എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചവരുണ്ട്, പക്ഷെ ഞാൻ തീരുമാനിച്ചത്; വിവാദങ്ങളെക്കുറിച്ച് ദിവ്യ
അന്തരിച്ച നടൻ കലാഭവൻ മണിയോട് അവഗണന കാണിച്ചു എന്ന ആരോപണത്തിൽ വർഷങ്ങളായി കുറ്റപ്പെടുത്തലുകൾ കേൾക്കുന്ന നടിയാണ് ദിവ്യ ഉണ്ണി. നിറത്തിന്റെ പേരിൽ കലാഭവൻ മണിയെ അപമാനിച്ചെന്നും കലാഭവൻ മണിയുടെ നായികയാകാൻ വിസമ്മതിച്ചെന്നുമായിരുന്നു ആരോപണം. എന്നാൽ അടുത്ത കാലത്ത് സംവിധായകൻ വിനയൻ ഈ വിഷയത്തിൽ വ്യക്തത വരുത്തി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന എന്റെ സിനിമയിൽ കലാഭവൻ മണിയുടെ നായികയാകാനാകില്ലെന്ന് പറഞ്ഞത് ദിവ്യ ഉണ്ണിയല്ല, പ്രശസ്തയായ മറ്റൊരു നടിയാണെന്ന് വിനയൻ വ്യക്തമാക്കി. കല്യാണ സൗഗന്ധികത്തിൽ മണിയുടെ നായികയല്ല താനെന്ന് ദിവ്യ ഉണ്ണി പറഞ്ഞത് പതിനാലുകാരിയുടെ ചിന്തയിൽ നിന്നാണെന്നും വിനയൻ പറഞ്ഞു. എന്തുകൊണ്ട് തനിക്കെതിരെ വന്ന കുറ്റപ്പെടുത്തലുകളോട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയാണിപ്പോൾ ദിവ്യ ഉണ്ണി. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഒരു പ്രസ്താവനയ്ക്ക് നമ്മൾ പ്രതികരണം കൊടുത്താൽ അതിന് രണ്ട് പക്ഷം പറയുന്നവരുണ്ടാകും. അക്കാര്യത്തിന് ഇനി രണ്ട് പക്ഷമെന്തിനാണ്, അതെന്താണാവോയെന്ന് കരുതിക്കോട്ടെയെന്ന് എന്ന് ഞാൻ വിചാരിച്ചു. പൊതുവെ പ്രതികരണം നൽകാത്തയാളാണ് ഞാൻ. അടുപ്പമുള്ളവർ അത് നല്ല ശീലമാണെന്നും നല്ല ശീലമല്ലെന്നും പറയാറുണ്ട്. എന്തുകാെണ്ട് നീയൊന്നും പറയുന്നില്ലെന്ന് ചോദിക്കാറുണ്ടെങ്കിലും റിയാക്ട് ചെയ്യാനോ റെസ്പോണ്ട് ചെയ്യാനോ എനിക്കിതുവരെയും തോന്നിയിട്ടില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞു.
ഇന്നത്തെ നടിമാരെ പോലെയായിരുന്നില്ല അന്ന് നടിമാർ കരിയറിൽ മുന്നോട്ട് നീങ്ങിയിരുന്നതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. പ്ലാനിംഗും സ്ക്രിപ്റ്റ് റീഡിംഗുമൊക്കെ പിന്നീട് വന്ന രീതികളാണ്. അന്നൊക്കെ ഫിലിം മേക്കറിൽ വിശ്വാസമുണ്ടായിരുന്നു. ഐവി ശശി സർ, ഭരതൻ സർ തുടങ്ങിയവരൊക്കെ വിളിക്കുമ്പോൾ നമ്മൾക്ക് പ്ലാൻ ചെയ്യേണ്ട ആവശ്യമില്ല. അവരുടെ കഥാപാത്രമായി നമ്മളെ സങ്കൽപ്പിക്കുന്നത് തന്നെ ഒരു വാലിഡേഷനായിരുന്നു. അതിന്റെ മുകളിൽ ചിന്തിക്കേണ്ട ആവശ്യം അന്ന് നമുക്ക് തോന്നിയിട്ടില്ല. സിനിമാ രംഗത്ത് നിന്നുള്ള സൗഹൃദങ്ങൾ മെയിന്റെയിൻ ചെയ്യുന്നത് കുറവാണ്. പക്ഷെ കാണുമ്പോൾ നിർത്തിയിടത്ത് നിന്നും വീണ്ടും തുടങ്ങാൻ സാധിക്കാറുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications











