മകന്റെ കടമകളെങ്കിലും ചെയ്യാൻ എന്നെ അനുവദിക്കൂ; തിക്കും തിരക്കും കൂട്ടി മീഡിയ, അഭ്യർത്ഥനയുമായി മോഹൻലാൽ!
ഒരമ്മയ്ക്ക് ജീവിതത്തിലും അവരുടെ അന്ത്യയാത്രയിലും നൽകാവുന്ന ഏറ്റവും വലിയ സ്നേഹവും ബഹുമതിയും നൽകിയാണ് മോഹൻലാൽ അമ്മ ശാന്തകുമാരിയമ്മയെ യാത്രയാക്കിയത്. രണ്ട് ദിവസം മുമ്പ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നതും മോഹൻലാലും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന വീഡിയോകളായിരുന്നു. അമ്മയുടെ വേർപാടോടെ ജീവന്റെ പാതി നഷ്ടപ്പെട്ടതുപോലെയാണ് മഹാനടന്. മൃതദേഹത്തിലേക്ക് ഇമചിമ്മാതെ നോക്കി ശാന്തനായി നിൽക്കുന്ന മോഹൻലാലിനെ കാണുമ്പോൾ അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടുള്ളവരുടെയെല്ലാം കണ്ണുകൾ ഈറനണിയും.
കഴിഞ്ഞ ഒരു മാസക്കാലമായി ശാന്തകുമാരിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. അതിനാൽ തന്നെ എല്ലാ തിരക്കുകൾക്കിടയിലും അമ്മയുടെ അടുത്തേക്ക് ഇടയ്ക്കിടെ മോഹൻലാൽ ഓടി എത്തുമായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അമ്മ ഉണ്ടായിരുന്നത്.

മരണവും അവിടെ വെച്ചായിരുന്നു. അസുഖ ബാധിതയായശേഷം ചികിത്സയ്ക്കുള്ള സൗകര്യത്തിന് വേണ്ടിയാണ് അമ്മയെ മോഹൻലാൽ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. പത്ത് വർഷത്തിൽ ഏറെയായി ശാന്തകുമാരി കിടപ്പിലാണ്. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. പക്ഷാഘാതമായിരുന്നു. പിന്നീട് അത് വിവിധ അസുഖങ്ങളും അവശതകളുമായി മാറി.
സ്വദേശം പത്തനംതിട്ടയാണെങ്കിൽ കൂടിയും അച്ഛൻ വിശ്വനാഥന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി തിരുവനന്തപുരത്ത് എത്തിയശേഷം അവിടുത്തുകാരായി മോഹൻലാലും കുടുംബവും മാറി. പഠനവും സിനിമ ജീവിതത്തിന്റെ തുടക്കവും എല്ലാം തിരുവനന്തപുരത്ത് നിന്നായിരുന്നു. കുടുംബവീടും തിരുവനന്തപുരത്താണ്. അസുഖബാധിതയാകുന്നതിന് മുമ്പ് അമ്മയും തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്.
അതിനാൽ തന്നെ അമ്മയ്ക്ക് അന്ത്യവിശ്രമത്തിന് വേണ്ടതെല്ലാം മോഹൻലാൽ ചെയ്തതും തിരുവനന്തപുരത്താണ്. കൊച്ചിയിലെ വീട്ടിൽ സിനിമാക്കാർക്കും പ്രിയപ്പെട്ടവർക്കുമായി പൊതുദർശനം ഒരുക്കിയിരുന്നു. ശേഷമാണ് രാത്രി വൈകി തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോയതും അമ്മയുടെ ആഗ്രഹം പോലെ അച്ഛന്റേയും ജേഷ്ഠന്റേയും സമീപത്തായി ചിതയൊരുക്കിയതും.
കൊച്ചിയിൽ നടന്ന പൊതുദർശനത്തിന്റേയും തിരുവനന്തപുരത്ത് നടന്ന സംസ്കാര ചടങ്ങുകളുടേയും വീഡിയോകൾ സോഷ്യൽമീഡിയ വഴി വൈറലായിരുന്നു. സെലിബ്രിറ്റികൾക്ക് സ്വകാര്യത എന്നത് വേണ്ടപ്പെട്ടവർ വിട്ടുപോകുമ്പോൾ പോലും ലഭിക്കില്ലെന്നത് വീണ്ടും വ്യക്തമാക്കുന്നതായിരുന്നു ശാന്തകുമാരിയുടെ സംസ്കാര ചടങ്ങിൽ നിന്നുള്ള വീഡിയോകൾ. അമ്മയുടെ ശരീരവുമായി ചടങ്ങുകൾക്കായി പുറത്തിറങ്ങിയ നടനെ മീഡിയയും ജനവും വളഞ്ഞു.

ആകെ ബഹളവും തിക്കും തിരക്കും. സാമധാനപരമായി ചടങ്ങുകൾ നടത്താൻ കഴിയാത്ത അവസ്ഥ. മകനെന്ന കടമകൾ അമ്മയ്ക്ക് വേണ്ടി ഞാൻ ചെയ്തോട്ടെ അതിനായി അനുവദിക്കൂവെന്ന് അവസാനം മോഹൻലാലിന് അഭ്യർത്ഥിക്കേണ്ടി വന്നു. പ്രിയനടനോട് എന്നപോലെ തന്നെ അദ്ദേഹത്തിന്റെ അമ്മയേയും സ്നേഹിക്കുന്നവരാണ് മലയാളികൾ.
ആ സ്നേഹം കൊണ്ട് അവസാനമായി ശാന്തകുമാരിയെ കാണാൻ എത്തിയവരും മോഹൻലാൽ എന്ന സ്റ്റാറിനെ ഒരു നോക്ക് കാണാൻ കിട്ടുന്ന അവസരമെന്ന് കരുതി തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിച്ചേർന്നവരും അന്ന് ചടങ്ങിനെത്തിയ ജനാവലിയിൽ ഉണ്ടായിരുന്നു. മോഹൻലാലും മകൻ പ്രണവും ചേർന്നാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. അച്ഛമ്മയുടെ മരണ വാർത്ത അറിഞ്ഞ് പ്രണവും സഹോദരി വിസ്മയയും ഓടി എത്തിയിരുന്നു. എല്ലാത്തിനും താരകുടുംബത്തിന് സഹായമായി ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.
മൂത്തമകനെ നഷ്ടപ്പെട്ടതിന്റെ വേദന എല്ലാ സൗഭാഗ്യങ്ങൾക്കിടയിലും ശാന്തകുമാരിയെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെയാണ് മോഹൻലാലിനോട് അളവില്ലാത്ത സ്നേഹം അമ്മയ്ക്കുണ്ടായിരുന്നതും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ശാന്തകുമാരി സംസാരിക്കാതെയായിരുന്നു. പക്ഷെ എല്ലാ ദിവസവും എത്ര ദൂരയാണെങ്കിലും അമ്മയെ തേടി നടന്റെ കോൾ എത്തും.
അമ്മ മറുപടിയൊന്നും പറയില്ലെന്ന് അറിയാമെങ്കിലും എല്ലാ വിശേഷങ്ങളും അമ്മയുമായി പങ്കുവെയ്ക്കും. പ്രതികരിക്കാൻ കഴിയുന്നില്ലന്നേയുള്ളു അമ്മയെല്ലാം അറിയുന്നുണ്ടെന്നാണ് ലാലേട്ടൻ പറയാറ്. അമ്മയുടെ കഴിഞ്ഞ പിറന്നാൾ കൊച്ചിയിൽ സകുടുംബം മോഹൻലാൽ ആഘോഷിച്ചിരുന്നു. അവസാനമായി ശാന്തകുമാരിയുടെ ഒരു ഫോട്ടോ പുറത്ത് വന്നതും അന്നാണ്.


Click it and Unblock the Notifications