ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ അങ്ങനെയായിരുന്നു; സംസാരം ഒരു കാര്യത്തിൽ; മഞ്ജുവിനെക്കുറിച്ച് ദിവ്യ ഉണ്ണി
മലയാളികൾക്ക് പ്രിയങ്കരിയാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണെങ്കിലും ദിവ്യ ഉണ്ണിയെ പ്രേക്ഷകർ മറന്നിട്ടില്ല. കരിയറിൽ സജീവമായിരുന്ന കാലത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ട്. മഞ്ജു വാര്യർ-ദിവ്യ ഉണ്ണി എന്നിവർ ഏകദേശം ഒരേ കാലഘട്ടത്തിലാണ് സിനിമാ രംഗത്തേക്ക് വന്നത്. അക്കാലത്ത് ഇവർ തമ്മിൽ മത്സരമുണ്ടെന്നും അകൽച്ചയുണ്ടെന്നും സിനിമാ ലോകത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രണയവർണങ്ങൾ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മഞ്ജു, ദിവ്യ ഉണ്ണി എന്നിവരായിരുന്നു അക്കാലത്ത് മലയാളത്തിൽ നായികമാരിൽ ആദ്യ ചോയ്സ്. 1998 ൽ മഞ്ജു വാര്യർ വിവാഹിതയായി കരിയർ വിട്ടു. മഞ്ജുവിനെ നായികയാക്കി ചെയ്യാനിരുന്ന ചില സിനിമകൾ അന്ന് ചെയ്തത് ദിവ്യ ഉണ്ണിയാണ്. 2002 ൽ ദിവ്യ ഉണ്ണിയും വിവാഹിതയായ ശേഷം സിനിമാ രംഗം വിട്ടു. ഡാൻസിലേക്കാണ് ദിവ്യ പിന്നീട് ശ്രദ്ധ കൊടുത്തത്. മഞ്ജു വാര്യർ ഏറെക്കാലത്തിന് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തി.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ലെന്ന് ദിവ്യ പറയുന്നു. നമ്മളൊക്കെ കിന്റർ ഗാർഡൻ ലെവലിലായിരുന്നു. ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും. ഇന്ന് പ്രാക്ടീസ് ചെയ്തില്ല, ഞാനും പ്രാക്ടീസ് ചെയ്തില്ല എന്നൊക്കെ. മത്സരം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാവുകയുമില്ല. കാരണം നമ്മൾ മത്സരിച്ച് കൊണ്ടിരുന്നാൽ പണി എപ്പോൾ ചെയ്യുമെന്നും ദിവ്യ ഉണ്ണി ചോദിച്ചു.
കരിയറിൽ മുന്നേറണമെങ്കിൽ ചെയ്യുന്ന സിനിമകളിൽ സ്വയം നൂറ് ശതമാനം നൽകണം. ആ ചിന്തയിലാണ് ഞങ്ങൾ കരിയറിൽ ഓടിക്കൊണ്ടിരുന്നതെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം. ആ കാലത്ത് തനിക്ക് വന്ന് ആരാധകരുടെ കത്തിനെക്കുറിച്ചും നടി സംസാരിച്ചു.

ആരാധകരുടെ 25-30 കത്തുകൾ ദിവസവും വരുമായിരുന്നു. എന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ച് അതിന്റെ രസീത് അയക്കും. നമ്മൾ തമ്മിൽ ചേരും, കണിയാനെക്കൊണ്ട് നോക്കിച്ചു എന്ന് ഒരു ആരാധകന്റെ കത്ത് വന്നിട്ടുണ്ട്. അച്ഛനും അമ്മയും വായിച്ച ശേഷമേ കത്തുകൾ തനിക്ക് കിട്ടിയിരുന്നുള്ളൂയെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. അമേരിക്കയിലാണ് ഭർത്താവിനും മക്കൾക്കുമൊപ്പം ദിവ്യ കഴിയുന്നത്. ഡാൻസ് സ്കൂളും അവിടെ ദിവ്യക്കുണ്ട്. ഇടയ്ക്കിടെ താരം കേരളത്തിൽ എത്താറുണ്ട്.
ദിവ്യ സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന ആഗ്രഹം ആരാധകർക്കുണ്ട്. തിരിച്ച് വരവുണ്ടാകും എന്നാണ് ദിവ്യയും പറയുന്നത്. സിനിമാ രംഗത്ത് നിന്നും വിട്ട് നിന്ന നിരവധി നടിമാർ ഇന്ന് വീണ്ടും സജീവമാകുകയാണ്. ഇവരിൽ വലിയ തിരിച്ച് വരവിന് സാധിച്ചത് മഞ്ജു വാര്യർക്കാണ്. മലയാള സിനിമാ രംഗത്തെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ ഇന്ന്. മഞ്ജുവിനെ പോലെ ദിവ്യ ഉണ്ണിക്കും മികച്ച സിനിമകളിലൂടെ തിരിച്ചെത്താനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications











