'22 വയസ് മാത്രമുള്ളപ്പോൾ പൃഥ്വി നാല് വയസുള്ള കുട്ടിയുടെ അച്ഛനായി, കുസൃതിക്കുടുക്കയെ ഓർക്കുമ്പോൾ കണ്ണ് നിറയും'
സ്വന്തം നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ ധിക്കാരിയായും നിഷേധിയായും മുദ്ര കുത്തപ്പെടുകയും ഒട്ടനവധി വിലക്കുകൾ നേരിടേണ്ടി വന്നിട്ടും ഉള്ള റിസോഴ്സ് വെച്ച് സിനിമ ചെയ്ത് വിജയം നേടിയിട്ടുള്ള വിനയനെപ്പോലെ മറ്റൊരു സംവിധായകൻ ഇന്ത്യൻ സിനിമയിലുണ്ടോ എന്നത് സംശയമാണ്. തൊണ്ണൂറുകളുടെ പകുതിയിൽ തുടങ്ങി രണ്ടായിരത്തിന്റെ തുടക്കം വരെ ഒന്നിന് പിറകെ ഒന്നായി ബോക്സ് ഓഫീസിൽ വിജയങ്ങൾ ഒരുക്കിയ സംവിധായകനാണ് വിനയൻ.
ദിലീപ്, കലാഭവൻ മണി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി ഒട്ടനവധി താരങ്ങൾക്ക് അവരുടെ കരിയറിന്റെ തുടക്ക കാലത്ത് വൻഹിറ്റുകൾ നേടിക്കൊടുക്കുന്നതിൽ വിനയന്റെ സ്ഥാനം ഒരിക്കലും അവഗണിക്കാനാവുന്ന ഒന്നല്ല. ആദ്യകാല ചിത്രമായ സൂപ്പർസ്റ്റാർ മുതൽ വിവാദങ്ങൾ പല രൂപത്തിൽ പിന്തുടർന്നിരുന്നെങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ അദ്ദേഹം തന്റെ സിനിമകളിലൂടെ മറുപടി പറഞ്ഞു.

വിനയന്റെ സിനിമകളിൽ അഭിനയിക്കുന്നവരെ മലയാളത്തിൽ ബാൻ ചെയ്യും എന്ന അവസ്ഥ വരെ വന്നിരുന്നു. ഒരു കാലത്തെ സെൻസേഷനൽ സംവിധായകന് താരങ്ങളുടെ സാങ്കേതിക പ്രവർത്തകരുടെ ഡേറ്റ് പോലും കിട്ടാതെയായ സ്ഥിതിയുണ്ടായിട്ടുണ്ട്. പക്ഷെ വിനയൻ എവിടേയും തളർന്നില്ല. ഉള്ള റിസോഴ്സ് ഉപയോഗിച്ച് സിനിമകൾ ചെയ്തു. അവയിൽ ചില ചിത്രങ്ങൾ പരാജയമായപ്പോൾ സോഷ്യൽ മീഡിയ അടക്കം അദ്ദേഹത്തെ എഴുതിതള്ളിയ അവസ്ഥയുമുണ്ടായി.
എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസോടെ വിനയൻ സിനിമകൾക്ക് പ്രേക്ഷകർ വീണ്ടും കയ്യടിച്ച് തുടങ്ങി. വിനയന്റെ കാലം കഴിഞ്ഞുവെന്ന് എഴുതി തള്ളിയവർക്കുള്ള മധുരപ്രതികാരമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയമെന്നാണ് അന്ന് കമന്റുകൾ വന്നത്. വിനയൻ ചിത്രങ്ങളിൽ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള സിനിമകളിൽ ഒന്നാണ് വെള്ളിനക്ഷത്രം.
ഇപ്പോഴിതാ സിനിമയെ കുറിച്ച് വിനയൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. 2004 April രണ്ടിനായിരുന്നു വെള്ളിനക്ഷത്രം റിലീസ് ചെയ്തത്. അന്ന് 22 വയസ് മാത്രമുള്ളപ്പോൾ പൃഥ്വിരാജ് നാല് വയസുള്ള കുട്ടിയുടെ അഛനായി അഭിനയിച്ച സിനിമ. അന്ന് സൂപ്പർ ഹിറ്റായി ഓടിയ ഹൊറർ ചിത്രം.
തരുണി എന്ന കുസൃതിക്കുടുക്കയെ ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറഞ്ഞുപോകും. 13 വയസുള്ളപ്പോൾ ഹെലിക്കോപ്റ്റർ അപകടത്തിലാണ് തരുണി മരിച്ചത് എന്നാണ് വെള്ളിനക്ഷത്രം സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ പുതുക്കി വിനയൻ കുറിച്ചത്. വെള്ളിനക്ഷത്രത്തിലെ നായകവേഷം ചെയ്യുമ്പോൾ പൃഥ്വിരാജിന് 22 വയസേ ഉണ്ടായിരുന്നുള്ളുവെന്നത് പലരും അത്ഭുത്തതോടെയാണ് കേൾക്കുന്നത്.

അത്രത്തോളം പക്വതയോടെയാണ് പൃഥ്വിരാജ് വിനോദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനയൻ സാർ സംവിധാനം ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട സിനിയമാണ് വെള്ളിനക്ഷത്രമെന്നാണ് ആരാധകരിൽ ഒരാൾ സംവിധായകന്റെ കുറിപ്പ് താഴെ കമന്റായി കുറിച്ചത്. എന്നും കാണുന്ന നല്ലൊരു വിനയൻ ചിത്രം, വിനയനും പൃഥ്വിരാജും മലയാളത്തിന്റെ അഭിമാന താരങ്ങൾ, ഈ സിനിമ റിലീസിന് പോയത് നല്ല ഓർമ്മയുണ്ട്.
തിയേറ്റർ ഫുൾ ആയിരുന്നു ഒരു സീറ്റ് പോലും ഒഴിവില്ലായിരുന്നു. ഭയങ്കര സൂപ്പർ ഹിറ്റ് ആയിരുന്നു വെള്ളിനക്ഷത്രം. കോമഡിയും സീരിയസും ഹൊററും എല്ലാം ഒരുമിച്ച ആസ്വദിച്ച് കണ്ടു. അന്ന് 100 ദിവസം തിയേറ്ററിൽ കളിച്ച സിനിമയാണ് എന്നിങ്ങനെയും കമന്റുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications