നിങ്ങളുടെയോ ഭാര്യയുടെയോ ഇമോഷനെക്കുറിച്ചല്ല ഞാൻ സംസാരിച്ചത്; കുടുംബത്തെ വലിച്ചിഴച്ചെന്ന് ദിയ കൃഷ്ണ
മുൻ ബിഗ് ബോസ് താരം സിജോയുടെ വിവാഹ വീഡിയോയിൽ പ്രതികരിച്ചതിന് പിന്നാലെ വന്ന വിമർശനത്തിൽ മറുപടി നൽകി ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. വിവാഹ ആഘോഷത്തിനിടെ സുഹൃത്ത് നോറ മുസ്കാൻ സിജോയുടെ മുഖത്ത് കേക്ക് തേച്ചിരുന്നു. ഇതിനെതിരെയാണ് ദിയ പ്രതികരിച്ചത്. എന്റെ ഭർത്താവിനോടാണ് ഇങ്ങനെ ചെയ്തതെങ്കിൽ ചെയ്ത അവനോ അവളോ പിന്നീട് മറ്റാെരു കേക്ക് കഴിക്കാൻ ജീവനോടെയുണ്ടാകില്ലെന്നായിരുന്നു ദിയയുടെ വാക്കുകൾ.
സംഭവത്തിൽ സിജോയും ഭാര്യയും പ്രതികരിച്ചു. നോറ സുഹൃത്താണെന്നും ദിയയുടെ പരാമർശം ശരിയായില്ലെന്നും സിജോ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ദിയ കൃഷ്ണയുടെ പ്രതികരണം. സിജോയെയും ഭാര്യയെയും ദിയ തന്റെ കുറിപ്പിൽ വിമർശിക്കുന്നുണ്ട്. വ്യൂസിന് വേണ്ടിയുള്ള ശ്രമമാണിതെന്നും ഇവരെയൊന്നും തനിക്ക് നേരത്തെ അറിയില്ലെന്നും ദിയ കൃഷ്ണ പറയുന്നു. 'ഇന്നലെ ഒരു വെഡ്ഡിംഗ് ഇവന്റിൽ വെച്ച് വരന് നേരെ സുഹൃത്ത് കേക്ക് എറിയുന്ന വീഡിയോ കണ്ടു'

'വരന് സംഭവിച്ചതും ഭക്ഷണം കളഞ്ഞതും എനിക്ക് വളരെ ദുഖവും അലോസരവും തോന്നി. അതുകൊണ്ടാണ് എന്റെ ഭർത്താവിനാണ് ഇത് സംഭവിച്ചതെങ്കിൽ ചെയ്തയാളെ ഞാൻ കൊല്ലുമെന്ന് പറഞ്ഞത്. ആരെയും വ്യക്തിപരമായി ആക്രമിച്ചതല്ല ഞാൻ. വീഡിയോയിലുള്ള ആരെയും എനിക്കറിയില്ല. പിന്നീടാണ് അവർ ബിഗ് ബോസ് മത്സരാർത്ഥികളാണെന്ന് മനസിലായത്. ഞാൻ ബിഗ് ബോസ് കാണാറില്ല'
'അവരെ എനിക്ക് അറിയുകയുമില്ല. ഇന്ന് ഞാൻ കണ്ട വീഡിയോകൾ ഞെട്ടിക്കുന്നതായിരുന്നു. വ്യൂസിന് വേണ്ടി ഉണ്ടാക്കിയെടുത്ത വീഡിയോ ആണതെന്ന് തോന്നുന്നു. ആളുകൾ തെറ്റായ കാര്യങ്ങൾ യൂട്യൂബിൽ ചെയ്യുന്നത് കണ്ട് ഞാൻ ഞെട്ടിയില്ല. പക്ഷെ യൂട്യൂബ് ചാനലുള്ള ഈ വരനും വധുവും എനിക്കും കുടുബത്തിനുമെതിരെ മോശം പ്രയോഗങ്ങൾ നടത്തി'

'ഒന്നാമത്തെ കാര്യം എന്റെ കുടുംബം ഇതിൽ ഇടപെട്ടിട്ട് പോലുമില്ല. രണ്ടാമത്തെ കാര്യം നിങ്ങളുടെയോ ഭാര്യയുടെയോ ഇമോഷനെക്കുറിച്ചല്ല ഞാൻ സംസാരിച്ചത്. എന്റെ സുഹൃദ്വലയത്തിലെ ആരെങ്കിലും ഇത് ചെയ്താൽ അവരെ ഞാൻ കൊല്ലുമെന്നാണ്. ഭക്ഷണം കളയുന്നതും സുഹൃത്തുക്കളെ ആക്രമിക്കുന്നതുമാണ് നിങ്ങളുടെ സൗഹൃദം. എന്റേത് അങ്ങനെയല്ല. അതുകൊണ്ട് പബ്ലിക് പ്ലാറ്റ്ഫോമിലിട്ട വീഡിയോ ഞാൻ ഞാൻ ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തു'
'ഈ എഴുത്ത് പോലും നിങ്ങളുടെ കണ്ടന്റ് ആയിരിക്കും. അത് ഞാൻ കാര്യമാക്കുന്നില്ല. പക്ഷെ ആ വരന്റെയും വധുവിന്റെയും മറുപടി വീഡിയോ അർത്ഥമില്ലാത്തതും എനിക്കും കുടുബത്തിനുമെതിരെ വിദ്വേഷത്തോടെയുള്ളതുമാണ്. നിങ്ങളെയോ നിങ്ങളുടെ സുഹൃത്തുക്കളെയോ കുറിച്ചല്ല ഞാൻ സംസാരിച്ചത്. എന്റെ സുഹൃത്തുക്കളെയും പങ്കാളിയെയും കുറിച്ചാണ്. അതിന് നിങ്ങളെന്തിനാണ് കരഞ്ഞതെന്ന് എനിക്കറിയില്ല,' ദിയ കൃഷ്ണയുടെ കുറിപ്പിൽ പറയുന്നതിങ്ങനെ. സായ് കൃഷ്ണയെ പരിഹസിച്ച് കൊണ്ടുള്ള കമന്റിലും ദിയ കൃഷ്ണയ്ക്ക് നേരെ വിമർശനം വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുത്തതോടെയാണ് ദിയ പ്രതികരണം നടത്തിയത്. ഇതാദ്യമായല്ല ദിയ വിവാദത്തിൽ അകപ്പെടുന്നത്.


Click it and Unblock the Notifications











