'വിക്കി അപ്പാ... കതക് തുറക്കൂ, സെലിബ്രിറ്റികളുടെ അവസ്ഥയും ഇതുതന്നെ'; വാഷ് റൂമിലും വിക്കിയെ വിടാതെ മക്കൾ!
ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് പറയാതെ പറയുന്നത് പോലെയാണ് തെന്നിന്ത്യയിലെ പവർ കപ്പിളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വീഡിയോകളും സോഷ്യൽമീഡിയ പോസ്റ്റുകളും. ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകും കുടുംബത്തിലേക്ക് വന്നശേഷമാണ് ഓരോ നിമിഷവും ആസ്വദിച്ച് തുടങ്ങിയതെന്ന് താരദമ്പതികൾ പലപ്പോഴും പറയാറുണ്ട്.
വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയും വിക്കിയും ഉയിരിനും ഉലകത്തിനും ജന്മം നൽകിയത്. ഈ സെപ്റ്റംബറിൽ ഇരുവർക്കും രണ്ട് വയസ് തികയും. ജനിച്ചപ്പോൾ മുതൽ ഉയിരും ഉലകും കുട്ടി സെലിബ്രിറ്റികളാണ്. അതുകൊണ്ട് തന്നെ ലോകത്തെമ്പാടുമായി നിരവധി ആരാധകരും നയൻതാരയുടെ മക്കൾക്കുണ്ട്.

അവർക്കായി കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഉയിരും ഉലകവും ഇപ്പോൾ നന്നായി സംസാരിക്കാനും നടക്കാനുമെല്ലാം തുടങ്ങിയിരിക്കുന്നു. ചെറിയ കുട്ടികളുള്ള വീടുകളിലെ ആളുകളുടെ ദിനചര്യപോലും അവരുടെ കുഞ്ഞുങ്ങളുടെ അപ്പോഴത്തെ മൂഡിനേയും പ്രവൃത്തികളേയും ആശ്രയിച്ചാണുള്ളത്.
ഒരു കുട്ടിയെ നിയന്ത്രിക്കണമെങ്കിൽ തന്നെ പലപ്പോഴും അമ്മയും അച്ഛനും അവരുടെ മുഴുവൻ ശ്രദ്ധയും കുഞ്ഞിനെ പരിപാലിക്കുന്നതിന് നൽകണം. അപ്പോൾ ഇരട്ട കുഞ്ഞുങ്ങളുള്ള വീട്ടിലെ മാതാപിതാക്കളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ... ഒരു പ്രായമാകും വരെ ഒരു നിമിഷം പോലും മാതാപിതാക്കളിൽ നിന്നും മാറി നിൽക്കാൻ കുഞ്ഞുങ്ങൾ തയ്യാറാവില്ല. അതിനാൽ തന്നെ അവരെ കൂടി തൃപ്തിപ്പെടുത്തിയാകും മാതാപിതാക്കൾ തങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കുക.
ഇപ്പോഴിതാ മക്കൾക്കൊപ്പമുള്ള തന്റെ രസകരമായ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ബാത്ത് റൂമിൽ കയറിയ വിക്കിയെ ഉയിരും ഉലകും ചേർന്ന് നിരന്തരമായി പുറത്തേക്ക് വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. വിക്കിയെ മുറിയിൽ കാണാതായതോടെയാണ് ഉയിരും ഉലകും ബാത്ത് റൂം ഏരിയയിൽ അന്വേഷിച്ച് എത്തിയത്. എന്നാൽ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നതിനാൽ ഇരുവരും വാതിലിൽ മുട്ടകയും തള്ളി തുറക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
വിക്കി വാതിൽ തുറക്കാത്തതിനാൽ വിക്കി അപ്പാ..., ഡാഡ എന്നിങ്ങനെയെല്ലാം വിളിച്ച് സോപ്പിട്ട് കാര്യം നേടാനുള്ള ശ്രമവും ഇരുവരും നടത്തുന്നുണ്ട്. മക്കളുടെ വിളികളോടും ചോദ്യങ്ങളോടുമെല്ലാം കൃത്യമായി വിക്കി പ്രതികരിക്കുന്നുണ്ട്. അച്ഛന്റെയും മക്കളുടേയും രസകരമായ വീഡിയോ ആരാധകരും ഏറ്റെടുത്തു.

നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. സെലിബ്രിറ്റികളുടെ അവസ്ഥയും ഇതുതന്നെയാണല്ലേ..? എല്ലാ വീട്ടിലുമുള്ള പ്രശ്നമാണല്ലേ എന്നാണ് ഒരാൾ ചോദിച്ചത്. വിക്കിയുടെ മൈന്റ് വോയ്സ് തങ്ങൾക്ക് കേൾക്കാമെന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതൊരു യൂണിവേഴ്സൽ പ്രശ്നമാണ് പരിഹാരമില്ലെന്നാണ് വേറൊരു ആരാധകൻ കുറിച്ചത്. ബാത്ത് റൂമിന് അകത്ത് നിന്നാണ് മക്കളുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വിക്കി പകർത്തിയത്.
വിക്കിക്കും ബാത്ത് റൂമിലേക്ക് ഫോൺ കൊണ്ടുപോകുന്ന ശീലമുണ്ടല്ലേയെന്ന ചോദ്യങ്ങളും വീഡിയോയ്ക്ക് താഴെ വന്നു. ചിലർ വിക്കി അപ്പാ... എന്നുള്ള ഉയിരിന്റെയും ഉലകിന്റെയും വിളി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ ആവർത്തിച്ച് കാണുന്നുണ്ട്. നയൻതാരയും വിഘ്നേഷ് ശിവനും 2022 ജൂണിലായിരുന്നു വിവാഹിതരായത്. അതേ വർഷം തന്നെ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് ഉയിരും ഉലകും പിറന്നു.
നയൻതാരയും വിഘ്നേഷ് ശിവനും അവരുടെ രണ്ടാം വിവാഹ വാർഷികം ഹോങ്കോങ്ങിൽ അടുത്തിടെ ആഘോഷിച്ചിരുന്നു. മക്കളും അവർക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടിൽ നയൻസും വിക്കിയും മക്കൾക്കൊപ്പം വിനായക ചതുര്‍ത്തി ആഘോഷിച്ചിരുന്നു.
തന്റെ കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്നത് വിനായകനാണെന്ന് പറഞ്ഞുകൊണ്ട് ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടത് വിഘ്‌നേശ് ശിവനാണ്. വീട്ടില്‍ വെച്ച് മക്കളോടൊപ്പം ഇരുവരും പ്രത്യേക പൂജ നടത്തുകയായിരുന്നു. സിനിമയിൽ വന്നശേഷമാണ് ക്രിസ്ത്യനായിരുന്ന നയൻതാര ഹിന്ദു മതം സ്വീകരിച്ചത്.


Click it and Unblock the Notifications