'ധനുഷിനെ തൊട്ടപ്പോൾ തുടങ്ങിയ കഷ്ടകാലം, ഒതുക്കാനുള്ള ശ്രമം... ഇവിടെ അടിച്ചാൽ അവിടെ വേദനിക്കുമെന്ന് അറിയാം'
തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഒന്നാമതാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ സ്ഥാനം. ഇരുപത് വർഷത്തെ കഠിനപ്രയത്നമാണ് നടിയെ സൂപ്പർ താരമാക്കി മാറ്റിയത്. ആറ് വർഷത്തെ പ്രണയത്തിനുശേഷം 2022ലായിരുന്നു നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം. സിനിമയിൽ താരമൂല്യമുള്ള നായികയായി മാറിയശേഷമാണ് ബിസിനസിലും നടി പണം നിക്ഷേപിച്ച് തുടങ്ങിയത്. വിവാഹത്തിനുശേഷം നയൻതാരയ്ക്കൊപ്പം വിഘ്‌നേഷ് ശിവനും ഇരുവരുടെയും നിരവധി ബിസിനസുകളിൽ നിക്ഷേപം നടത്തുന്നുണ്ട്.
വിവാദങ്ങൾ വിടാതെ പിടികൂടിയിരിക്കുന്ന താരദമ്പതികൾ കൂടിയാണ് ഇരുവരും. അടുത്തിടെയായി നടൻ ധനുഷുമായി നടക്കുന്ന വാക്ക്പോരാണ് ഇരുവരെയും വാർത്തകളിൽ നിറയ്ക്കുന്നത്. അതുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടങ്ങൾ കോടതിയിലും നടക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഘ്നേഷ് ശിവന്റെ പേരിൽ ഒരു റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.

അടുത്തിടെ താരം പോണ്ടിച്ചേരിയിൽ പോയി ടൂറിസം മന്ത്രി ലക്ഷ്മിനാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള ഫോട്ടോയും വാർത്തകളും പുറത്ത് വന്നശേഷം പോണ്ടിച്ചേരി ബീച്ച് റോഡിൽ സർക്കാർ ഉടമസ്ഥതയിലുള്ള സീഗിൾസ് ഹോട്ടൽ വാങ്ങാൻ വിഘ്‌നേഷ് ശിവൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും വില ചോദിച്ചതായും ഇത് സർക്കാർ വസ്തുവാണെന്നും വിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞതായും റിപ്പോർട്ട് പ്രചരിച്ചു.
വിഘ്‌നേഷ് ശിവനെ പരിഹസിച്ചാണ് റിപ്പോർട്ടുകളും മീമുകളും വന്നത്. ഇപ്പോഴിതാ പ്രചരിക്കുന്ന റിപ്പോർട്ടിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. തൻ്റെ വരാനിരിക്കുന്ന സിനിമയായ ലവ് ഇൻഷുറൻസ് കമ്പനിയുടെ ചിത്രീകരണ അനുമതി നേടുന്നതിന് വേണ്ടി മാത്രമായിരുന്നു പോണ്ടിച്ചേരി സന്ദർശനമെന്ന് വിഘ്നേഷ് വ്യക്തമാക്കി.
കിംവദന്തികൾ അനാവശ്യമാണെന്നും താൻ തൻ്റെ സിനിമാ പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വിഘ്നേഷ് ശിവൻ വ്യക്തമാക്കി. എൻ്റെ വരാനിരിക്കുന്ന സിനിമ ലവ് ഇൻഷുറൻസ് കമ്പനി എന്ന സിനിമയുടെ ഷൂട്ടിങ് പെർമിഷൻ വാങ്ങാനും എയർപോർട്ട് സന്ദർശിക്കാനും ഞാൻ പോണ്ടിച്ചേരിയിൽ പോയിരുന്നു.
ബഹുമാനത്തിൻ്റെയും മര്യാദയുടെയും പേരിൽ ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയെയും കണ്ടു. എൻ്റെ കൂടെയുണ്ടായിരുന്ന ലോക്കൽ മാനേജർ എൻ്റെ മീറ്റിംഗിനുശേഷം സ്വയം എന്തൊക്കയെ അവിടെ വെച്ച് അന്വേഷിച്ചു. അത് തെറ്റായി ഞാനുമായി ചേർക്കപ്പെട്ട് പ്രചരിച്ചു. ഇതുമായി ബന്ധപ്പെട്ട് വന്ന മീമുകളും വീഡിയോകളും തമാശകളും ശരിക്കും രസകരമായിരുന്നു. പക്ഷെ ഇത് ആവശ്യമില്ലാത്തതാണ് എന്നാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.

വിഘ്നേഷിന്റെ വിശദീകരണം എത്തിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാം കമന്റുകൾ വന്നു. പൊട്ടും പൊടിയുമെടുത്ത് പ്രതികരിച്ച് പ്രസ്താവന ഇറക്കുന്നതിന് ഒരു വിഭാഗം വിഘ്നേഷിനെ വിമർശിച്ചു. അതേസമയം നയൻതാര ധനുഷുമായി കൊമ്പുകോർത്തശേഷം ടാർഗെറ്റ് ചെയ്യപ്പെടുന്നുവെന്നും കമന്റുകളുണ്ട്. നയൻതാരയേയും വിഘ്നേഷിനേയും ഒതുക്കാനുള്ള ശ്രമം നടക്കുന്നു. ധനുഷിനെ തൊട്ടപ്പോൾ മുതൽ തുടങ്ങിയ കഷ്ടകാലം.
വിഘ്നേഷിന അടിച്ചാൽ നയൻതാരയ്ക്ക് വേദനിക്കുമെന്ന് അറിയാം എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ധനുഷും നയൻതാരയും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടിക്കെതിരെ ധനുഷ് നൽകിയ സിവിൽ കേസിൽ കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ ദമ്പതികൾക്കെതിരെ കടുത്ത വിമർശനമാണ് ധനുഷ് ഉന്നയിച്ചത്. നാനും റൗഡി താൻ എന്ന സിനിമക്കിടെ ആരംഭിച്ച നയൻതാര-വിഘ്നേഷ് പ്രണയം സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചുവെന്നാണ് ധനുഷ് പറഞ്ഞത്.
ഒട്ടും പ്രൊഫഷണൽ അല്ലാതെയാണ് ഇരുവരും പെരുമാറിയതെന്നും സെറ്റിൽ വൈകിയെത്തുന്നത് പതിവായിരുന്നുവെന്നും ധനുഷ് പറയുന്നുണ്ട്. നയൻതാരയുടെ ഡോക്യുമെന്ററി റിലീസിനുശേഷമാണ് ധനുഷ്-നയൻതാര വാക്ക്പോര് ശക്തമായത്.


Click it and Unblock the Notifications