ഫയർ പുറത്തുവരുക എന്ന് അറിയിപ്പ്, തിയേറ്റർ തല്ലിപ്പൊളിച്ച് ജനങ്ങൾ, ആ ജയറാം സിനിമയെ കുറിച്ച് സിദ്ദിഖ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ദിഖ്. നടൻ ലാലിനോട് ഒന്നിച്ചായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. സിദ്ദിഖ് ലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ റാംജിറാവ് സ്പീക്കിങ്ങും ഇൻ ഹരിഹർ നഗറും ഗോഡ്ഫാദറുമൊക്കെ ചർച്ച വിഷയമാണ്. ഫാസിലിന്റെ സംവിധാന സഹായി ആയിട്ടായിരുന്നു കരിയർ ആരംഭിക്കുന്നത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിലിനോടൊപ്പം സിദ്ദിഖ് ചേരുന്നത്.
ലാലുമായി പിരിഞ്ഞതിന് ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് സിനികൾ ഒരുക്കുകയായിരുന്നു, മമ്മൂട്ടി ചിത്രമായ ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലറുമെല്ലാം സിദ്ദിഖിന്റെ സോളോ ഹിറ്റ് ചിത്രങ്ങളായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും സിദ്ദിഖ് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാ ഭാഷകളിലും മികച്ച വീജയം നേടിയ ചിത്രമായിരുന്നു ബോഡിഗാർഡ്.
'ഫ്രണ്ട്സ്' സിനിമ റിലീസായ സമയത്തുണ്ടായ ഒരു 'തിയേറ്റർ' അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ സിദ്ദിഖ്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിനിമ തിയേറ്ററിൽ പ്രദർശനത്തിനിടെ സ്‌ക്രീനിൽ വന്ന ഒരു അറിയിപ്പ് തെറ്റിദ്ധരിച്ച് കാണികൾ ജീവനും കൊണ്ടോടിയ സംഭവം വർഷങ്ങൾക്കിപ്പുറം ഓർക്കുമ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. പത്തനംതിട്ടയിലെ ഒരു തിയേറ്ററിൽ നടന്ന ഒരു സംഭവമാണ് സംവിധായകൻ വെളിപ്പെടുത്തുന്നുത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...''

''പത്തനംതിട്ടയിലെ ഒരു തിയേറ്ററിൽ നടന്ന ഒരു സംഭവമാണ്. ബി ക്ലാസ് തിയറ്ററാണ്. ഇന്നത്തെപ്പോലെയല്ല, അന്ന് സൗകര്യങ്ങൾ വളരെ കുറവാണ്. സിനിമ തുടങ്ങി. കാണികൾ ഇങ്ങനെ ഹരം പിടിച്ച് ഇരിക്കുകയാണ്. സിനിമ പകുതിയായപ്പോൾ സ്ക്രീനിൽ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. 'ഫയർ പുറത്തുവരുക'. അറിയിപ്പ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർ ആകെ അമ്പരന്നു. തിയേറ്ററിന് തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി കൂട്ടത്തോടെ പുറത്തേക്കോടി. പലർക്കും തിരക്കിനിടയിൽപെട്ട് പരിക്കു പോലും ഉണ്ടായി.

തിയേറ്ററിന്റെ വാതിൽ തല്ലിത്തകർത്ത് എല്ലാവരും പുറത്തു വന്നു. എന്നിട്ട് കുറച്ചുദൂരം മാറിനിന്നിട്ട് തീപിടിച്ച ദൃശ്യം കാണുന്നതിനായി എല്ലാവരും അവിടെ നോക്കി നിന്ന്. എന്നാൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിയേറ്റർ ഉടമയും ഓപറേറ്ററും വാപൊളിച്ചു നിന്നു. ഇറങ്ങിയോടിയ ആളുകൾ തിരികെയെത്തി തിയറ്റർ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങൾ തിരക്കി. പിന്നീട് പൂരത്തിന് അമിട്ട് പൊട്ടും പോലെ അടിപൊട്ടുകയായിരുന്നു. തിയേറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്.''

''സംഭവം മറ്റൊന്നുമല്ല ഫ്രണ്ട്സ് സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന സമയമായിരുന്നു. എങ്ങും ടിക്കറ്റുകൾ കിട്ടാനില്ല. ഹൗസ് ഫുൾ ആണ്. ഈ തിയേറ്ററിന്റെ തൊട്ടടുത്ത് ഒരു ഫയർ ഫോഴ്സ് ഓഫിസ് ഉണ്ട്. ഒരുദിവസം മോണിങ് ഷോ കാണാൻ ഫയർ ഫോഴ്സ് ഓഫിസിലെ മുഖ്യ ഓഫിസർ അടക്കം മുഴുവൻ ജീവനക്കാരും എത്തി. എന്തെങ്കിലും സംഭവിച്ചാൽ തൊട്ടടുത്താണല്ലോ ഓഫിസ് എന്ന ധൈര്യമുള്ളത് കൊണ്ട് അവർ എല്ലാവരുംകൂടി ഒരുമിച്ച് സിനിമക്ക് വന്നു. പടം തുടങ്ങി കുറച്ചുകഴിഞ്ഞ് അടിയന്തര ആവശ്യവുമായി ചിലർ ഫയർ ഫോഴ്സ് ഓഫിസിൽ എത്തി. അവിടെ ആരെയും കാണാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള തിയേറ്ററിൽ എത്തി അന്വേഷിച്ചു.
Recommended Video

തിയേറ്റർ നിറഞ്ഞുകവിഞ്ഞ് ആളുകൾ ആയതുകൊണ്ട് അകത്തുകയറി ഫയർ ഫോഴ്സ് ഓഫിസർമാരെ വിളിക്കാനും കഴിയില്ല. അവസാനം തിയേറ്റർ ഉടമ തന്നെ ഒരുപായം കണ്ടെത്തി. പ്രദർശനത്തിനിടയിൽ സുപ്രധാന വിവരങ്ങൾ പങ്കുവെക്കാൻ സ്‌ക്രീനിൽ സ്ലൈഡ് ഇടാൻ കഴിയും. സ്ക്രീനിൽ സിനിമ കാഴ്ചക്ക് തടസ്സം വരാതെതന്നെ വിവരം പങ്കുവെക്കാനും കഴിയും. അങ്ങനെ'ഫയർ ഫോഴ്സ് ഓഫിസർമാർ പുറത്തുവരുക' എന്ന് എഴുതി സ്ലൈഡ് പ്രദർശിപ്പിക്കാൻ മുതലാളി ഓപറേറ്ററോട് പറഞ്ഞു. എന്നാൽ അദ്ദേഹം അത് ചുരുക്കി 'ഫയർ പുറത്തുവരുക' എന്നാക്കി. ഇതാണ് എല്ലാത്തിനും കാരണമായത്. പിറ്റേന്ന് ഒട്ടുമിക്ക പത്രങ്ങളിലും ഇതിന്റെ ഹാസ്യാത്മക വിവരണം ഉണ്ടായിരുന്നു.'' സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











