ദിലീപ് ചെയ്തത് പരിഹസിക്കൽ, മണികണ്ഠൻ അസാധ്യ നടൻ; പക്ഷെ സിനിമകൾ ലഭിക്കാത്തതിന് കാരണം: വിജു വർമ
ദിലീപിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നാണ് ചാന്തുപൊട്ട്. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. എന്നാൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്ന വിമർശനം ചാന്തുപൊട്ടിന് പിൽക്കാലത്ത് കേൾക്കേണ്ടി വന്നു. സിനിമയെ വിമർശിക്കുകയാണ് സംവിധായകൻ വിജു വർമയിപ്പോൾ.
എൽജിബിടിക്യു കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി ഓടും രാജ ആടും റാണി എന്ന സിനിമ വിജു വർമ സംവിധാനം ചെയ്തിട്ടുണ്ട്. മണികണ്ഠൻ, ടിനി ടോം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. തന്റെ സിനിമ പോലെയായിരുന്നില്ല ചാന്തുപൊട്ടെന്നും ഒരു ജനസമൂഹത്തെ അവഹേളിക്കുകയാണ് ദിലീപിന്റെ കഥാപാത്രം ചെയ്തതെന്നും വിജു വർമ പറയുന്നു.

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. അർദ്ധനാരിയിൽ ട്രാൻസ്ജെൻഡേഴ്സിന്റെ വേദനകൾ കാണിച്ചിട്ടുണ്ട്. ഞാൻ സമീപിച്ച രീതിയിൽ അല്ലെങ്കിലും ആ സിനിമയിൽ ആ ഘടകങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ചാന്തുപൊട്ടിൽ പൂർണമായും പരിഹസിക്കൽ ആയിപ്പോയെന്ന് വിജു വർമ വിമർശിച്ചു.
നമുക്ക് പണവും പ്രശസ്തിയും ഉണ്ടാക്കാൻ ഒരു സമൂഹത്തെ മുഴുവൻ അവമതിക്കുന്നത് ശരിയല്ല. അങ്ങനെയുണ്ടാക്കുന്ന പെെസയ്ക്ക് ഞാൻ വാല്യു കാണുന്നില്ല. ചാന്തുപൊട്ടിലേത് പോലെയായിരുന്നില്ല ആ വിഷയത്തെ സമീപിക്കേണ്ടതെന്ന് ഉറച്ച് പറയുന്നു. വലിയ ഫണ്ട് ആ സിനിമയ്ക്ക് പിറകിൽ ചെലവായിട്ടുണ്ടാകും. എന്തുകൊണ്ട് അവർക്ക് മറ്റൊരു രീതിയിൽ ഒരു എമ്പതി ക്രിയേറ്റ് ചെയ്യാനായില്ല.
എന്റെ പടത്തിൽ ദിലീപായിരുന്നു ആ ക്യാരക്ടർ ചെയ്തിരുന്നതെങ്കിൽ തീർച്ചയായും വിജയിച്ചേനെ. ഞാൻ ചെയ്ത ട്രീറ്റ്മെന്റ് മതി. പക്ഷെ മണികണ്ഠൻ ചെയ്തത് പോലെ ദിലീപിന് പറ്റുമായിരുന്നോ എന്നെനിക്ക് സംശയമാണ്. എക്സ്ട്രീം ലെവലിൽ മോക്ക് ചെയ്ത് കാണിക്കാം. പക്ഷെ മണികണ്ഠൻ ചെയ്തത് പോലെ കൃത്യമായി ചെയ്യുക പ്രയാസമാണെന്നും സംവിധായകൻ പറയുന്നു.
അസാധ്യ നടനാണ് മണികണ്ഠൻ. ദിലീപിന്റെ കയ്യിൽ നിൽക്കില്ലായിരുന്നു. ദിലീപങ്ങനെ ചെയ്തെങ്കിൽ ഒരുപക്ഷെ ആ സിനിമ പരാജയപ്പെട്ടേനെ. ഒരു ആർട്ടിസ്റ്റ് വ്യത്യസ്ത വേഷം ചെയ്യണം. ഇയാളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നെന്ന് കരുതി എപ്പോഴും കോമാളിത്തരങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും വിജു വർമ ചൂണ്ടിക്കാട്ടി. പഴയ രീതിയിലുള്ള ദിലീപിന്റെ ഇപ്പോഴത്തെ സിനിമകൾ വിജയിക്കുന്നില്ലെന്നും വിജു വർമ അഭിപ്രായപ്പെട്ടു.
മണികണ്ഠനെ പോലെ കഴിവുള്ള ആർട്ടിസ്റ്റ് അടുത്ത കാലത്ത് മലയാള സിനിമയിൽ വന്നിട്ടില്ല. അസാധ്യ നടനാണ്. പക്ഷെ എന്തുകൊണ്ടാണ് സിനിമകളിൽ കാസ്റ്റ് ചെയ്യപ്പെടാത്തത്. തിലകനും നെടുമുടി വേണുവിനും ശേഷം ആ സ്പേസിലേക്ക് ഉയർന്ന് വരേണ്ട നടനാണ്. പക്ഷെ നിരന്തരം പ്രേക്ഷകർ കാണുന്നു. മറിമായത്തിൽ വെറെെറ്റി ക്യാരക്ടേർസ് നിരന്തരം ചെയ്ത് കൊണ്ടിരിക്കുകയാണ്.
ഇതേ വിസിബിലിറ്റിയാണ് ടിനി ടോമിന്റെ കരിയറിനെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നെന്നും വിജ വർമ അഭിപ്രായപ്പെട്ടു. അത് ഒഴിച്ച് നിർത്തിയാൽ ടിനി ടോം മോൾഡ് ചെയ്യാവുന്ന ആർട്ടിസ്റ്റാണെന്നും സംവിധായകൻ പറഞ്ഞു. ദിലീപ് ചെയ്ത വേഷം ട്രാൻസ്ജെൻഡേഴ്സിന്റെ മാനസികാവസ്ഥയെ വികലമായാണ് കാണിച്ചത്.
അവരെ ചാന്തുപൊട്ട് എന്ന് വിളിക്കുന്ന അവസ്ഥയുണ്ടായത് എങ്ങനെയാണ്. അങ്ങനെയൊരു സിനിമ വന്നപ്പോൾ ഇത് പൊതുവായി മാറി. ചാന്തുപൊട്ട് എന്ന സിനിമ തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് ട്രാൻസ് വ്യക്തികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിജു വർമ പറയുന്നു. ഓടും രാജ ആടും റാണിക്ക് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതേക്കുറിച്ചും വിജു വർമ സംസാരിച്ചു.ചിത്രത്തിന് മാർക്കറ്റിംഗിലും മറ്റും പ്രശ്നം വന്നിരുന്നെന്ന് വിജു വർമ പറയുന്നു.
2014 ലാണ് ഓടും രാജ ആടും റാണി റിലീസ് ചെയ്യുന്നത്. സ്ത്രീയായി ജീവിക്കാനാഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ പട്ടാമ്പി അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാറാണ് ചിത്രത്തിൽ നായികയായത്. നേരത്തെ പ്രിയാമണിയെയായിരുന്നു നായികയായി തീരുമാനിച്ചത്. എന്നാൽ ടിനി ടോമാണ് നായകനെന്ന് അറിഞ്ഞതോടെ പ്രിയാമണി പിന്മാറിയെന്നാണ് വിജു വർമ പറയുന്നത്. പ്രതിഫലക്കാര്യം വരെ സംസാരിച്ചതാണ്. പ്രിയാമണിയുടെ വീട്ടിൽ ചെന്നിരുന്നു. ആരാണ് നായകനെന്ന് ചോദിച്ചു. ടിനി ടോമെന്ന് കേട്ടപ്പോൾ മുഖം മാറി. രണ്ട് മണിക്കൂർ പുറത്ത് പോയി വരൂ എന്ന് പറഞ്ഞു. ടിനിക്കൊപ്പം സിനിമ ചെയ്യാനില്ലെന്ന് പിന്നീട് നടി വ്യക്തമാക്കിയെന്നും സംവിധായകൻ പറയുന്നു. പ്രിയാമണി ചെയ്തത് തെറ്റാണെന്നും വിജു വർമ വിമർശിക്കുന്നുണ്ട്.
ചാന്തുപൊട്ട് നേരിട്ട വിമർശനത്തെക്കുറിച്ച് ലാൽ ജോസും സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും സംസാരിച്ചിട്ടുണ്ട്. ചാന്തുപൊട്ടിന് ശേഷം സ്ത്രെെണ സ്വഭാവമുള്ളവരെ പലരും ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് തന്നെ വേദനിപ്പിച്ചിരുന്നെന്നാണ് ഒരിക്കൽ ബെന്നി പി നായരമ്പലം പറഞ്ഞത്. ആൺകുട്ടിയെ പെൺകുട്ടിയെ പോലെ വളർത്തിയത് കൊണ്ട് മാത്രമുണ്ടായ വൈകല്യമാണ് ഞാൻ എന്റെ സിനിമയിൽ കാണിച്ചത്.
ഭിന്ന ലിംഗത്തിൽ പെട്ട കഥാപാത്രമായിട്ടല്ല ചാന്തുപൊട്ടിലെ രാധയെ എഴുതിയത്. ഭിന്ന ലിംഗത്തിൽ പെട്ടവരുടെ ജീവിതം വേറെയാണ്. എന്റെ കഥാപാത്രം ആണായി വളർത്തേണ്ടതിന് പകരം പെണ്ണായി വളർത്തിയത് കൊണ്ടുള്ള വെെകല്യം തിരിച്ചറിയുന്നതും തിരുത്തുകയും ചെയ്യുന്നു. അവൻ ആണാണെന്ന് തെളിയിക്കുന്നതും അത് കൊണ്ടാണ്.
മറ്റേത് ഹോർമോൺ ബാലൻസിംഗിന്റെ കുഴപ്പം കൊണ്ട് ജനിതകമായുണ്ടാകുന്ന പ്രശ്നമാണ്. അവരെ കരുണയോടെ തന്നെ സമീപിക്കണമെന്ന് ഒരു എഴുത്തുകാരനെന്ന നിലയിൽ വ്യക്തമായി അറിയാം. ചാന്തുപൊട്ടിറങ്ങിയ ശേഷം വഴി നടക്കാൻ പറ്റുന്നില്ലെന്ന് ചിലർ പറഞ്ഞു. അതിൽ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് വിഷമം തോന്നി. എന്നാൽ ചിലർ വളരെ പോസിറ്റീവായി എടുത്തെന്നും ബെന്നി പി നായരമ്പലം അന്ന് വ്യക്തമാക്കി.
ഇതേ അഭിപ്രായമാണ് ലാൽ ജോസും പറഞ്ഞത്. ചാന്തുപൊട്ട് ഒരിക്കലും എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള സിനിമയായിരുന്നില്ലെന്നും ലാൽ ജോസ് വ്യക്തമാക്കി. അതേസമയ ദിലീപ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയെന്ന് ബെന്നി പി നായരമ്പലവും ലാൽ ജോസും പറഞ്ഞിട്ടുണ്ട്.
രാധകൃഷ്ണനെന്ന കഥാപാത്രത്തിൽ നിന്നും പുറത്ത് കടക്കാൻ ദിലീപിന് പറ്റുന്നില്ലായിരുന്നു. കഥാപാത്രത്തെ ശരീരഭാഷ ദിലീപിൽ തുടർന്നു. ദിലീപ് ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടിയിരുന്നെന്ന് ലാൽ ജോസ് ഒരിക്കൽ പറയുകയുണ്ടായി. ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രത്തിന് വലിയ പ്രശംസ ഇന്നും ലഭിക്കുന്നുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ് ഇന്ന്. താരത്തിന്റെ അടുത്തിടെയിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടു. ശക്തമായ തിരിച്ച് വരവ് ദിലീപിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു അത്. മീശമാധവൻ, കല്യാണരാമൻ തുടങ്ങി തുടരെ ഹിറ്റുകളുമായി മുന്നേറുന്ന കാലം. ജനപ്രിയ നായകനായി ദിലീപ് ആഘോഷിക്കപ്പെട്ട കാലഘട്ടം ഇന്നും ആരാധകർ മറന്നിട്ടില്ല. എന്നാൽ ഒരു ഘട്ടത്തിൽ ദിലീപിന് പഴയത് പോലെ ഹിറ്റുകൾ തുടരെ ലഭിക്കാതായി.


Click it and Unblock the Notifications