മമ്മൂക്ക കുറച്ച് ചൂസിയായി, ഞാനൊരു ആർട്ടിസ്റ്റല്ലേ, ദി കിംഗ് രണ്ടാം ഭാഗം വരുമോ? ഷാജി കൈലാസ് പറയുന്നു
സിനിമാ പ്രേമികൾക്ക് ഷാജി കൈലാസ് എന്ന പേര് കേൾക്കുമ്പോൾ ഒരു ആവേശമാണ്. പലരും സംവിധായകന്റെ പേര് നോക്കി സിനിമക്ക് പോകാൻ ധൈര്യപ്പെട്ടത് ഷാജി കൈലാസെന്ന പേര് കൂടി കേൾക്കുമ്പോഴാണ്. മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുക്കി സൂപ്പർ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങൾക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്.
വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഒരു സിനിമയുടെ തുടർച്ച വരുമ്പോൾ നേട്ടങ്ങൾ പലതാണ്. ആദ്യ ഭാഗം കണ്ട പ്രേക്ഷകർ ഇതും കാണുമെന്ന് പ്രതീക്ഷിക്കാം. പ്രേക്ഷകർക്ക് പരിചിതരായി കഴിഞ്ഞ കഥാപാത്രങ്ങളെ വീണ്ടും പരിചയപ്പെടുത്തുകയും വേണ്ട. മലയാളത്തിലെ എത്രയോ സിനിമകളാണ് രണ്ടും മൂന്നും ഭാഗങ്ങളായി വന്ന് ജനമനസുകളിൽ ഇടം പിടിച്ചത്.
ഷാജി കൈലാസും സമാനമായ ചോദ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ട്. 1995 ൽ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റായ ദി കിംഗിൻ്റെ രണ്ടാം ഭാഗം വരുമോ എന്നാണ് സിനിമാപ്രേമികൾക്ക് അറിയേണ്ടത്. ഇതിനെക്കുറിച്ച് ഷാജി കൈലാസിനോട് ചോദിക്കുമ്പോൾ കിംഗിന്റെ രണ്ടാം ഭാഗം സംഭവിക്കുമോയെന്ന് തനിക്ക് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലണ് ദി കിംഗിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഷാജി കൈലാസ് പറഞ്ഞത്.

'മമ്മൂട്ടിയെ കൊണ്ടു നിർത്തിയാൽ തന്നെ ഒരു ഉത്സവത്തിൻ്റെ പ്രതീതിയാണ്. ഭയങ്കര ജെന്റിൽ ആൻഡ് മാൻലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാൽ തന്നെ നമുക്കൊരു ഫീൽ കിട്ടും. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് 'പാവം പൂർണിമ' എന്ന സിനിമ ചെയ്യുന്ന സമയത്താണ്. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ജില്ലാ കോടതിയിൽ വെച്ചാണ് 'ആ രാത്രി' എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നത്.
'അന്ന് മമ്മൂക്ക സ്‌റ്റൈലായിട്ട് വന്ന് ഇറങ്ങുന്നതൊക്കെ കണ്ട് നിന്നിരുന്നു. പിന്നീട് സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് പരിചയപ്പെടുകയും നല്ല ബന്ധം സൃഷ്ടിക്കാനും കഴിഞ്ഞത്', ഷാജി കൈലാസ് പറയുന്നു.
'ചിലപ്പോഴൊക്കെ മമ്മൂക്ക വഴക്ക് ഉണ്ടാക്കും. അത് സ്‌നേഹത്തോടെയുള്ള വഴക്കായിരിക്കും. വഴക്കുണ്ടാക്കിയാൽ അടുപ്പം കൂടും, അങ്ങനെയാണ്. പിന്നെ എവിടെവെച്ച് കണ്ടാലും അദ്ദേഹം വന്ന് സംസാരിക്കും. ഈയിടക്ക് കണ്ടപ്പോഴും പറഞ്ഞു, ഷാജിയൊക്കെ കെട്ടി വലിയ കുട്ടികളായല്ലേ എന്ന്'.
മമ്മൂക്ക ഇപ്പോൾ കുറച്ച് ചൂസിയായി എന്ന് തോന്നുന്നു. ഇപ്പോൾ ചെയ്യുന്ന സിനിമകളൊക്കെ വെറൈറ്റിയാണ്. 'ഭീഷ്മ പർവം' പോലെയുള്ള സിനിമകൾ വേണമെന്ന് അദ്ദേഹത്തോട് അവസാനം കണ്ടപ്പോൾ ഞാൻ പറഞ്ഞു. എന്നും അത് ചെയ്‌തോണ്ടിരുന്നാൽ മതിയോ, പല തരത്തിലുള്ള പടങ്ങൾ ചെയ്യണ്ടേ, ഞാനൊരു ആർട്ടിസ്റ്റല്ലേ എന്നാണ് അദ്ദേഹം തിരിച്ച് പറഞ്ഞത്.

അതൊക്കെ ശരിയാണ്. പക്ഷെ ഞങ്ങൾക്ക് ഇഷ്ടം അങ്ങനത്തെ സിനിമകളാണെന്ന് പറഞ്ഞു. അദ്ദേഹം അത് സ്റ്റൈലായിട്ട് ചെയ്തതുകൊണ്ടാണ് ഞാൻ 'ഭീഷ്മ പർവ്വം' കാണാൻ പോകുന്നത്, ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
'ദി കിംഗ്' രണ്ടാം ഭാഗം വരുമോയെന്ന് എനിക്കറിയില്ല. അതൊക്കെ ഉണ്ടെങ്കിലല്ലേ പറയാൻ പറ്റൂ. ഒന്നാമത് നല്ല എഴുത്തുകാരെ കിട്ടണം. എനിക്ക് എഴുതാൻ അറിയില്ല,' ഷാജി കൈലാസ് വ്യക്തമാക്കി.


Click it and Unblock the Notifications