരക്കഥയെഴുത്തിൽ സഹായിച്ച് സിനിമയിലേക്ക് എത്തി പിന്നീട് നിരവധി സിനിമകൾ മലയാളികൾക്ക് നൽകിയ സംവിധായകനും തിരക്കഥാകൃത്തുമാണ് സേതു. ഹൈക്കോടതിയിൽ അഭിഭാഷകരായിരുന്ന സച്ചിദാനന്ദനും സേതുവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ വക്കീൽ ജോലി വിട്ട് സിനിമാ മേഖലയിലെത്തുകയായിരുന്നു. 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റിലൂടെയാണ് സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി.
തുടർന്ന് സച്ചി-സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടം പിടിച്ചു. റോബിൻ ഹുഡ്, മേക്ക് അപ് മാൻ, സീനിയേഴ്സ് തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഇരുവരും മലയാളികള്‍ക്ക് സമ്മാനിച്ചു. സിനിമ സങ്കൽപങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് ആ കൂട്ടുക്കെട്ട് പിരിയുകയായിരുന്നു.

പിന്നീട് ഒരു കുട്ടനാടൻ ബ്ലോഗ് പോലുള്ള സിനിമകൾ സേതു തനിയെ എഴുതി സംവിധാനം ചെയ്തു. ഇപ്പോഴിതാ മലയാളത്തിലെ പുതിയ താരങ്ങളെ കുറിച്ചും തിരക്കഥാകൃത്തുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ചും സേതു മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടന്റെ അടുത്ത് കഥ പറയുക എന്നതാണ് തിരക്കഥാകൃത്തുക്കൾ നേരിടുന്ന പ്രധാന പ്രശ്നമെന്നാണ് സേതു പറയുന്നത്.
ചോക്ലേറ്റിന്റെ കഥ പറയും മുമ്പ് സംവിധായകർ ഒന്നും ഇല്ലാതെ ഞാനും സച്ചിയും രാജുവിന്റെ അടുത്ത് പോയി കഥ പറഞ്ഞിട്ടുണ്ട്. അന്ന് ഡയറക്ട് ചെയ്യാൻ വേണ്ടിയാണ് പോയി പറഞ്ഞത്. അന്ന് ഞങ്ങൾ വക്കീലന്മാരാണ്. സിബി സാറിന്റെ അടുത്തും ലാൽ ജോസിന്റെ അടുത്തും കഥകൾ പറഞ്ഞിട്ട് ഒന്നും വർക്കൗട്ടാകാതെ വന്നപ്പോൾ റോബിൻ ഹുഡിന്റെ ഒരു എലമെന്റ് കിട്ടി.
അത് ഫുൾ സ്ക്രിപ്റ്റാക്കി കഴിഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു ഇനി ഒരു സംവിധായകന്റെ അടുത്ത് പോയിയും കഥ പറയേണ്ടെന്ന്. അത് ഒട്ടും മെച്വേഡ് അല്ലാത്ത ഒരു ചിന്ത തന്നെയായിരുന്നു. അത് ഇപ്പോഴാണ് മനസിലാകുന്നത്. അന്ന് എല്ലാവരും പറയുന്നത് കേട്ടപ്പോൾ രണ്ട്, രണ്ടര കോടി രൂപയുണ്ടെങ്കിൽ സിനിമ എടുക്കാമെന്ന ധാരണയായിരുന്നു. അന്ന് സിനിമ നിർമ്മിക്കാൻ കപ്പാസിറ്റിയുള്ള ഫ്രണ്ട്സുമുണ്ടായിരുന്നു.
അവർ കൂടി സപ്പോർട്ട് ചെയ്തപ്പോഴാണ് നമുക്ക് സ്വയം സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ച് രാജുവിനോട് റോബിൻഹുഡിന്റെ കഥ പറയാൻ പോയത്. ആദ്യം തിരക്കായതുകൊണ്ട് ത്രെഡ് മാത്രം രാജു കേട്ടു. ശേഷം അത് ഇഷ്ടപ്പെട്ടതിനാൽ കഥ മുഴുവൻ കേട്ടു. ശേഷം ഇത് നിങ്ങൾ സംവിധാനം ചെയ്യേണ്ട മറ്റ് ആരെയെങ്കിലും വെച്ച് സംവിധാനം ചെയ്യാമെന്ന് രാജു ഞങ്ങളോട് പറഞ്ഞു.

അന്ന് ഞങ്ങൾ സമ്മതിച്ചില്ല. ശേഷം ഒരു വർഷം കഴിഞ്ഞാണ് ചോക്ലേറ്റിന്റെ കഥ പറയാൻ വീണ്ടും രാജുവിന്റെ അടുത്ത് പോയത്. പിന്നെ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമെന്ന് പറയുന്നത് ഒരു നടന്റെ അടുത്ത് ചെന്ന് കഥ പറയുക എന്നതാണ്. മുമ്പൊക്കെ നടന്മാരുടെ അടുത്ത് എത്താൻ എളുപ്പമായിരുന്നു. അവർ കഥ കേൾക്കാനും തയ്യാറായിരുന്നു. ഫുൾ സ്ക്രിപ്റ്റൊന്നും ആവശ്യമായിരുന്നില്ല.
ഇന്ന് എന്റെ കയ്യിൽ ഒരു സ്ക്രീൻപ്ലെയുണ്ടെങ്കിൽ അതിലെ എലമെന്റ് നടന്മാരോട് പോയി പറഞ്ഞാൽ സിനിമയാക്കാൻ പറ്റില്ല. ഇപ്പോൾ ആർട്ടിസ്റ്റിനെ ഫുള്ളായി കൺവിൻസ് ചെയ്യിക്കണം. മാത്രമല്ല ആർട്ടിസ്റ്റിന് ഇപ്പോൾ ഫുൾ സ്ക്രിപ്റ്റ് കേൾക്കണം. അത് നല്ലതാണോയെന്ന് ചോദിച്ചാൽ നല്ലതാണ്. മുമ്പ് മമ്മൂക്കയൊന്നും ഫുൾ സ്ക്രിപ്റ്റ് കേട്ടിട്ടില്ല സിനിമ ചെയ്തിരുന്നത്. എന്നിട്ടും അവർ ചെയ്യുന്നതിൽ പത്തിൽ ഏഴും ഹിറ്റല്ലേ?.
ഇതൊരു മികച്ച സിനിമയാകും ഇതിൽ നല്ലൊരു കഥാപാത്രമുണ്ട് എന്ന തോന്നൽ വരാൻ മമ്മൂക്കയ്ക്കൊന്നും ചെറിയ ഒരു വിശദീകരണം മതിയായിരുന്നു. ഇന്നത്തെ നടന്മാർക്ക് അത് പോരാ. അത് അവരുടെ കുറവാണ്. ലോഹിസാർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിനും ഈ പ്രശ്നം നേരിടേണ്ടി വന്നേനെ. ഫുൾ സ്ക്രിപ്റ്റ് എഴുതി കേൾപ്പിക്കേണ്ടി വരുമായിരുന്നു. ചോക്ലേറ്റിന്റെ സ്ക്രിപ്റ്റ് രാജു കേട്ടത് ഷൂട്ടിങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണെന്നും സേതു പറഞ്ഞു.


Click it and Unblock the Notifications











