അമ്മുവിന് പെയ്മെന്റ് വന്നപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു, കൊറോണ കാലത്ത് ഞങ്ങൾക്ക് നല്ല വരുമാനം വന്നു; ദിയ കൃഷ്ണ
ക്യാമറകൾ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ കുറിച്ച് തമാശയായി പറയാറുള്ളത്. കാരണം കൃഷ്ണ കുമാറിനും ഭാര്യയ്ക്കും നാല് മക്കൾക്കുമായി ആറ് യുട്യൂബ് ചാനലുകളുണ്ട്. എല്ലാ ചാനലുകളിലും നിരന്തരം വീഡിയോകൾ പ്രത്യക്ഷപ്പെടാറുമുണ്ട്. സ്ത്രീ എന്ന കൃഷ്ണ കുമാറിന്റെ വീട്ടിൽ എന്ത് ആഘോഷം നടന്നാലും അതുമായി ബന്ധപ്പെട്ടുള്ള നാലോ അഞ്ചോ വ്ലോഗ് വീഡിയോകൾ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പങ്കുവെയ്ക്കും.
മാത്രമല്ല ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം കാഴ്ചക്കാരുമുണ്ട്. യുട്യൂബ് ഏറ്റവും സജീവമായി വീഡിയോകൾ പങ്കുവെക്കുന്നൊരാൾ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. നാല് വർഷത്തോളമായി ദിയ യുട്യൂബ് വ്ലോഗിൽ സജീവമായുണ്ട്. പത്ത് ലക്ഷത്തിന് മുകളിലാണ് ദിയയുടെ സബ്സ്ക്രൈബേഴ്സ്.

ഇപ്പോഴിതാ യുട്യൂബ് ചാനൽ തുടങ്ങാനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരപുത്രി. ദിയയുടേയും ഭർത്താവ് അശ്വിന്റെയും ഉറ്റ സുഹൃത്ത് അഭിരാം കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും. അഭിരാം ദിയയുടെ പാത പിന്തുടർന്ന് യുട്യൂബ് വ്ലോഗിങ്ങിലേക്ക് ആരംഭിച്ച് കഴിഞ്ഞു. ആദ്യ വീഡിയോയിൽ അതുകൊണ്ട് തന്നെ ദിയയേയും അശ്വിനേയുമാണ് അഭിരാം സ്പെഷ്യൽ ഗസ്റ്റുകളായി വിളിച്ചത്.
താൻ യുട്യൂബ് ചാനൽ ആരംഭിക്കാൻ കാരണം ചേച്ചി അഹാനയാണെന്നാണ് ദിയ പറഞ്ഞത്. തുടക്കത്തിൽ യുട്യൂബിൽ നിന്നും വരുമാനം വരുമെന്നതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറയുന്നു. എനിക്കൊരു ചാനല്‍ ഉള്ള കാര്യം അറിയുക പോലുമില്ലായിരുന്നു. കൊറോണ കാലത്ത് എപ്പോഴോ ഒരു സമയം അമ്മു ഞങ്ങള്‍ മാലി ദ്വീപില്‍ പോയ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു.
എന്തിനാണ് ഈ മെനക്കെടുന്നത്... അതെടുത്ത് യൂട്യൂബില്‍ ഇട്ടിട്ട് എന്ത് കിട്ടാനാണ് എന്നായിരുന്നു അന്നൊക്കെ എന്റെ മനസില്‍. ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മുവിന് പേയ്‌മെന്റ് കിട്ടിത്തുടങ്ങി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും സ്റ്റക്കായി പോയ നിമിഷമായിരുന്നു അത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പൈസ കിട്ടിയോ എന്നായിരുന്നു ആശ്ചര്യം. എനിക്കും ഒരു അക്കൗണ്ട് തുടങ്ങി തരുമോയെന്ന് അമ്മുവിനോട് ചോദിച്ചിരുന്നു.
നിനക്ക് ഓള്‍റെഡി അക്കൗണ്ട് ഉണ്ടല്ലോ എന്നായിരുന്നു അമ്മുവിന്റെ മറുപടി. ഇല്ല... ഞാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അമ്മു പോയിട്ട് ദിയ കൃഷ്ണ എന്ന് ടൈപ്പ് ചെയ്ത് യുട്യൂബ് ചാനല്‍ കാണിച്ച് തരികയായിരുന്നു. മെയില്‍ ഐഡിയുള്ള എല്ലാവര്‍ക്കും യൂട്യൂബ് അക്കൗണ്ടുണ്ട്. നമ്മളായിട്ട് ബാക്കി ചെയ്യണമെന്ന് മാത്രം. അങ്ങനെയാണ് ഞാന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മീന്‍ കറി വീഡിയോയാണെന്ന് തോന്നുന്നു ആദ്യം അപ് ലോഡ് ചെയ്തത്.

നല്ല വ്യൂസ് ഉണ്ടായിരുന്നു. കൊറോണക്കാലം ഞങ്ങളുടെ കുടുംബത്തിന് ബ്ലെസിങ്ങായിരുന്നു. അങ്ങനെ പറയാമോയെന്ന് എനിക്ക് അറിയില്ല. പക്ഷെ ഞങ്ങള്‍ക്ക് അത് അനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നല്ല വരുമാനമായിരുന്നു കിട്ടിയത്. ബേബിയൊക്കെ വന്നിട്ട് വേണം ഒന്നിച്ച് വീഡിയോ ചെയ്യാന്‍. ക്യാമറയ്ക്ക് മുന്നില്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ചമ്മലായിരുന്നു.
പുറത്തൊക്കെ പോയി വീഡിയോ എടുക്കുമ്പോള്‍ നാണം തോന്നുമായിരുന്നു. അശ്വിനും അങ്ങനെയായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നമില്ല. അശ്വിനും മാറി. വീഡിയോ ചെയ്ത് തുടങ്ങുമ്പോള്‍ ക്യാരക്ടര്‍ ലെവല്‍ മാറും എന്നാണ് താൻ യുട്യൂബ് ചാനൽ തുടങ്ങിയശേഷമുള്ള അനുഭവങ്ങൾ പങ്കിട്ട് ദിയ പറഞ്ഞത്. തന്നെ പിന്തുണയ്ക്കുന്നത് പോലെ തന്നെ അഭിരാമിനേയും പിന്തുണയ്ക്കണെമെന്നും ദിയയും അശ്വിനും വീഡിയോയിൽ ആവശ്യപ്പെട്ടു.
ദിയയും അശ്വിനും ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ദിയ ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. വൈകാതെ പുതിയ ഒരു അംഗം കൂടി കൃഷ്ണ കുമാറിന്റെ കുടുംബത്തിലേക്ക് എത്തും. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം.


Click it and Unblock the Notifications