കല്യാണരാമന് ശേഷം ചെയ്യാന്‍ തീരുമാനിച്ചത് ആ ചിത്രം! നടക്കാതെ പോയതിന് കാരണം പറഞ്ഞ് ഷാഫി
എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ഷാഫി. പുലിവാല്‍ കല്യാണം, കല്യാണരാമന്‍ പോലുളള സിനിമകളിലൂടെയാണ് ഷാഫി മോളിവുഡിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെയെല്ലാം വെച്ച് ഷാഫി വിജയ സിനിമകള്‍ ചെയ്തിരുന്നു. മമ്മൂട്ടി, ദിലീപ്, ജയറാം, ജയസൂര്യ തുടങ്ങിയവരെല്ലാം ഷാഫിയുടെ സംവിധാനത്തില്‍ നായകന്മാരായിരുന്നു.

ജയറാമിനെ നായകനാക്കി വണ്‍മാന്‍ ഷോ എന്ന ചിത്രമൊരുക്കിയാണ് ഷാഫി മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടൂ കണ്‍ട്രീസ് തുടങ്ങിയ വിജയ സിനിമകളെല്ലാം ഷാഫിയുടെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. അതേസമയം മലയാളത്തില്‍ എന്തുകൊണ്ട് കൊമേര്‍ഷ്യല്‍ സിനിമകള്‍ മാത്രം ചെയ്യുന്നു എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.
കല്യാണരാമന്‍ കഴിഞ്ഞ് താന്‍ വളരെ സീരിയസായ ഒരു സിനിമയാണ് പ്ലാന്‍ ചെയ്തിരുന്നതെന്നു എന്നാല്‍ അത് നടക്കാതെ പോയെന്നും ഒരു അഭിമുഖത്തില്‍ ഷാഫി പറഞ്ഞ. കല്യാണ രാമന്‍ എന്ന സിനിമ കഴിഞ്ഞു സീരിയസായിട്ട് ഒരു ചിത്രം ചെയ്യാന്‍ ഒത്തിരി ശ്രമിച്ചതാണ്. കല്യാണരാമന്‍ എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. അതിന് ഒരുപാട് നിര്‍മ്മാതാക്കള്‍ വന്നു. കല്യാണ രാമന്‍ നല്ല ഹിറ്റായത് കൊണ്ടാണ് കുറെയധികം നിര്‍മ്മാതാക്കള്‍ വീണ്ടും വന്നത്. പക്ഷെ ഇവര്‍ക്കൊക്കെ എന്നില്‍ നിന്ന് ആവശ്യം അത്തരമൊരു സിനിമയാണ്.
ഞാന്‍ എന്റെ മനസ്സിലെ ഒരു സീരിയസായ കഥ പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് അതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആളുകള്‍ ഉണ്ട് താന്‍ കല്യാണരാമന്‍ പോലെയുളള സിനിമകള്‍ പറഞ്ഞാല്‍ മതിയെന്നാണ്. ഷാഫി അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദ്ദീന്‍, ധ്രുവന്‍ തുടങ്ങിയവര്‍ നായകന്മാരായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് ഷാഫി തന്റെ കരിയറില്‍ കൂടുതലായി ചെയ്തത്. ഇവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളെ നായകരാക്കിയും നിരവധി സിനിമകള്‍ ഷാഫി സംവിധാനം ചെയ്തിരുന്നു.


Click it and Unblock the Notifications











