38 ലക്ഷം ചെലവാക്കി 4 കോടി സ്വന്തമാക്കി! മുടക്ക് മുതലിന്റെ പത്തിരിട്ടി വാങ്ങിയ ചിത്രം കലാഭവന്‍ മണിയുടേത്; വിനയൻ
അന്തരിച്ച നടന്‍ കലാഭവന്‍ മണിയും അദ്ദേഹത്തിന്റെ സിനിമകളും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത്രത്തോളം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളിലാണ് മണി അഭിനയിച്ചതും. അതില്‍ പ്രധാനം വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമാണ്. അതുവരെ കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന മണി അന്ധനായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമാപ്രേമികള്‍ ഒരിക്കലും വിചാരിക്കാത്ത മാറ്റമാണ് അവിടെ സംഭവിച്ചത്.
ഇപ്പോഴിതാ പരാജയപ്പെടുമെന്ന് പലരും കരുതിയിരുന്ന വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ കളക്ഷനെ കുറിച്ച് അതിന്റെ നിര്‍മാതാവ് മഹാസുബൈര്‍ പറഞ്ഞതും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സന്തോഷം പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്ത് വന്നിരിക്കുകയാണ്.

'മുടക്ക് മുതലിന്റെ പത്തിരട്ടി കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ഇന്നും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയ്ക്കാണ്. 1993 ല്‍ മുപ്പത്തിയെട്ട് ലക്ഷം ചെലവായ ഈ വിനയന്‍ ചിത്രം മൂന്ന് കോടി എണ്‍പത് ലക്ഷം കളക്ഷന്‍ നേടി' എന്നാണ് നിര്‍മാതാവ് മഹാസുബൈര്‍ പറഞ്ഞത്. ഇത് ശ്രദ്ധേയില്‍പ്പെട്ടതോടെയാണ് സിനിമയുടെ ചിത്രീകരണ സമയത്തും റിലീസായതിന് ശേഷവും നടന്ന കാര്യങ്ങളെ പറ്റി വിനയന്‍ കുറിച്ചത്.
'നിര്‍മ്മാതാവ് മഹാസുബൈറിന്റേതായി വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ സന്തോഷം തോന്നി. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയില്‍ ഞാന്‍ ആ സിനിമയുടെ കളക്ഷനേ പറ്റി ചിന്തിച്ചിരുന്നില്ല. അന്ന് നാല്‍പ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. ഇന്നത്തെ നിലയില്‍ നാലു കോടിയില്‍ പരം രൂപ.
മൂന്നു കോടി എണ്‍പതു ലക്ഷം രൂപ അന്ന് കളക്ഷന്‍ നേടി എന്നത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. മുടക്ക് മുതലിന്റെ പത്തിരട്ടി കളക്ഷന്‍ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കില്‍ ആ റെക്കോഡ് അന്തരിച്ച മഹാനായ കലാകാരന്‍ കലാഭവന്‍ മണിക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
1999 ല്‍ കാക്കനാട്ടുള്ള ഹില്‍വ്യൂ ഹോട്ടലില്‍ വച്ച് ആദ്യമായി എനിക്ക് അഡ്വാന്‍സ് തന്നത് ശ്രീ സുബൈര്‍ ആയിരുന്നു... അതിന് ശേഷമാണ് ശ്രീ വിന്ധ്യനും, സര്‍ഗ്ഗം കബീറും, ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിര്‍മ്മാണ ചുമതലയിലേക്ക് വന്നത്. കലാഭവന്‍ മണിയെ ആദ്യമായി നാകനാക്കിയ ആ ചിത്രത്തെ ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്. ആകാശ ഗംഗയും, കല്യാണ സൗഗന്ധികവും, ഇന്‍ഡിപ്പെന്‍ഡന്‍സും പോലുള്ള എന്റെ കൊച്ചു സിനിമകള്‍ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു.

പക്ഷേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകര്‍ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകള്‍ തീര്‍ത്തു. അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവന്‍ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാര്‍ഡ് ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട് ബോധം കെട്ടു വീണ കഥയൊക്കെ സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ലല്ലോ.
വാസന്തിയും 'ലക്ഷ്മിയും പിന്നെ ഞാനും' മുതല്‍ ഇപ്പോള്‍ തീയേറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന 'തുടരും' വരെയുള്ള സിനിമകള്‍ നോക്കുമ്പോള്‍ ശതകോടികള്‍ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസ്സിലാകും. ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസ്സില്‍ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല.
ജീവിത പ്പോരാട്ടങ്ങളുടെ വ്യഥയും.. ഏതു ദുഖത്തിലും സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും.. ആത്മാര്‍ത്ഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ?...' എന്നും പറഞ്ഞാണ് വിനയന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











