മമ്മൂട്ടി ആ ഹിറ്റ് ഗാനം പാടിയത് രണ്ട് ദിവസം കൊണ്ട്, പറ്റില്ലെന്ന് പറഞ്ഞു, റെക്കോഡിങ്ങിനെ കുറിച്ച് വിനു
മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുളള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമാക്കാരുടെ ഇടയിൽ പോലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട് . തലമുറ വ്യത്യാസമില്ലാതെയാണ് മമ്മൂക്കയെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും നടന്റെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് പുതിയ ചിത്രങ്ങളോടൊപ്പം തന്നെ മമ്മൂട്ടിയുടെ പഴയ ചിത്രങ്ങൾക്ക് ഇന്നും ഏറെ കാഴ്ചക്കാരുണ്ട്.

തൊണ്ണൂറുകളിൽ പുറത്ത് ഇറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിൽ വിഎം വിനു ആണ് സിനിമ സംവിധാനം ചെയ്തത്. 1990 ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. സിനിമ പോലെ തന്നെ പല്ലാവൂർ ദേവനാരായണനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത സിനിമയിലെ ഗാനങ്ങളെ കുറിച്ചുള്ള കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനു. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടൊണ് പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചുള്ള കഥ വെളിപ്പെടുത്തുന്നത്.

മമ്മൂട്ടി ആദ്യമായി പാട്ട് പാടിയത് ഈ ചിത്രത്തിലൂടെയായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് മമ്മൂക്കയെ കൊണ്ട് പാട്ട് പാടിപ്പിച്ചതെന്നും വിനു പറയുന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... മമ്മൂട്ടിയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് ഞാൻ ചിത്രത്തിലെ സംഗീത സംവിധായകനായിരുന്ന രവീന്ദ്രൻ മഷിനോടും ഗിരീഷ് പുത്തഞ്ചേരിയോടും പറഞ്ഞിരുന്നു. എല്ലാവർക്കും അത് വലിയ താൽപര്യമായിരുന്നു. എന്നാൽ അന്ന് മമ്മൂട്ടി സിനിമയിൽ പാടിയിട്ടില്ലായിരുന്നു.

ഈ സിനിമയിലെ മറ്റൊരു ഗാനം നടി കവിയൂർ പൊന്നമ്മയെ കൊണ്ടും പാടിച്ചിരുന്നു. ഒരു സന്ധ്യാനാമം പോലെയുള്ള ഗാനമായിരുന്നു അത്. ആദ്യം പൊന്നമ്മ ചേച്ചിയും പാടാൻ സമ്മതിച്ചില്ലായിരുന്നു. പിന്നീട് തങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അവർ പാടുകയായിരുന്നു. പൂജ ദിവസം തന്നെ ആ പാട്ട് റെക്കോർഡ് ചെയ്യുകയും ചെയ്തു. മദ്രാസിൽ വെച്ചാണ് മമ്മൂട്ടിയോട് സിനിമയിൽ പാടണം എന്നുള്ള കാര്യം പറയുന്നത്. അന്ന് അദ്ദേഹം അവിടെയാണ് താമസിക്കുന്നത്. കേട്ടപ്പോൾ തന്നെ നടക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

താൻ പാടില്ലെന്നും വേണ്ടാത്ത കാര്യത്തിന് നിൽക്കരുതെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്നാൽ ഞങ്ങൾ അദ്ദേഹത്തെ വിടാൻ തയ്യാറായിരുന്നില്ല. രവിയേട്ടൻ പറഞ്ഞു ഒന്നും പേടിക്കേണ്ട... കൂളായി പാട് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നെന്ന് ഉറപ്പ് നൽകി. ഒടുവിൽ മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം പാട്ട് പാടാം എന്ന് സമ്മതിച്ചത്. അന്ന് മദ്രാസിൽ വെച്ച് തന്നെ അദ്ദേഹത്തിനെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസം എടുത്താണ് ആ പാട്ട് മമ്മൂക്ക പാടുന്നത്. നല്ല രസമായിട്ടായിരുന്നു പാടിയത്. മമ്മൂക്ക തന്നെ രവിയേട്ടനോട് ഒന്നും കൂടി പാട്ട് എടുക്കാൻ പറയുകയായിരുന്നു. ആ സിനിമയിലെ ഏറ്റവും ഹിറ്റ് പാട്ടായിരുന്നു അത്- പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിലെ ഓർമ പങ്കുവെച്ച് കൊണ്ട് സംവിധായകൻ പറഞ്ഞു
Recommended Video

പൊലിയോ പൊലി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു മമ്മൂക്ക പാടിയത്. ഒരു നാടാൻ പാട്ട് പോലെയുള്ള ഗാനമായിരുന്നു അത്. യേശുദാസ്, ചിത്ര, എംജി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ പാടിയത്. ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു പാട്ടുകൾക്ക് വരി എഴുതിയത്. ഇന്നും പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.


Click it and Unblock the Notifications











