വിവാഹമെന്ന് ദിയ; കുടുംബത്തിന് മൗനം; 'വീട്ടുകാരുടെ വിചാരം ബോറടിക്കുമ്പോൾ ഞാൻ ബോയ്ഫ്രണ്ടിനെ മാറ്റുമെന്ന്'
സോഷ്യൽ മീഡിയയിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ദിയ കൃഷ്ണ മടിക്കാറില്ല. ദിയയുടെ പ്രണയവും പ്രണയത്തകർച്ചയുമെല്ലാം നേരത്തെ വലിയ തോതിൽ ചർച്ചയായതാണ്. കഴിഞ്ഞ ദിവസമാണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വൻ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു. സർപ്രെെസായാണ് അശ്വിൻ ഗണേഷ് ദിയയെ പ്രൊപ്പോസ് ചെയ്തത്.
സ്വർണത്തിലും ഡയമണ്ടിലും പണിത മോതിരമാണ് അശ്വിൻ ദിയയെ അണിയിച്ചത്. സർപ്രെെസ് പ്രൊപ്പോസൽ ആയിരുന്നെങ്കിലും ചെറിയൊരു സൂചന തനിക്ക് ലഭിച്ചിരുന്നെന്ന് ദിയ വീഡിയോയിൽ പറയുന്നു. വീഡിയോയിൽ പറഞ്ഞ മറ്റൊരു പ്രധാന കാര്യം തന്റെ വിവാഹത്തെക്കുറിച്ചാണ്. ഈ വർഷമോ അടുത്ത വർഷമോ വിവാഹിതരായേക്കുമെന്നാണ് ദിയ വ്യക്തമാക്കിയത്. വിവാഹത്തെക്കുറിച്ച് നേരത്തെയും ദിയ സംസാരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കൽ ചോദ്യം വന്നപ്പോഴാണ് ദിയ മറുപടി നൽകിയത്.

കല്യാണം കഴിച്ച് രണ്ട് ക്യൂട്ട് കുട്ടികളുമായി ജീവിക്കാൻ എനിക്ക് ഭയങ്കര ആഗ്രഹമാണ്. എന്റെ ചേച്ചി അടുത്ത കാലത്തൊന്നും കെട്ടില്ല. ചേച്ചി കെട്ടുമെന്ന് പറഞ്ഞ് ഞാനെത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. ഞാൻ ഓവർ ടേക്ക് ചെയ്ത് കെട്ടേണ്ടി വരുമെന്നും ദിയ കൃഷ്ണ ചിരിച്ച് കൊണ്ട് അന്ന് പറഞ്ഞു. അതേസമയം വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്ന് ദിയ പറഞ്ഞെങ്കിലും ദിയയുടെ കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അശ്വിൻ പ്രൊപ്പോസ് ചെയ്ത കാര്യം ദിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചപ്പോൾ സഹോദരി ഹൻസികയിട്ട കമന്റും ശ്രദ്ധ നേടി. ഡെയ്, ഇതൊക്കെ എപ്പോൾ എന്നായിരുന്നു ഹൻസികയുടെ കമന്റ്. മറ്റ് സഹോദരിമാരൊന്നും പ്രതികരിച്ചിട്ടില്ല. പൊതുവെ എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണയ്ക്കുന്നവരാണ് ദിയയും സഹോദരിമാരും. എന്നാൽ ദിയയുടെ പുതിയ പ്രണയ ബന്ധത്തെ ഇവർ പിന്തുണയ്ക്കുന്നില്ലേ എന്ന ചോദ്യം ആരാധകർക്കുണ്ട്. തന്നെക്കുറിച്ച് വീട്ടുകാർക്കുള്ള തെറ്റിദ്ധാരണയെക്കുറിച്ച് ദിയ കൃഷ്ണ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

ബോയ്ഫ്രണ്ട്സിനെ ബോറടിക്കുമ്പോൾ അവരെ വിട്ട് പോകുമെന്ന ഗോസിപ്പ് കേട്ടിട്ടുണ്ടല്ലോ എന്ന് ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ദിയയോട് ചോദിച്ചിരുന്നു. അന്നാണ് കുടുംബത്തെക്കുറിച്ചും ദിയ സംസാരിച്ചത്. ബോറടിക്കുമ്പോൾ ഞാൻ ബോയ്സിനെ മാറ്റുമെന്ന് എന്റെ വീട്ടുകാരും വിശ്വസിച്ചിരിക്കുന്ന കാര്യമാണ്. യഥാർത്ഥത്തിൽ എന്നെ ഡേറ്റ് ചെയ്യുന്ന പയ്യൻമാർക്ക് എന്നെ ബോറടിച്ചിട്ട് വേറെ പെണ്ണുങ്ങളുടെ മണം അടിക്കുമ്പോൾ അങ്ങോട്ട് പോകാൻ തോന്നും.
എന്നെ കഞ്ഞിയാക്കി മാറ്റി ബിരിയാണിയും ഫ്രെെഡ് റെെസും കാണുമ്പോൾ അവർ പിന്നാലെ പോകുന്നതാണ്. ഞാൻ കൈയിലിരിക്കുന്നത് കഞ്ഞിയാണെങ്കിലും പയറും ചമ്മന്തിയും കൂട്ടി കൂടെ നിർത്തുന്ന ആളാണ്. എല്ലാവരെയും സ്പെഷ്യൽ ആക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തൊക്കെ കണ്ടിട്ടും സഹിച്ച് സഹിച്ച് പട്ടി ചന്തയ്ക്ക് പോകുന്നത് പോലെ കൂടെ നിന്നിട്ടുണ്ട്.
ഡേറ്റ് ചെയ്ത ഓരോ ആൾക്കാരെയും പത്ത് പന്ത്രണ്ട് വർഷം ഡേറ്റ് ചെയ്ത് കല്യാണം കഴിച്ച് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഈ പയ്യൻമാർക്കാർക്കും അതിന് താൽപര്യമില്ലായിരുന്നു. എന്നെ കെട്ടണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ പ്രധാന ഡിഷ് ആക്കി വെച്ച് സൈഡിൽ അച്ചാറൊക്കെ നക്കാൻ പോകണമെന്നായിരുന്നു. പ്രധാന ഡിഷ് ആയ ഞാൻ മാത്രം മതിയെന്ന ഒരാൾ വരുമ്പോൾ അവനെ കല്യാണം കഴിക്കുമെന്നും ദിയ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











