'ഓരോ തവണ കാണുമ്പോഴും ആദ്യം കാണുന്ന അനുഭൂതി'; ചുവന്ന പൂക്കളും ചുംബനങ്ങളും കൊണ്ട് വിക്കിയെ മൂടി നയൻസ്!
തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന പ്രണയ ജോഡികളാണ് ലോഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങളേറെയായെങ്കിലും വിവാഹ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാണ് വിവാഹമെന്ന് ഇരുവരും പറഞ്ഞില്ലെങ്കിലും കാണുമ്പോഴെല്ലാം ഇതേക്കുറിച്ചാണ് ആരാധകരുടെ ചോദ്യങ്ങൾ. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടയിലും വിഘ്‌നേഷ് ശിവൻ ഈ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തതെന്താണ് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നായിരുന്നു ആരാധകൻ പറഞ്ഞത്.
വിവാഹത്തിനും മറ്റും വലിയ ചെലവാകും ബ്രോ... അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്ത് വെക്കുന്നു. അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നുവെന്നുമായിരുന്നു സംവിധായകന്റെ മറുപടി. നയൻതാരയ്‌ക്കൊപ്പം പോയതിൽ പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ വിഘ്നേഷ് ശിവൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. അവളുണ്ടെങ്കിൽ ഏത് സ്ഥലവും പ്രിയപ്പെട്ടതാണെന്നായിരുന്നു വിക്കിയുടെ മറുപടി. സാരിയണിഞ്ഞ് നയൻസിനെ കാണാനാണ് ഏറെയിഷ്ടമെന്നും വിക്കി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിയായി വിഘ്‌നേഷ് പറഞ്ഞത് നയൻതാരയുടെ അമ്മയായ ഓമന കുര്യന്റെ പേരായിരുന്നു.

തങ്കമേയെന്ന പാട്ടാണ് നയൻസിന് താൻ ആദ്യമായി നൽകിയ സമ്മാനമെന്നും വിക്കി പറഞ്ഞിട്ടുണ്ട്. 2015ൽ നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് നയൻതാരയും വിഘ്‌നേശ് ശിവനും സൗഹൃദത്തിലാവുന്നതും പിന്നീട് പ്രണയത്തിലേക്ക് വീഴുന്നതും. അടുത്തിടെ ഇരുവരും പ്രണയത്തിലായതിന്റെ ആറ് വർഷം ആഘോഷിച്ചിരുന്നു. നയൻതാരയും വിഘ്‌നേശും തമിഴ് സിനിമാ ലോകത്തെ പെർഫക്ട് കപ്പിൾസ് ആയിരിയ്ക്കും എന്നാണ് ആരാധകരുടെ വിലയിരുത്തലുകൾ. വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാണെന്ന് കേട്ടപ്പോൾ തന്നെ പലരും വിമർശനവുമായി എത്തിയിരുന്നു. നയൻതാരയുടെ ആദ്യ പ്രണയത്തിന്റെ തകർച്ച ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ വിമർശനം. മറ്റു ചിലർ പറഞ്ഞത് തന്നെക്കാൾ പ്രായം കുറഞ്ഞയാളെ പ്രണയിക്കുന്ന നയൻതാരയുടെ പക്വത കുറവിനെ കുറിച്ചായിരുന്നു.

എന്നാൽ അതിനെയെല്ലാം മൗനത്തിലൂടെ നേരിട്ട് തങ്ങളുടെ പ്രണയത്തിൽ ഉറച്ച് നിന്നവരാണ് നയൻതാരയും വിഘ്‌നേഷും. ഇപ്പോൾ വീണ്ടുമൊരു പ്രണയ ദിനം കൂടി വന്നെത്തിയപ്പോൾ നയൻതാരയെ കുറിച്ച് വിഘ്നേഷ് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. കൈനിറയെ ചുവന്ന പൂക്കൾ നിറഞ്ഞ ബൊക്കയുമായി വന്ന് വിക്കിയെ കെട്ടി പിടിച്ച് ചുംബിക്കുന്ന നയൻതാരയുടെ വീഡിയോയും വിക്കി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ആദ്യമായി തരുന്ന അതേ അനുഭൂതിയാണ് അവൾ വന്ന് ഓരോ തവണ പൂക്കൾ തരുമ്പോഴും അനുഭവപ്പെടുന്നത്.... അതിനാൽ തന്നെ ഇത് തീർച്ചയായും മനോഹരമായ ഒരു പ്രണയ ദിനം തന്നെയാണ്' എന്നാണ് നയൻതാരയുടെ വീഡിയോ പങ്കുവെച്ച് വിഘ്നേഷ് കുറിച്ചത്. കൂടാതെ നയൻതാരയ്ക്കൊപ്പമുള്ള ചില പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളും വിക്കി പങ്കുവെച്ചു.
Recommended Video

വിഘ്നേഷിന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമ കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന ചിത്രമാണ്. നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സിനിമ സംവിധാനം ചെയ്ത സിനിമയാണ് കാത്ത് വാക്ക്ലെ രണ്ട് കാതൽ. ചിത്രത്തിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നതാണ് ടീസർ നൽകുന്ന സൂചന. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സമാന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സമാന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാത്ത് വാക്ക്ലെ രണ്ട് കാതൽ. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിങ്സ്‌ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications