'ജയിലിലേക്ക് വെൽക്കം ചെയ്യുന്നതുപോലെയാവില്ലേ... നെഗറ്റീവ് പേരല്ലേയെന്ന് ഞാൻ ചോദിച്ചു'; സംവിധായകൻ സുന്ദർദാസ്
ഒരു കാലത്ത് തിയേറ്ററുകൾ നിറയ്ക്കാൻ ദിലീപ് സിനിമകൾ മതിയായിരുന്നു. ദിലീപാണ് നായകനെന്ന് അറിഞ്ഞാൽ കുടുംബസമേതമാണ് ആളുകൾ തിയേറ്ററിലേക്ക് എത്തിയിരുന്നത്. എന്നാൽ കേസും വിവാദവും ജയിൽവാസവുമെല്ലാമായതോടെ ദിലീപിന് പഴയൊരു ജനപ്രീതി ജനങ്ങൾക്കിടയിലുണ്ടോയെന്ന് തന്നെ സംശയമാണ്. മാത്രമല്ല ട്രെന്റിന് അനുസരിച്ച് തിരക്കഥകൾ തെരഞ്ഞെടുക്കാനോ അഭിനയത്തിൽ പുതുമകൊണ്ടുവരാനോ ഒന്നും തന്നെ ദിലീപിന് സാധിക്കാറുമില്ല. രാമലീലയ്ക്കുശേഷം നല്ലൊരു ഹിറ്റ് ദിലീപിന് ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ലഭിച്ചിട്ടില്ല.
അവസാനം റിലീസ് ചെയ്ത പവി കെയർ ടേക്കറിന് തിയേറ്ററിൽ സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ഒടിടിയിൽ എത്തിയപ്പോൾ കോമഡി സീനുകൾ പോലും കീറി മുറിച്ച് ആളുകൾ വിമർശിച്ചു. ദിലീപ് റിമാന്റിലാകും മുമ്പ് തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു വെൽക്കം ടു സെൻട്രൽ ജയിൽ. ബെന്നി പി നായരമ്പലം തിരക്കഥയെഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സിനിമ പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

എന്നാൽ ദിലീപ് കേസിൽ ഉൾപ്പെട്ട് ജയിൽ വാസം അനുഭവിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ നടനെ വിമർശിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് വെൽക്കം ടു സെൻട്രൽ ജയിൽ സിനിമയുടെ പോസ്റ്ററുകളും സീനുകളുമായിരുന്നു. സ്വന്തം സിനിമയുടെ പേര് ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ അറംപറ്റിയെന്നാണ് അക്കാലത്ത് ആളുകൾ പറഞ്ഞിരുന്നത്. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സുന്ദർദാസ് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന് പേരിടാനുണ്ടായ കാരണം വെളിപ്പെടുത്തി.
ഈ പേര് കേട്ടപ്പോൾ തന്നെ ഇതൊരു നെഗറ്റീവ് പേരല്ലേയെന്ന് താൻ ചോദിച്ചതാണെന്നും സുന്ദർദാസ് പറഞ്ഞു. വെൽക്കം ടു സെൻട്രെൽ ജയിൽ എന്ന പേരിട്ടത് ബെന്നിയാണ്. ജയിലിലേക്ക് വെൽക്കം ചെയ്യുന്നതുപോലെയാവില്ലേ... ഇത് നെഗറ്റീവ് പേരല്ലേയെന്നാണ് ഞാൻ ചോദിച്ചത്. അയാൾ സെൻട്രൽ ജയിലിലാണ് പിറന്നത്. അയാൾ ഇടയ്ക്കിടെ വീട് പോലെ വരുന്നൊരു ഇടമാണ്.
പിന്നീട് ഒരു കേസിൽ പ്രതിയായി ജയിലിലാകുന്നു. അപ്പോൾ ഈ പേര് രസമാണ് ഹ്യൂമർ ഉള്ളതല്ലേയെന്ന് അവർ പറഞ്ഞു. എന്നാൽ ജയിലിലേക്ക് വെൽക്കം ചെയ്യുന്നത് നെഗറ്റീവ് അല്ലേയെന്ന് ഞാൻ ചോദിച്ചു. അങ്ങനെ ദിലീപും ഷാഫിയും റാഫിയുമായിട്ടെല്ലാം ചർച്ച ചെയ്താണ് അത്തരമൊരു പോരിട്ടത്. എല്ലാവരും അടിപൊളിയാണെന്നാണ് പറഞ്ഞത്. പടത്തിന്റെ പേര് തീരുമാനിക്കുന്നത് അത്തരത്തിലാണ്. അതുപോലെ സല്ലാപത്തിൽ മനോജ് കെ ജയൻ ചെയ്ത കഥാപാത്രത്തിന്റെ പേര് ദിവാകരൻ എന്നാണ്.
ഒരിക്കൽ ലോഹിതദാസ് എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് അത്തരമൊരു പേരിട്ടത് എന്നറിയുമോയെന്ന്. ദിവാകരൻ എന്നാൽ സൂര്യനാണ്. സൂര്യനാണ് സകല ജീവജാലങ്ങൾക്കും ഊർജം നൽകുന്നത്. പക്ഷെ അതിനടുത്തേക്ക് അടുക്കാൻ പറ്റില്ല. ഭയങ്കര ചൂടാണ്. അതുപോലെയാണ് ആ ക്യാരക്ടറൈസേഷൻ. ദിവാകരനാണ് സിനിമയിൽ രാധ എന്ന ക്യാരക്ടറിന്റെ രക്ഷകനും രക്ഷിതാവുമെല്ലാം.

പക്ഷെ അയാളുടെ അടുത്തേക്ക് ആരെങ്കിലും പോയാൽ അയാൽ ദേഷ്യപ്പെടും. ദിലീപിന്റെ പേര് ശശി കുമാർ എന്നാണ്. ചന്ദ്രൻ എന്നാണ് അർത്ഥം. ചന്ദ്രന് കവിഭാവനയിൽ പ്രണയത്തിന്റെ പരിവേഷമുണ്ട്. അപ്പോൾ അയാൾക്ക് പ്രണയമുണ്ട്. രാധക്ക് അയാളെ സമീപിക്കാം. അതായത് പേരിടുമ്പോൾ ചില തിരക്കഥാകൃത്തുകൾ ഇത്തരത്തിൽ ചിന്തിക്കാറുണ്ടെന്നാണ് പറഞ്ഞത്.
വെൽകം ടു സെൻട്രെൽ ജയിൽ സിനിമ കഴിഞ്ഞ് ഒരു അഞ്ചെട്ട് മാസം കഴിഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നതും അറസ്റ്റുണ്ടാകുന്നതും ജയിലിലാകുന്നതുമെല്ലാം. ഒരുതവണ അതിന്റെ പേരിൽ ട്രോൾ വന്നിരുന്നു. പക്ഷെ കേസിന് ഒരു ഗൗരവതലം ഉള്ളതിനാൽ വലിയ ട്രോളിലേക്ക് പോയില്ല. ദിലീപ് എന്ന നടന് ഏത് റോളും ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
കാരണം ശരീരഘടന അങ്ങനെയാണ്. ദിലീപ് വില്ലൻ വേഷങ്ങൾ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ദിലീപ് ജയിൽ മോചിതനായ ആ ആഴ്ച ഇറങ്ങിയ പടമാണ് രാമലീല. സൂപ്പർ ഹിറ്റായിരുന്നു ആ പടം. ജയിലിൽ പോയത് കൊണ്ട് ആ പടം പൊട്ടിയിട്ടില്ല. സിനിമ എന്നും അങ്ങനെയാണ്. വിജയവും പരാജയവും നമ്മുടെ കൈയ്യിലല്ല.
വമ്പൻ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രതീക്ഷയുള്ള പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. യാതൊരു പ്രതീക്ഷയും ഇല്ലാത്ത പടങ്ങൾ വിജയിച്ചിട്ടുണ്ട്. പ്രേമലു വിജയിച്ചില്ലേ. നസ്ലിൽ എന്ന ചെറുപ്പക്കാരനാണ് നടൻ. നിരവധി പുതുമുഖങ്ങളാണ് സിനിമയിൽ ഉള്ളത്. ദിലീപ് സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു നേരത്തെ. ഇപ്പോൾ സംഭവിക്കുന്നത് ഒരുപക്ഷെ ഈ കേസിന് ശേഷം ദിലീപിനുള്ള ജനപ്രീതി കുറഞ്ഞതായിരിക്കും.
ആര് വന്നാലും അങ്ങനെ സ്ഥാനങ്ങളൊന്നും നഷ്ടമാകില്ലെന്നും സുന്ദർദാസ് പറഞ്ഞു. ദിലീപ് ആദ്യമായി നായക വേഷം ചെയ്ത സല്ലാപം സംവിധാനം ചെയ്തത് സുന്ദർദാസായിരുന്നു. കുബേരനും സുന്ദർദാസിന്റെ സംവിധാനത്തിൽ പിറന്നതാണ്. ഇദ്ദേഹം സംവിധാനം ചെയ്തതിൽ ഒട്ടുമിക്ക ചിത്രങ്ങളും റിപ്പീറ്റ് വാല്യുവുള്ളവയാണ്.


Click it and Unblock the Notifications











