'എന്തിന് സ്ഥാനാർത്ഥിയായെന്ന് അറിയില്ല, എംഎൽഎയുടെ ഫുൾഫോം മുതൽ പഠിക്കണം, ചില്ലറയ്ക്കായി ഓടേണ്ടി വരില്ല'
നമ്മുടെ നാടാണോ മാറേണ്ടത്..? അല്ല നമ്മുടെ വോട്ടാണ് ശരിയാകേണ്ടത്. അതൊരു കടമയല്ല ഭാവിയുടെ കരാറാണ്. വെറുമൊരു ബട്ടണല്ല തലമുറയുടെ ഭാവിയാണ്. നമ്മളെ ആരാണ് ഭരിക്കേണ്ടതെന്ന് നമ്മൾ പറയുന്ന ദിവസമാണ്. കണ്ണ് തുറന്ന് വോട്ട് ചെയ്തില്ലെങ്കിൽ പിന്നീടുള്ള അഞ്ച് വർഷം കണ്ണ് അടയ്ക്കേണ്ടി വരും. ചിന്തിച്ച് ചെയ്തില്ലെങ്കിൽ അതിന്റെ പശ്ചാത്താപം അഞ്ച് വർഷത്തേക്ക് നീളും. വോട്ട് ചെയ്യാതെ വീട്ടിൽ ഇരിക്കുകയുമരുത്. നമ്മുടെ ഭാവി മറ്റൊരാളാൽ തീരുമാനിക്കപ്പെടും.
ഈ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സെലിബ്രിറ്റികളായ താരങ്ങൾക്ക് ജനങ്ങളോടുള്ള അടുപ്പവും അവരോടുള്ള കരുതലും എപ്രകാരമായിരിക്കുമെന്ന് അവരിൽ ആർക്കൊക്കെ അതിന് യോഗ്യതയുണ്ടെന്നുമുള്ള വിഷയത്തിൽ ആലപ്പി അഷ്റഫ് സംസാരിക്കുകയാണിപ്പോൾ. തെരഞ്ഞെടുപ്പിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കൾക്കൊപ്പം ബിഗ് ബോസ് എന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികളും പങ്കെടുക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ബിഗ് ബോസ് ഷോ നിർത്തലാക്കണമെന്ന് പലപ്പോഴായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ അതിൽ പങ്കെടുത്ത പലരും ഇന്ന് കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ എത്തുവാനുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. അവരെ ആക്ഷേപിച്ചവർ അടക്കമാണ് അതേ മത്സരാർത്ഥികളെ മത്സരരംഗത്തേക്ക് ഇറക്കാൻ മത്സരിക്കുന്നത്.
ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന അഖിൽ മാരാർ, വീണ നായർ, ലക്ഷ്മിപ്രിയ എന്നിവർ എംഎൽഎയും മന്ത്രിയുമാകാനുള്ള സ്വപ്നം കണ്ടുകൊണ്ടാകാം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇത് കൂടാതെ ബിഗ് ബോസ് താരങ്ങളായിരുന്ന റോബിൻ രാധാകൃഷ്ണനും ശ്വേത മേനോനുമൊക്കെ മത്സരരംഗത്തുണ്ടെന്ന് കേട്ടുവെങ്കിലും ഇപ്പോൾ അവർ മത്സരിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പശ്ചാത്തലമോ രാഷ്ട്രീയ പരിജ്ഞാനമോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
സ്ഥാനാർത്ഥിയാകണമെങ്കിൽ അടിയും തെറിയും പരദൂഷണവുമൊക്കെയുള്ള ബിഗ് ബോസ് ഷോയിൽ പങ്കെടുത്താൽ മതിയെന്ന സ്ഥിതിയായി. ബിഗ് ബോസിലെ ചില താരങ്ങൾ പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റ് ഒപ്പിച്ചെടുക്കാൻ തേരാപാര നടന്നുവെങ്കിലും കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ അവരാരും ഏഴ് അയലത്ത് അടുപ്പിച്ചില്ല. അവസാനം ഇവരൊക്കെ അഭയം തേടിയത് ട്വന്റി ട്വന്റി എന്ന പ്രാദേശിക കക്ഷിയിലാണ്.
അഖിൽ മാരാരെ തൃക്കാക്കര നിയോജക മണ്ഡലം പിടിച്ച് എടുക്കുന്നതിന് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിൽ നേർച്ച കോഴിയാകാനുള്ള അവസരം ലഭിച്ച ചാരുതാർഥ്യത്തോടെ ഇനിയുള്ള കാലം അഖിലിന് സന്തോഷിക്കാം. അഞ്ജലി നായർ നല്ലൊരു അഭിനേത്രിയാണ്. എന്നാൽ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അതിൽ ഒരു ശിശുവാണെന്നും അവർ തന്നെ പറയുന്നുണ്ട്. ജനങ്ങളുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ മേക്കപ്പിടാതെ വീടിന് അടുത്തുള്ള കടയിൽ പോയി സാധനം വാങ്ങിക്കുമെന്നും അപ്പോൾ കാണുന്നവരോടെല്ലാം സംസാരിക്കും എന്നുമാണ്.

എന്തിനാണ് താൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് അഞ്ജലിക്ക് പോലും മനസിലായിട്ടില്ല. ട്വന്റി ട്വന്റിക്കാർ വിളിച്ച് ചോദിച്ചു ഞാൻ സമ്മതിച്ചു. എംഎൽഎയുടെ ഫുൾ ഫോം അടക്കം ഇനി വേണം പഠിച്ചെടുക്കാൻ. ട്വന്റി ട്വന്റിക്ക് വേണ്ടി ഏറ്റുമാനൂരിൽ വീണ നായരാണ് മത്സരിക്കുന്നത്. ബിഗ് ബോസ് ഷോ തന്റെ കുടുംബ ജീവിതത്തെ പോലും ബാധിച്ചുവെന്ന് വീണ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പല അഭിമുഖങ്ങളിലും പരാധീനതകൾ പറഞ്ഞ് കരയാറുള്ള വീണയാണ് ഏറ്റുമാനൂരിലെ ജനങ്ങളുടെ പരാതികൾ കേട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്. ട്വിന്റി ട്വന്റിയിലാകുമ്പോൾ അത്യാവശ്യം ചില്ലറയ്ക്ക് വേണ്ടി വീണയ്ക്ക് ഇനി ഓടി നടക്കേണ്ടി വരില്ല. ട്വന്റി ട്വന്റിക്ക് വേണ്ടി പെരുമ്പാവൂരിൽ നിൽക്കുന്നത് ലക്ഷ്മി പ്രിയയാണ്. കുറേനാളായി എയറിൽ നിന്ന ലക്ഷ്മിപ്രിയ ഇപ്പോഴാണ് താഴെ ഇറങ്ങിയത്. വീണ്ടും എയറിലേക്ക് പോകാൻ സാധ്യതയുണ്ട്.
ലക്ഷ്മിപ്രിയ പെരുമ്പാവൂരിൽ ജയിക്കാനുള്ള ഒരേയൊരു സാധ്യത ശാപവും വോട്ട് ചെയ്യാത്തവർ പുഴുത്ത് ചാകുമെന്ന ഭയവും കാരണം വോട്ട് ചെയ്തേക്കും. ജയിച്ച് നിയമസഭയിൽ എത്തിയാൽ അവിടേയും പ്രാക്കും കാർക്കിച്ച് തുപ്പും നടത്തുമോയെന്നും ചിലരൊക്കെ ഭയപ്പെടുന്നു. രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്തവരും പൊതുജനവുമായി യാതൊരു ബന്ധവും ഇല്ലാത്തവരും അടിസ്ഥാന പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കാത്തവരും എങ്ങനെയാണ് ട്വന്റി ട്വന്റിയിൽ ചേക്കേറിയത്.
ഇപ്പോൾ മത്സരരംഗത്തുള്ള ഒരു സെലിബ്രിറ്റിയും വിജയിക്കാനുള്ള വിദൂര സാധ്യത പോലുമില്ല. അതേസമയം രമേഷ് പിഷാരടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്‍ട്രീയത്തിൽ സജീവമായതുകൊണ്ട് വിജയ സാധ്യതയുണ്ട്. പെട്ടന്ന് മുളച്ച് വന്ന തകരയല്ല. ക്ലീൻ ഇമേജുമാണ് എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications

















