മൂന്ന് മണിക്ക് ഉറങ്ങി പന്ത്രണ്ട് മണിക്ക് എഴുന്നേൽക്കും; രാവിലെ ഷൂട്ട് വെച്ചപ്പോൾ; മധുവിനെക്കുറിച്ച് വിജി തമ്പി
മലയാള സിനിമയുടെ ഇന്നലെകൾ കണ്ട നടൻ മധുവിന് ബഹുമാന്യ സ്ഥാനമാണ് സിനിമാ ലോകം നൽകുന്നത്. ശക്തമായ ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളും മധു പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. താര പദവിക്കപ്പുറം നല്ല നടനാകാനാണ് താൻ ആഗ്രഹിച്ചതെന്ന് നേരത്തെ മധു വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മധുവിന് 90 വയസ് പൂർത്തിയായത്. പിറന്നാൾ ദിനത്തിൽ സഹപ്രവർത്തകന് നടനെ അനുമോദിച്ച് പ്രത്യേക ചടങ്ങ് നടത്തി. മധുവിനെക്കുറിച്ച് ഫിലിം മേക്കർ വിജി തമ്പി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിംഹവാലൻ മേനോൻ എന്ന സിനിമയിൽ മധുവിന് പ്രധാന വേഷം നൽകിയതിനെക്കുറിച്ച് വിജി തമ്പി സംസാരിച്ചു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മധു സാറിനെയാണ് ആദ്യം ആലോചിച്ചത്. താൻ ചെയ്താൽ ശരിയാകുമോ എന്ന് ആദ്യം അദ്ദേഹം ചോദിച്ചു. കഥാപാത്രത്തിൽ അദ്ദേഹത്തിന്റെ സംഭവനകളുമുണ്ടെന്നും വിജി തമ്പി വ്യക്തമാക്കി. നടനൊപ്പമുള്ള രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

മധു സാർ അക്കാലത്ത് രാവിലെ വന്ന് അഭിനയിച്ച സിനിമ സിംഹവാലൻ മേനോനായിരിക്കും. ആദ്യ ഇൻട്രൊ സീൻ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പം സമർപ്പിക്കുന്നതാണ്. അത് രാവിലെ അല്ലാതെ എടുക്കാൻ പറ്റില്ല. സാറിനോട് പറഞ്ഞപ്പോൾ സീൻ ചെയ്യാം, പക്ഷെ പിന്നെ ഷൂട്ട് വെക്കരുതെന്ന് പറഞ്ഞു. പുള്ളി പൊതുവെ ഉറങ്ങുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. പന്ത്രണ്ട് മണിക്ക് എഴുന്നേൽക്കും.
മൂന്ന് മണിക്ക് ഉറങ്ങുന്നില്ല, ആറ് മണിവരെ ഉറങ്ങാതിരുന്ന് റെഡിയായി വരാം. ഈ സീൻ അഭിനയിച്ച് പിന്നെ പോയിക്കിടന്ന് ഉറങ്ങാമെന്ന് പറഞ്ഞു. കൃത്യം ആറ് മണിക്ക് അദ്ദേഹം വന്ന് സീൻ ചെയ്ത് പോയെന്നും വിജി തമ്പി ഓർത്തു. 1995 ലാണ് സിംഹവാലൻ മേനോൻ റിലീസ് ചെയ്യുന്നത്. സിദ്ദിഖ്, ജഗദീഷ്, ഉർവശി, ജഗതി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

നടൻ സിദ്ദിഖിന് കരിയറിൽ വഴിത്തിരിവായ സത്യമേവ ജയതേ എന്ന സിനിമയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കമലിന്റെ ബന്ധുവാണ് സിദ്ദിഖ്. മിഴിനീർ പൂവുകൾ എന്ന സിനിമയിൽ ചെറിയൊരു വേഷം സിദ്ദിഖ് ചെയ്തിരുന്നു. നല്ല അടുപ്പമായി. എല്ലാ കാര്യത്തിലും സിദ്ദിഖിന്റെ ഇടപെടൽ ഉണ്ടായിരുന്നു. എന്റെ ആദ്യ പടത്തിൽ സിദ്ദിഖ് വെറുമൊരു ഗുണ്ടയായാണ് അഭിനയിച്ചത്. പിന്നീട് തന്റെ നിരവധി സിനിമകളിൽ കോമഡി ചെയ്തു. സത്യമേവ ജയതേയിൽ സുരേഷ് ഗോപിക്ക് എതിരായി നിൽക്കുന്ന കഥാപാത്രം ചെയ്യാൻ ഒരു വേണം.
ഞാൻ സിദ്ദിഖിനെ നിർദ്ദേശിച്ചു. കോമഡി നടനായി നിൽക്കുകയല്ലേ എന്ന ചോദ്യം വന്നു. കഥ കേട്ടപ്പോൾ സിദ്ദിഖ് ആദ്യം ചെയ്യാൻ പേടിച്ചു. രണ്ട് മൂന്ന് സീൻ എടുത്ത് നോക്കിയിട്ട് പറ്റിയില്ലെങ്കിൽ മാറ്റാമെന്ന പറഞ്ഞപ്പോൾ സിദ്ദിഖ് അഭിനയിച്ചു. സിദ്ദിഖ് ആദ്യമായി വില്ലനായി അഭിനയിച്ച സിനിമയാണത്. പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ വില്ലൻ നടനായി സിദ്ദിഖ് മാറിയെന്നും വജി തമ്പി ചൂണ്ടിക്കാട്ടി. 2000 ത്തിലാണ് സത്യമേവ ജയതേ റിലീസ് ചെയ്യുന്നത്.
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാള സിനിമാ രംഗത്ത് സ്ഥാനമുറപ്പിച്ച സംവിധായകനാണ് വിജി തമ്പി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മാന്ത്രിക കുതിര തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. 2013 ൽ പുറത്തിറങ്ങിയ നാടോടി മന്നൻ എന്ന സിനിമയാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.


Click it and Unblock the Notifications











