'അശ്വിനെ നിർബന്ധിച്ച് ചെയ്യിച്ചത് പോലെ, വൈഷ്ണവിനെ പോലെയാക്കുന്നു'; സ്വന്തം ജീവിതം നോക്കെന്ന് ദിയയുടെ ആരാധകർ
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണ കടന്ന് പോകുന്നത്. അമ്മയാകാൻ പോകുകയാണ് ദിയ. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയയും ഭർത്താവ് അശ്വിൻ ഗണേശും. ഗർഭിണിയാണെന്ന് അറിയിച്ച ദിയയുടെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് യൂട്യൂബിൽ കണ്ടത്. വിവാഹവും കുടുംബ ജീവിതവുമാണ് താനെന്നും ആഗ്രഹിച്ചതെന്ന് ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്.
ഗർഭിണിയായതോടെ ദിയ തന്റെ ഫോട്ടോകൾ അധികം പങ്കുവെക്കാറില്ല. ഇപ്പോഴിതാ ഭർത്താവ് അശ്വിൻ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയ. ടാറ്റൂ ചെയ്തതിന്റെ സന്തോഷം അശ്വിൻ വീഡിയോയിലൂടെ പങ്കുവെച്ചു. ടാറ്റൂ തനിക്കും വളരെ ഇഷ്ടമാണെന്ന് ദിയ പറയുന്നുണ്ട്. ഏറ്റവും കൂടുതൽ ഞാൻ ടാറ്റൂ ശ്രദ്ധിച്ചിട്ടുള്ളത് വിരാട് കോലിയുടെ കയ്യിലാണ്. താനാണ് അശ്വിന് ടാറ്റൂവിന്റെ ഡിസൈൻ കൊടുത്തതെന്നും ദിയ പറയുന്നുണ്ട്. എന്നാൽ വീഡിയോ കണ്ട ചിലര്‌ക്ക് ഇതിഷ്ടമായില്ല.

ചിലർ ദിയയുടെ മുൻ കാമുകന്റെ പേര് വരെ പരാമർശിച്ചു. അശ്വിനിൽ വെഷ്ണവിന്റെ ക്ലോണുണ്ടാക്കാനുള്ള ഡെസ്പറേഷനിലാണ് ഓസി എന്നാണ് ഒരാളുടെ കമന്റ്. എനിക്കും അങ്ങനെ തോന്നിയെന്ന് മറ്റൊരാൾ ഇതിന് മറുപടിയായി കമന്റ് ചെയ്തു. അശ്വിനെ ദിയ നിർബന്ധിച്ച് ടാറ്റൂ ചെയ്യിച്ചതാണെന്ന് തോന്നുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിലർക്ക് ഇത്രയും വലിയ ടാറ്റൂ ഡിസൈൻ ഇഷ്ടപ്പെട്ടില്ല. ഇത്ര വലിയ ടാറ്റൂ വേണ്ടായിരുന്നു, മെഹന്ദിയിട്ടത് പോലെയുണ്ടെന്നും അഭിപ്രായം വന്നു.
അശ്വിന്റെ വീട്ടിൽ വെച്ച് മീൻ കഴിക്കാൻ പറ്റാത്തതിനാൽ അടുത്ത വീട്ടിൽ വെച്ച് ഒരു ചേച്ചി മീൻ വറുത്ത് കൊണ്ട് തന്നതിനെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. ഇതും ചിലർക്ക് ഇഷ്ടമായില്ല. അശ്വിന്റെ കുടുംബത്തിന്റെ പ്രിഫറൻസുകൾ ബഹുമാനിക്കാൻ പഠിക്കൂ ദിയ. അവർക്ക് നോൺ വെജ് ഇഷ്ടമല്ലെങ്കിൽ അവരുടെ സംസ്കാരം അങ്ങനെയായത് കൊണ്ടാണ്. അവരെ കുറ്റപ്പെടുത്താനാകില്ല. ആ വീട്ടിൽ തന്നെ നോൺ വെജ് വേണമെന്ന് എന്തിനാണിത്ര നിർബന്ധം. വെജിറ്റേറിയൻ കഴിക്കാത്തയാളല്ല ദിയ. എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നില്ല എന്നാണ് ഒരാളുടെ കമന്റ്.

അതേസമയം കുറ്റപ്പെടുത്തലുകൾക്ക് ദിയയുടെ ആരാധകർ തന്നെ മറുപടി നൽകുന്നുണ്ട്. സ്വന്തം ജീവിതം നോക്കെന്നും അവരുടെ കാര്യത്തിൽ ഇടപെടരുതെന്നുമാണ് ആരാധകർ പറയുന്നത്. നെഗറ്റീവ് കമന്റുകളേക്കാളധികം പോസിറ്റീവ് കമന്റുകളും ദിയക്ക് വന്നിട്ടുണ്ട്. ഗർഭിണിയായപ്പോൾ ദിയ കൂടുതൽ സുന്ദരിയായെന്നാണ് അഭിപ്രായങ്ങൾ. രണ്ട് പേരുടെയും കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു. തന്റെ ജീവിതത്തെക്കുറിച്ച് യൂട്യൂബ് ചാനലിൽ ദിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. വൈഷ്ണവ് എന്നായിരുന്നു മുൻ കാമുകന്റെ പേര്.
ഇവരൊരുമിച്ചുള്ള വ്ലോഗുകൾ എപ്പോഴും ശ്രദ്ധ നേടിയിരുന്നു. എന്നാൽ പിന്നീടിവർ ബ്രേക്കപ്പായി. മുൻ പ്രണയങ്ങളിലെല്ലാം താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ദിയ പറഞ്ഞിട്ടുണ്ട്. അശ്വിന്റെയും സുഹൃത്തായിരുന്നു വൈഷ്ണവ്. ബ്രേക്കപ്പിന് ശേഷം ദിയ അശ്വിനുമായി അടുക്കുകയായിരുന്നു. പിന്നീടിവർ പ്രണയത്തിലായി. വൈകാതെ വിവാഹവും നടന്നു. നിരവധി ആരാധകർ ഇന്ന് രണ്ട് പേർക്കുമുണ്ട്.


Click it and Unblock the Notifications