'പരിഹാസം കേൾക്കാൻ വേണ്ടി മാത്രം ജനിച്ചതുപോലെയായിരുന്നു, ഇങ്ങനെ എത്രകാലം ജീവിക്കുമെന്നാണ് അവൾ ചോദിച്ചത്'
എല്ലാവരേയും പോലെ നല്ലൊരു കുടുംബജീവിതവും തന്നെ മനസിലാക്കുന്ന ഒരു പങ്കാളിയേയും കിട്ടിയതിന്റെ ത്രില്ലിലാണ് സീരിയൽ താരം ദിവ്യ ശ്രീധർ. പത്തരമാറ്റ് സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതനായ ക്രിസ് വേണുഗോപാലാണ് ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്. എട്ട് വർഷത്തോളമായി വിവാഹമോചിതയാണ് ദിവ്യ. പതിനെട്ട് വയസിൽ ഒളിച്ചോടി വിവാഹിതയായതാണ് താരം. ആ ബന്ധത്തിൽ രണ്ട് മക്കളും ദിവ്യയ്ക്കുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞശേഷം മക്കൾക്കുവേണ്ടിയായിരുന്നു ദിവ്യയുടെ ജീവിതം. മക്കളുടെ സമ്മതത്തോടെയാണ് ക്രിസ്സിനെ വിവാഹം ചെയ്യാൻ ദിവ്യ തീരുമാനിച്ചത്.
ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നപ്പോൾ ക്രിസ്സിന്റെ നരച്ച മുടിയും താടിയും കണ്ട് അറുപതുകാരനെ ദിവ്യ വിവാഹം ചെയ്തുവെന്നാണ് ആളുകൾക്ക് വിമർശിച്ച് കുറിച്ചത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രപ്പോസലുമായി ആദ്യം വന്നത് ക്രിസ്സിന്റെ സഹോദരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്.

വിവാഹത്തെ കുറിച്ച് പറയാൻ വിളിച്ചപ്പോൾ പലരും പിന്തിരിപ്പിക്കാൻ നോക്കിയെന്നും ദിവ്യ പറയുന്നു. എട്ട് വർഷമായി ഞാൻ ഡിവോഴ്സിയായിരുന്നു. ഏട്ടൻ മോട്ടിവേഷൻ ക്ലാസൊക്കെ എടുത്ത് കൊടുക്കുന്നയാളാണെന്ന് അറിയാവുന്നതുകൊണ്ട് മാനസീക വിഷമങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ച് ഉപദേശം തേടാമെന്ന് കരുതി. എത്ര വർക്ക് ചെയ്താലും എനിക്ക് എവിടെയും എത്തിപ്പെടാൻ പറ്റുന്നില്ലായിരുന്നു.
മറ്റുള്ളവരുടെ പരിഹാസം കേൾക്കാൻ വേണ്ടി മാത്രം ഞാൻ ജനിച്ചതുപോലെയായിരുന്നു ജീവിതം. എങ്ങനെ നീ ജീവിച്ചു? എങ്ങനെ മക്കളേയും കൊണ്ട് ജീവിക്കുന്നുവെന്നൊന്നും ആരും എന്നോട് ഇതുവരെയും ചോദിച്ചിട്ടില്ല. പകരം നീ എന്ത് ഉണ്ടാക്കി എന്ന് ചോദിച്ച് കുറ്റപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്റെ സമ്പാദ്യം മക്കളാണ്. അവരെ ഞാൻ ഇന്നും ചേർത്ത് പിടിക്കുന്നുണ്ട്.
മക്കളെ എവിടെയെങ്കിലും എത്തിച്ചിട്ട് ഒന്ന് ഒടുങ്ങിയാൽ മതിയെന്ന ചിന്തയായിരുന്നു എനിക്ക്. ഏട്ടനോട് ഇതെല്ലാം പറഞ്ഞപ്പോൾ ക്ലാസ് തരാം മകളേയും കൂട്ടി വരാൻ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ പെങ്ങളാണ് ഈ പ്രപ്പോസൽ മുന്നോട്ട് വെച്ചത്. അത് കേട്ടപ്പോൾ എനിക്ക് ഷോക്കായി. കാരണം പതിനെട്ട് വയസിൽ പഠനം നിർത്തിയതുകൊണ്ട് എനിക്ക് ഇംഗ്ലീഷൊന്നും വശമില്ല. പക്ഷെ ചേട്ടൻ എല്ലാ ഭാഷകളും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. അറിവുണ്ട്.
അതുകൊണ്ട് ഞാനൊന്ന് പേടിച്ചു. ഇതൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പെങ്ങൾ പറഞ്ഞത് മലയാളം അറിയാമല്ലോ അത് മതിയെന്നാണ്. മോളോട് ചോദിച്ചിട്ട് അഭിപ്രായം പറയാമെന്നാണ് ഞാൻ പറഞ്ഞത്. മോളോട് ചോദിച്ചപ്പോൾ ഉടൻ അവൾ സമ്മതിച്ചു. ഇങ്ങനെ നമ്മൾ എത്രകാലം ജീവിക്കുമെന്നാണ് അവൾ ചോദിച്ചത്.

കാരണം ആളുകൾ എന്നെ പറയുന്ന കുത്തുവാക്കുകൾ അവർ കേൾക്കാറുണ്ട്. ഞാൻ എല്ലാം മക്കളോട് ഷെയർ ചെയ്യുന്ന കൂട്ടത്തിലാണ്. എന്റെ ആദ്യത്തെ വിവാഹം ഒളിച്ചോട്ടമായിരുന്നു. അതുകൊണ്ട് തന്നെ ഇത് ഒരു വിവാഹമായി തന്നെ ഇത് നടക്കണമെന്നുണ്ടായിരുന്നു.
പിന്നീട് വീട്ടുകാരുടെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചു. ജാതകം നോക്കി. ഗുരുവായൂർ വെച്ച് വിവാഹം നടത്താനും തീരുമാനിച്ചു. വിവാഹം ഗുരുവായൂരാണെന്ന് അറിഞ്ഞപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചതും മകൾ തന്നെയാണ്.
വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിയാവുന്നവരോട് പറഞ്ഞപ്പോൾ ശരിക്കും ആലോചിച്ചിട്ട് തന്നയാണോ...? പത്ത് വട്ടം ആലോചിച്ചോ? അന്വേഷിച്ചോ? എന്നൊക്കെയാണ് അവർ തിരിച്ച് ചോദിച്ചതെന്നും ദിവ്യ പറയുന്നു. പിന്നീട് ക്രിസ്സാണ് ദിവ്യയേയും മക്കളേയും കുറിച്ച് സംസാരിച്ചത്. വിവാഹത്തോടെ തങ്ങൾ തമ്മിലുള്ള അകലം നഷ്ടപ്പെട്ടുവെന്നാണ് ക്രിസ്സ് പറഞ്ഞത്.
എന്റെ മൂത്തമകൾക്ക് പതിനെട്ട് വയസ് രണ്ടാമത്തെ കുട്ടിക്ക് ഒമ്പത് വയസ്. ഇവളാണ് എന്റെ ഏറ്റവും ഇളയ കുട്ടി. ഒളിച്ചൊരു പ്രണയം ഞങ്ങൾക്കുണ്ടായിരുന്നില്ല. എല്ലാം ഓപ്പണായിരുന്നു. ഒന്നും ആരോടും മറച്ച് വെച്ചിട്ടുമില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. എല്ലാവർക്കും അത് സാധിക്കാറില്ല. മുടിയും താടിയും നരച്ചിരിക്കുന്നതൊന്നും ഞാൻ വലിയ വിഷയമാക്കാറില്ല. ഈ മാരേജിലൂടെ എന്ത് നേടിയെന്ന് ചോദിക്കുന്നവരോട് ഞങ്ങൾ തമ്മിലുള്ള അകലം നഷ്ടപ്പെട്ടുവെന്നാണ് പറയാനുള്ളതെന്നും ക്രിസ് പറഞ്ഞു.


Click it and Unblock the Notifications