സിൽക് സ്മിത കടിച്ച ആപ്പിളിന് ലേലത്തിൽ ലഭിച്ചത് രണ്ട് ലക്ഷമോ 200 രൂപയോ?; അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് നടി സിൽക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. മാദാക താരമായി വൻ ആരാധക വൃന്ദം സൃഷ്ടിച്ച സിൽക് സ്മിത മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇന്നും സിനിമാ ലോകം സിൽക് സ്മിതയെ ഓർക്കുന്നു. ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിൽക് സ്മിതയ്ക്ക് ഇത്തരം സിനിമകളിൽ അഭിനയിക്കുന്ന നടിമാർക്ക് ലഭിക്കുന്ന പരിഗണനയേക്കാൾ കൂടുതൽ പരിഗണന ലഭിച്ചു. അത്രമാത്രം താരമൂല്യം സ്മിതയ്ക്കുണ്ടായി. താൻ ചെയ്യുന്ന ഡാൻസ് രംഗങ്ങൾ മികച്ചതായിരിക്കണം എന്ന നിർബന്ധം സിൽക് സ്മിതയ്ക്കുണ്ടായിരുന്നു.
തന്റെ രൂപ ഭംഗി നിലനിർത്താൻ സിൽക് സ്മിത എപ്പോഴും ശ്രദ്ധിച്ചിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. സിൽക് സ്മിതയെക്കുറിച്ചുള്ള പ്രസിദ്ധമായ കഥയാണ് നടി കഴിച്ച ആപ്പിൾ ലേലത്തിന് വെച്ചത്. താരത്തിന്റെ ആരാധക വൃന്ദം എത്രത്തോളം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഒരു സിനിമയുടെ ഷൂട്ടിനിടെ നടന്ന സംഭവമാണിതെന്ന് പറയപ്പെടുന്നു.

ഷോട്ടെടുക്കുന്നതിനിടെ കുറച്ച് സമയം ലഭിച്ചപ്പോൾ സിൽക് സ്മിത ഒരു ആപ്പിൾ കഴിച്ചു. കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഷോട്ടിന് വിളിച്ചു. ഇതോടെ കടിച്ച ആപ്പിൾ അവിടെ വെച്ച് നടി പോയി. ഇത് ശ്രദ്ധയിൽ പെട്ട ഒരു വ്യക്തി ഈ ആപ്പിൾ എടുത്തു. സിൽക് സ്മിത കടിച്ച ആപ്പിൾ എന്ന പേരിൽ ഇത് ലേലം ചെയ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ലേലത്തിൽ ലഭിച്ച തുകയെക്കുറിച്ച് പല വാദങ്ങളുമുണ്ട്. രണ്ട് ലക്ഷം രൂപയ്ക്കാണ് ആപ്പിൾ വിറ്റതെന്ന് ചിലർ പറയുന്നു. ചിലർ ഒരു ലക്ഷം രൂപയെന്നും ചിലർ 25,000 രൂപയെന്നും പറയുന്നു. എന്നാൽ 200 രൂപ മാത്രമാണ് ലഭിച്ചതെന്നും വാദമുണ്ട്.
ഇതേക്കുറിച്ച് വ്യക്തമായ വിവരം ഇന്നും ലഭ്യമല്ല. സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ചും പല കഥകൾ പ്രചരിച്ചിട്ടുണ്ട്.മേക്കപ്പ് സഹായിരുന്ന സി്മിത പിന്നീട് സിൽക് സ്മിതയായി മാറിയതെങ്ങനെയെന്ന് ഏവർക്കും അറിയാം. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ സംസാരിക്കാൻ സിൽക് സ്മിത താൽപര്യപ്പെട്ടിരുന്നില്ല. കുടുംബത്തെക്കുറിച്ചും വ്യക്തമായ വിവരം ഇല്ല. കുടുംബവുമായി സിൽക് സ്മിത അകൽച്ചയിലായിരുന്നെന്ന് ചിലർ പറഞ്ഞിട്ടുണ്ട്.

1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു സിൽക് സ്മിത. ഈ മരണത്തിന് കാരണമെന്തായിരുന്നെന്നും വ്യക്തമല്ല. ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പേ സിൽക് സ്മിതയുടെ താര പ്രഭ കുറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് നിന്ന് സാമ്പത്തിക നഷ്ടം വന്നതും വിശ്വസിച്ചിരുന്നവർ ചതിച്ചതുമാണ് സിൽക് സ്മിത ജീവനൊടുക്കാൻ കാരണമെന്ന് അഭ്യൂഹമുണ്ട്.
ഡോക്ടറായ ഒരു വ്യക്തി സിൽക് സ്മിതയക്കൊപ്പം ഉണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ സുഹൃത്തായ നടി അനുരാധയെ സിൽക് സ്മിത വിളിച്ചിരുന്നു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നാൽ രാത്രിയായതിനാൽ നാളെ കണ്ട് സംസാരിക്കാമെന്ന് അനുരാധ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ അനുരാധ കേൾക്കുന്നത് സിൽക് സ്മിതയുടെ മരണ വാർത്തയാണ്.


Click it and Unblock the Notifications