എന്റെ കൊച്ചിന്റെ കാര്യത്തിൽ രണ്ട് കുടുംബവും ഇടപെടരുത്; ആഗ്രഹിക്കുന്നത് എന്റെ ഭർത്താവും മക്കളും; ദിയ
വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. അശ്വിൻ ഗണേശെന്നാണ് ദിയയുടെ പങ്കാളിയുടെ പേര്. സെപ്റ്റംബർ മാസത്തിൽ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് വിവരം. വിവാഹത്തിനുള്ളിൽ ഒരുക്കങ്ങൾ വീട്ടിൽ തുടങ്ങിക്കഴിഞ്ഞു. കുറച്ച് കാലമായി പ്രണയത്തിലാണ് ദിയയും അശ്വിനും. ഇരുവരും നേരത്തെ സുഹൃത്തുക്കളാണ്. എല്ലാ ഘട്ടങ്ങളിലും തനിക്കൊപ്പം നിന്ന അശ്വിനെ ദിയ തന്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ദിയയുടെ വിവാഹം ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാർ കുടുംബം. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാല് പേരും യൂട്യൂബ് ചാനലിലൂടെയാണ് ജനപ്രീതി നേടിയത്. അഹാന മാത്രമാണ് ഇവരിൽ സിനിമാ കരിയറിലേക്ക് ശ്രദ്ധ കൊടുത്തത്. ചേച്ചി അഹാനയുടെ വിവാഹത്തിന് മുമ്പാണ് ദിയ വിവാഹിതയാകുന്നത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വന്നിട്ടുണ്ട്.

തന്റെ കരിയറിലേക്കാണ് അഹാന ഇപ്പോൾ ശ്രദ്ധ നൽകുന്നത്. ഇതുകൊണ്ടാണ് വിവാഹം പിന്നീട് മതിയെന്ന തീരുമാനം. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പൊതുവെ അഹാന സംസാരിക്കാറില്ല. ഇപ്പോഴിതാ ചേച്ചിക്ക് മുമ്പ് വിവാഹം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ. അഹാനയ്ക്ക് മുമ്പ് താൻ വിവാഹം ചെയ്യുമെന്ന് വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നെന്ന് ദിയ പറയുന്നു. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എല്ലാവർക്കും അറിയാമായിരുന്നു. അയൽവക്കത്തെ ആന്റിമാർക്ക് വരെ അറിയാമായിരുന്നു എന്ന് തോന്നുന്നു. ഏറ്റവും കൂടുതൽ ചാട്ടം എനിക്ക് തന്നെ ആയിരുന്നു. കെട്ടാൻ വേണ്ടി മുട്ടിക്കിടക്കുകയായിരുന്നു ഞാൻ. വിവാഹം ചെയ്യാനും കുട്ടികളുണ്ടാകാനും വീട്ടിൽ എനിക്കായിരുന്നു ഏറ്റവും താൽപര്യം. ഉന്നാലേ... എന്ന ഗാനത്തിലേത് പോലെ. ആ പാട്ടിൽ ഒരു ഷോട്ടിൽ അവർ ഗർഭിണിയും അടുത്ത ഷോട്ടിൽ കൊച്ച് വരും. ആ പെട്ടെന്നുള്ള വൈബ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്.

എനിക്ക് ആ ലൈഫാണ് എനിക്കിഷ്ടം. എല്ലാവരും എന്നെ ശ്രദ്ധിക്കണം എന്നൊന്നും എനിക്കില്ല. എന്റെ വ്ലോഗും ബിസിനസും ലൈഫുമായി പോകുന്നു. എനിക്ക് വേണ്ടത് എന്റെ ഭർത്താവും കുട്ടികളുമാണ്. എന്റെയടുത്ത് വേറാരും ഒരു സംസാരത്തിനും വരണ്ട. ഞങ്ങളുടെ ലോകം. എന്റെ ഫാമിലിയുടെ സൈഡിൽ നിന്നും ആരും എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടരുത്. അശ്വിന്റെ കുടുംബത്തിൽ നിന്നും ആരും ഇടപെടരുത്.
ഞങ്ങളുടെ ജീവിതം ഞങ്ങൾ തീരുമാനിക്കണമെന്നും ദിയ കൃഷ്ണ പറഞ്ഞു. സഹോദരിമാരിൽ ദിയയുടെ വ്യക്തി ജീവിതമാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. തന്റെ ജീവിതത്തെക്കുറിച്ച് ദിയ തുറന്ന് സംസാരിക്കാറുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ കാണുന്നത് മാത്രമല്ല തന്റെ ജീവിതമെന്നും ദിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടത് മാത്രമേ കാണിക്കുന്നുള്ളൂ. സോഷ്യൽ മീഡിയയിലൂടെ തന്നെക്കുറിച്ച് അറിയാമെന്ന് കരുതുന്നവരുടെ ധാരണ തെറ്റാണെന്നും ദിയ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











