26 വര്‍ഷത്തിനിടയില്‍ ഇതുവരെ ഒറ്റയ്ക്ക് കിടന്നുറങ്ങിയിട്ടില്ല! ആരുമില്ലാത്ത ദിവസം ഉറങ്ങിയതിനെ പറ്റി ദിയ കൃഷ്ണ
കൃഷ്ണ കുമാറും നാല് പെണ്‍മക്കളും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ആദ്യ വിവാഹം നടക്കാന്‍ പോവുകയാണ്. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹത്തിന് വേണ്ടി താരകുടുംബം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ബ്രൈഡല്‍ ഷവറും മറ്റ് വിവാഹ മുന്നൊരുക്കങ്ങളുമൊക്കെ ഈ ദിവസങ്ങളില്‍ നടന്നിരുന്നു.
ഇതിനിടെ ദിയയും പ്രതിശ്രുത വരന്‍ അശ്വിനും ഒരുമിച്ചുള്ള ഒരു അഭിമുഖവും ശ്രദ്ധേയമായി. വിവാഹത്തെ കുറിച്ചും ഇതുവരെയുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. അതില്‍ താനിതുവരെയായി ഒറ്റയ്ക്ക് കിടന്ന് ഉറങ്ങിയിട്ടില്ലെന്ന് പറയുകയാണ് ദിയ. അങ്ങനൊരു ദിവസം കിടക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവവും ഹാപ്പി ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരപുത്രി പങ്കുവെച്ചു.

'എന്റെ വീട്ടില്‍ ഇരുപത്തിയാറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒറ്റയ്ക്ക് കിടന്നുറങ്ങിയിട്ടില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു മുറിയില്‍ കിടക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ട് ഞങ്ങള്‍ വലുതായതിന് ശേഷം അച്ഛന്‍ വേറൊരു മുറിയിലാണ് കിടന്നുറങ്ങുന്നത്. ഇപ്പോള്‍ തന്നെ ഞാനും ഹന്‍സികയും ബെഡിന് വേണ്ടിയാണ് അടിയാണ്. ഒറ്റയ്ക്ക് കിടന്ന് ശീലമില്ല.
എന്നോ ഒരു ദിവസം അമ്മ, ഇഷാനി, അമ്മു (അഹാന) ഹന്‍സിക, ഇവരൊക്കെ ഒരുമിച്ച് ഉദയ്പൂര് പോയി. ഞാന്‍ മാലിദ്വീപില്‍ പോയി തിരികെ വന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്കായി പോയി.
നീ എന്റെ റൂമിലേക്ക് വരുന്നുണ്ടോന്ന് അച്ഛന്‍ എന്നോട് ചോദിച്ചിരുന്നു. വേണ്ടച്ഛ, കുഴപ്പമില്ല. ഞാനിവിടെ കിടന്നോളം എന്നൊക്കെ പറഞ്ഞു. എനിക്കാണെങ്കില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. ബെഡിന്റെ സൈഡിലൂടെ കോണ്‍ജൂറങ്ങിലെ കഥാപാത്രങ്ങളൊക്കെ വന്ന് നില്‍ക്കുന്നത് പോലെയാണ് തോന്നുന്നത്. ഒന്നാമത് ഒറ്റയ്ക്ക് കിടന്നിട്ടില്ല. അതുകൊണ്ട് എനിക്കതിന് പറ്റില്ലെന്ന് മനസിലായി. എന്നിട്ട് തലയിണ ഒക്കെ എടുത്ത് അച്ഛന്റെ മുറിയില്‍ പോയി തട്ടി.

അച്ഛന്‍ വാതില്‍ തുറന്നിട്ട് എന്താണെന്ന് ചോദിച്ചു. ഞാനും ഇവിടെ കിടന്നോട്ടെ എന്ന് ചോദിച്ചു. അതല്ലേ ഞാനാദ്യം പറഞ്ഞതെന്ന് അച്ഛനും ചോദിച്ചു. അങ്ങനെ ഞാനൊന്നും മിണ്ടാതെ അച്ഛന്റെ കട്ടിലിന്റെ സൈഡില്‍ പോയി കിടന്നുറങ്ങി. അച്ഛന്‍ നല്ലത് പോലെ കൂര്‍ക്കം വലിക്കും. സാധാരണ അത് കേട്ടാല്‍ ഉറക്കം വരാറില്ല. പക്ഷേ അന്ന് കൂര്‍ക്കംവലി കേട്ട് ഞാന്‍ സന്തോഷത്തോടെ കിടന്നുറങ്ങിയെന്നും ദിയ പറയുന്നു.
അതേ സമയം ദിയയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. 'അച്ഛന്‍ ഉണ്ടെങ്കില്‍ അത് ഒരു ധൈര്യം ആണ്. ഇല്ലാതാകുമ്പോള്‍ ആ ശൂന്യത താങ്ങാന്‍ കഴിയില്ല. ദിയയും സഹോദരിമാരും ഭാഗ്യം ചെയ്ത മക്കളാണ്. കൃഷ്ണ കുമാറിനെ പോലൊരു അച്ഛന്‍ ശരിക്കും മാതൃകയാണ്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ ഏഴ് സഹോദരിമാര്‍ ഹാളില്‍ ഒരുമിച്ച് കിടന്ന കാലം ഓര്‍മ വരുന്നു. ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ഉറക്കം കിട്ടാത്ത കാലം. ഇപ്പോള്‍ കല്യാണം കഴിഞ്ഞ് ഓരോരുത്തരും മക്കളേം കൊണ്ട് കിടക്കുന്നു. കല്യാണം വരെയേ ഇത്തരം ഓര്‍മ്മകളൊക്കെ ഉണ്ടാവുകയുള്ളു. ദിയയും ഈ നാളുകള്‍ മിസ് ചെയ്യാന്‍ പോവുകയാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications











