രാവിലെ റിമ സെറ്റിലില്ല, എന്റെ കരിയറിൽ ആദ്യത്തെ അനുഭവം; റിമ കല്ലിങ്കലിനെതിരെ രംഗത്ത് വന്ന സിബി മലയിൽ
മലയാള സിനിമാ രംഗത്തെ പ്രശ്നങ്ങൾക്കെതിരെ തുറന്ന് സംസാരിക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. സിനിമാ രംഗത്ത് നടിമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും റിമ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഡബ്ല്യുസിസി സംഘടനയുടെ സജീവ പ്രവർത്തകയായ റിമയ്ക്ക് ഇത്തരം നിലപാടുകളുടെ പേരിൽ ഒട്ടേറെ അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത് തുടങ്ങിയ നടിമാരെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് വരുന്നുണ്ട്.
അതേസമയം റിമ കല്ലിങ്കലിനെ ലക്ഷ്യം വെച്ച് ചില വിവാദ വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചു. തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. റിമ വീട്ടിൽ ലഹരി പാർട്ടി നടത്തുന്നുണ്ട് എന്നായിരുന്നു ആരോപണം. ആരോപണം നിഷേധിച്ച് റിമ രംഗത്തെത്തി. സുചിത്രയ്ക്കെതിരെ പരാതിയും നൽകി. നേരത്തെ പല പ്രമുഖ തമിഴ് താരങ്ങൾക്കെതിരെയും സുചിത്ര അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ റിമ കല്ലിങ്കലിനെതിരെ സംവിധായകൻ സിബി മലയിൽ ഉന്നയിച്ച ആരോപണമാണിപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുന്നത്. 2011 ൽ ഉന്നം എന്ന സിനിമയുടെ സെറ്റിൽ നിന്നും റിമ അനുവാദമില്ലാതെ പോയതിനെതിരെയാണ് സിബി മലയിൽ രംഗത്ത് വന്നത്.
അവരുടെ തലയിൽ കൂടെയാണ് സിനിമ ഓടുന്നതെന്ന് ചിന്തിക്കുന്ന ചിലർ പുതിയ ജനറേഷനിലുണ്ട്. എന്റെ കരിയറിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ആർട്ടിസ്റ്റ് നമ്മൾ അറിയാതെ നമ്മുടെ ലൊക്കേഷനിൽ നിന്നും പോകുക. രാവിലെ വിളിക്കാൻ ചെല്ലുമ്പോൾ ആളില്ല. എന്നെ സംബന്ധിച്ച് ആദ്യമായാണ് ഈ അനുഭവം. സിനിമ എന്ന പ്രൊഫഷൻ അവർക്ക് കൊടുക്കുന്ന ഗ്ലാമറും അംഗീകാരങ്ങളും അവർക്ക് മറ്റ് രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.

ചില ഉദ്ഘാടനങ്ങൾക്ക് വിളിക്കപ്പെടുന്നതുൾപ്പെടെ. സിനിമയുള്ളത് കൊണ്ടാണ് ഇത്തരം ചടങ്ങുകൾക്ക് വിളിക്കുന്നതെന്ന് താൻ ഇവരെ ഉപദേശിച്ചിട്ടുണ്ടെന്നും സിബി മലയിൽ അന്ന് വ്യക്തമാക്കി. പുതിയ തമലമുറയിലെ ആൾക്കാരുമായി വർക്ക് ചെയ്യുമ്പോൾ അവരോട് പറയാറുണ്ട്. ഞാൻ സിനിമയിലേക്ക് വരുന്ന കാലത്ത് പ്രേം നസീറിനെ പോലെയുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. അവരൊക്കെ അന്ന് സംവിധായകനോട് കാണിക്കുന്ന ബഹുമാനമുണ്ട്.
ബഹുമാനമെന്നത് ഞാനെന്ന വ്യക്തിയോടുള്ള ബഹുമാനമല്ല. ഒരു ലൊക്കേഷനിൽ പൂർണ ഉത്തരവാദിത്തം ഉള്ള ആളെന്ന നിലയിലുള്ള ബഹുമാനമാണ്. തിക്കുറിശ്ശി സർ ഷൂട്ടിംഗ് കഴിഞ്ഞാൽ നമ്മളോട് വന്ന് സർ, ഞാൻ മേക്കപ്പ് അഴിച്ചോട്ടെ എന്ന് ചോദിക്കും. അദ്ദേഹത്തെ പോലെ വലിയ വ്യക്തി പുതുതലമുറയിലെ ചെറിയ സംവിധായകനടുത്ത് വന്ന് സർ എന്ന് വിളിച്ച് മേക്കപ്പ് അഴിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്.
അന്നത്തെ തലമുറയിലെ എല്ലാവരും അങ്ങനെ തന്നെയായിരുന്നു. പക്ഷെ പിന്നീട് വന്ന തലമുറയിലുള്ളവർ അത്തരം മര്യാദകളൊന്നും പുലർത്തുന്നവരല്ല. അതേസമയം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള നടൻമാർ വളരെ പ്രൊഫഷണലാണെന്നും സിബി മലയിൽ പറഞ്ഞു.


Click it and Unblock the Notifications











