ഗള്‍ഫ് പരിപാടിയില്‍ നിന്ന് ശ്രീരാമനെ മമ്മൂട്ടി തന്നെ വെട്ടി; അന്ന് നടന്നതിനെ കുറിച്ച് സംവിധായകന്‍ സിദ്ദിഖ്
സിനിമാ ജീവിതത്തിലുണ്ടായ രസകരമായ കഥകള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. ഹിറ്റ്‌ലര്‍ സിനിമയുടെ ലൊക്കേഷനിലുണ്ടായ സംഭവങ്ങളെ പറ്റിയാണ് സഫാരി ചാനലിന് നല്‍കിയ പരിപാടിയിലൂടെ സിദ്ദിഖ് പറഞ്ഞത്. ഇത് മാത്രമല്ല മമ്മൂട്ടി കാരണം നടന്‍ ശ്രീരാമന് ഗള്‍ഫിലേക്ക് പോവാനുള്ള അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും സിദ്ദിഖ് പറഞ്ഞു.
ഒരു മ്യൂസിക് നല്ലതാണോ അല്ലയോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ഈ പ്രശ്‌നത്തിനൊക്കെ കാരണമായതെന്നാണ് സിദ്ദിഖ് പറയുന്നത്. രസകരമായ വെളിപ്പെടുത്തല്‍ വായിക്കാം..

ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്താണ് മമ്മൂട്ടിയുടെ കൂടെ ഗള്‍ഫിള്‍ ഒരു ഷോ തീരുമാനിക്കുന്നത്. ഹിറ്റ്‌ലറില്‍ നടന്‍ ശ്രീരാമനും അഭിനയിക്കുന്നുണ്ട്. അന്ന് മമ്മൂട്ടിയും ശ്രീരാമനും ഭയങ്കര സുഹൃത്തുക്കളാണ്. ഷോ യിലേക്ക് പോവുന്ന താരങ്ങളുടെ പേര് ലിസ്റ്റില്‍ ഇട്ട സമയത്ത് മമ്മൂക്ക ശ്രീരാമനും വരുന്നുണ്ടെന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞാല്‍ പിന്നെ അതിന് അപ്പുറമില്ലല്ലോ. അങ്ങനെ ശ്രീരാമന്റെ പേരം ഈസ്റ്റ് കോസ്റ്റ് വിജയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

ശ്രീരാമന്‍ ഇതുവരെ അങ്ങനൊരു ഷോ യ്ക്ക് പോയിട്ടില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഭയങ്കര സന്തോഷമാവുകയും ചെയ്തു. ഷോ യില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിലും അങ്ങനെ പോവുന്നത് ഇഷ്ടമാണെന്ന് ശ്രീരാമന്‍ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഗള്‍ഫിലേക്ക് പോവുന്നവരുടെ ലിസ്റ്റില്‍ ശ്രീരാമനും ഫിക്‌സ് ആയി.

ഇവരെ കൂടാതെ വാണി വിശ്വനാഥ്, മുകേഷ്, കെപിഎസി ലളിത, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങളും വരുന്നുണ്ട്. ഹിറ്റ്‌ലര്‍ സിനിമയിലെ മിക്ക താരങ്ങളും അന്നത്തെ ഷോ യ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ പല കാര്യങ്ങളും തീരുമാനിക്കുന്നതിനിടയില്‍ ഷോ യ്ക്ക് ഒരു ടെയിലര്‍ ഉണ്ടാക്കണമെന്ന് മമ്മൂക്ക പറഞ്ഞു. അതിനൊരു മ്യൂസിക് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞ മമ്മൂക്ക അത് വിദ്യാസാഗറിനെ ഏല്‍പ്പിച്ചു.
വിദ്യാസാഗര്‍ ചെയ്ത് തന്ന മ്യൂസിക് വെസ്റ്റേണ്‍ സ്റ്റൈലായിരുന്നു. ഷോ നാടന്‍ സ്‌റ്റൈലും. നമ്മുടെ വിഷ്യുലും മ്യൂസിക്കും ചേരില്ലെന്ന് മനസിലായതോടെ മമ്മൂക്കയ്ക്ക് നീരസം വന്നു. അപ്പോഴാണ് ഇതൊന്നുമറിയാതെ ശ്രീരാമന്‍ എത്തുന്നത്. മ്യൂസിക് ശ്രീരാമനെ കേള്‍പ്പിച്ചിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു.
അദ്ദേഹം വെറ്റില മുറുക്കി കൊണ്ടാണ് ഇത് കേള്‍ക്കുന്നത്. ശേഷം മുറുക്കിയത് തൂപ്പി കൊണ്ട് വളരെ മലയാള തനിമയുള്ള സംഗീതമെന്ന് പറഞ്ഞു. ഇത് കേട്ടതും അവിടെ ഉണ്ടായിരുന്നവരെല്ലാം ചിരിച്ചു.

കാര്യം മനസിലാവാതെ വന്ന ശ്രീരാമന്‍ ഞങ്ങളോട് കാര്യമെന്താണെന്ന് ചോദിച്ചു. മാത്രമല്ല എന്റെ ഷോ തെറിച്ചില്ലേ എന്നും പറഞ്ഞു. എന്തു പറ്റിയെന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴാണ് എന്നെ ഷോ യില്‍ നിന്ന് വെട്ടിയെന്ന് നടന്‍ പറയുന്നത്. ആ മ്യൂസിക്കിനെ കളിയാക്കിയെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ ഷോ യില്‍ നിന്നും പുറത്താക്കിയെന്നും ശ്രീരാമന്‍ പറഞ്ഞു. അങ്ങനെ നിഷ്‌കളങ്കമായൊരു തമാശ പറഞ്ഞതിനാണ് ശ്രീരാമന് ഗള്‍ഫില്‍ ഷോ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതെന്ന്' സിദ്ദിഖ് വ്യക്തമാക്കുന്നു


Click it and Unblock the Notifications