മദ്യത്തെ ആശ്രയിച്ചു; ഭർത്താവിന്റെ മരണ ശേഷം ബെഡ് റൂമിലേക്ക് പോകാൻ പറ്റാതായി; ഡിസ്കോ ശാന്തി
ഗ്ലാമർ ഐക്കണായി ഒരു കാലത്ത് സിനിമകളിൽ തിളങ്ങിയ നടിയാണ് ഡിസ്കോ ശാന്തി. ഡിസ്കോ ശാന്തിയുടെ ഡാൻസ് നമ്പറുകൾ എൺപതുകളിലും തൊണ്ണൂറുകളിലും തരംഗമായി. പന്ത്രണ്ട് വർഷക്കാലം സിനിമാ രംഗത്ത് സജീവമായി ഡിസ്കോ ശാന്തി നിലനിന്നു. 1985 ൽ വേലൈ മനസ് എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ ഡിസ്കോ ശാന്തിയെ തേടി വന്നു. ഐറ്റം ഡാൻസുകളാണ് ഡിസ്കോ ശാന്തിയുടെ ജനപ്രീതി വർധിപ്പിച്ചത്.
സിനിമാ രംഗത്തെ പ്രശസ്തിക്കപ്പുറത്ത് ഒരു കുടുംബ ജീവിതമുണ്ടാകാൻ നടി പിന്നീട് ശ്രദ്ധിച്ചു. തെലുങ്ക് നടൻ ശ്രീഹരിയെയാണ് ഡിസ്കോ ശാന്തി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം അഭിനയ രംഗം വിടാൻ താരം തീരുമാനിച്ചു. ഡിസ്കോ ശാന്തിയെന്ന പേരിൽ പിന്നീട് അറിയപ്പെടാൻ നടി ആഗ്രഹിച്ചില്ല. വിവാഹത്തിന് ശേഷം താൻ വെറും ശാന്തിയാണെന്ന് ഇവർ വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ട് ആൺമക്കളാണ് ശ്രീഹരിക്കും ഡിസ്കോ ശാന്തിക്കും പിറന്നത്.

2013 ൽ ഹൃദയാഘാതം വന്ന് ശ്രീഹരി മരണപ്പെട്ടതോടെ ഡിസ്കോ ശാന്തിയുടെ ജീവിതം മാറി മറിഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ നടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. ശ്രീഹരിയുടെ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഡിസ്കോ ശാന്തി. ബാവയുടെ (ശ്രീഹരി) മരണശേഷം ഞാൻ മദ്യത്തിന് അടിമപ്പെട്ടു. യാഥാർത്ഥ്യത്തെ മറക്കാൻ വേണ്ടിയാണ് മദ്യം കഴിച്ചത്.
അദ്ദേഹം മരിച്ച ശേഷം ഞാൻ ഹാളിലായിരുന്നു കിടന്നത്. മൂന്ന് മാസത്തിന് ശേഷം ബെഡ് റൂമിലേക്ക് പോകാനുള്ള ധൈര്യം സംഭരിച്ചു. എന്നാൽ റൂമിൽ നിന്നും ഞാൻ ഹാളിലേക്ക് ഓടി. എന്റെ സഹോദരൻമാരും അവരുടെ കുടുംബവും എന്നോടൊപ്പം മൂന്ന് മാസം നിന്നു. അതിന് ശേഷം കുട്ടികളുടെ പഠിപ്പിനായി അവർ തിരിച്ച് പോയി. അതിന് ശേഷം മക്കളാണ് തനിക്ക് പിന്തുണ നൽകിയതെന്നും ഡിസ്കോ ശാന്തി തുറന്ന് പറഞ്ഞു.

തെലുങ്ക് സിനിമകളിൽ തുടരെ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച നടനാണ് ശ്രീഹരി. ഡിസ്കോ ശാന്തിയുടെ ഡാൻസ് കണ്ട് അദ്ദേഹത്തിന് ഇഷ്ടം തോന്നി. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റുന്നത് ഡിസ്കോ ശാന്തിയാണെന്ന് ശ്രീഹരി മനസിലാക്കി. ഇരുവരും പിന്നീട് പ്രണയത്തിലായി. 1996 ലായിരുന്നു വിവാഹം.
ഇപ്പോൾ കുടുംബം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഡിസ്കോ ശാന്തി അടുത്തിടെ സംസാരിച്ചിരുന്നു. ജീവിച്ചിരുന്ന കാലത്ത് നിരവധി പേർക്ക് പണം നൽകി ഭർത്താവ് സഹായിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം ആരും കാണാൻ പോലും വന്നില്ല. ഇഎംഐ അടയ്ക്കാൻ കഴിയാഞ്ഞതോടെ കാർ ബാങ്കുകാർ കൊണ്ട് പോയി. എന്റെ സ്വർണം വിൽക്കേണ്ടി വന്നു. ഇനി താലി മാത്രമാണ് ബാക്കി. ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സിനിമയിലുള്ളവർ അന്വേഷിച്ചില്ലെന്നും ഡിസ്കോ ശാന്തി തുറന്ന് പറഞ്ഞു.
അക്ഷര എന്നാണ് ശ്രീഹരിക്കും ഡിസ്കോ ശാന്തിക്കും ആദ്യം പിറന്ന മകളുടെ പേര്. എന്നാൽ നാല് മാസം പ്രായമുള്ളപ്പോൾ ഈ കുഞ്ഞ് മരിച്ചു. താര ദമ്പതികളെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്. പിന്നീട് മകളുടെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾ ഇരുവരും നടത്തിയിട്ടുണ്ട്. 1997 ൽ പുറത്തിറങ്ങിയ യുദ്ധ എന്ന കന്നഡ സിനിമയിലാണ് ഡിസ്കോ ശാന്തി അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











