ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതില്‍ വിഷമമില്ല, സന്തോഷമേയുള്ളൂവെന്ന് ദിവ്യ ഉണ്ണി! കാരണം?
കല്യാണസൗഗന്ധികമെന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്. ബാലതാരമായി അരങ്ങേറിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് താരം തെളിയിച്ചിരുന്നു. വിവാഹത്തോടെയായിരുന്നു താരം സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായി മാറിയ സിനിമയാണ് ആകാശഗംഗ. വെള്ളിത്തിരയെ ഒന്നടങ്കം വിറപ്പിച്ച യക്ഷിയായാണ് താരമെത്തിയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
രണ്ടാം ഭാഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ ദിവ്യ ഉണ്ണിയുടെ വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ചിത്രത്തില്‍ താനില്ലെന്ന് വ്യക്തമാക്കി താരമെത്തിയതോടെയാണ് ഈ ആശക്കുഴപ്പം പരിഹരിച്ചത്. ഈ സിനിമയുമായി സഹകരിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് താരം പറയുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന് വ്യക്തമാക്കി വിനയന്‍ എത്തിയിരുന്നു.

കരിയറില്‍ ഏറ്റവും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളിലൊന്നായിരുന്നു ആകാശഗംഗയിലേത്. ഈ സിനിമയുടെ രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് തനിക്കും ആശങ്കയുണ്ട്. വിനയന്‍ അങ്കിളിന്റെ സിനിമയായതിനാല്‍ പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. സിനിമയുടെ ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗവും വിജയമായി മാറട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.


Click it and Unblock the Notifications