നാൽപ്പത്തിയാറാം വയസിൽ സീരിയൽ നടിയുമായി വിവാഹം, തമിഴ് താരം റെഡിൻ കിംഗ്സ്ലിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ!
റെഡിൻ കിംഗ്സ്ലി എന്ന തമിഴ് താരത്തെ മലയാളികൾ അറിഞ്ഞ് തുടങ്ങിയത് ശിവകാർത്തികേയൻ സിനിമ ഡോക്ടർ റിലീസായശേഷമാണ്. ഡോക്ടറിലെ ഭഗത് എന്ന താരത്തിന്റെ പോലീസ് വേഷത്തിനാണ് ആരാധകർ കൂടുതൽ. ഇപ്പോഴിതാ നാൽപ്പത്തിയാറാം വയസിൽ താരം വിവാഹിനായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴ് സിനിമപ്രേമികൾക്ക് ഒരു സർപ്രൈസ് തന്നെയായിരുന്നു റെഡിന്റെ വിവാഹം. കാരണം യാതൊരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെയാണ് ഉച്ചയോടെ വിവാഹഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
തമിഴ് സീരിയൽ താരം സംഗീതയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. റെഡിൻ കിംഗ്സ്ലിയുടെ സിനിമാ സുഹൃത്തും പ്രശസ്ത നടനും നർത്തകനുമായ സതീഷാണ് റെഡിന് ആശംസകൾ നേർന്ന് വിവാഹ ഫോട്ടോകൾ പങ്കിട്ടത്. ഇതൊരു സിനിമാ സെറ്റല്ല. ഇത് സത്യമാണ് എന്നാണ് അദ്ദേഹം റെഡിന്റെയും സംഗീതയുടെയും വിവാഹ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.

സോഷ്യൽമീഡിയയിൽ റെഡിന്റെ വിവാഹ ചിത്രങ്ങൾ വൈറലായി തുടങ്ങിയപ്പോൾ ആരാധകരെല്ലാം ഷൂട്ടിങിന്റെ ഭാഗമായി നടന്ന വിവാഹമാണോ എന്ന് സംശയിക്കുകയും അത്തരം കമന്റുകൾ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെയാണ് റെഡിന് വേണ്ടി സതീഷ് ഇത് യഥാർത്ഥ വിവാഹം തന്നെയാണെന്ന് വ്യക്തമാക്കി എത്തിയത്.
വിവാഹ ചിത്രങ്ങൾ വൈറലായതോടെ സിനിമാ ലോകത്തും സീരിയൽ ലോകത്തുമുള്ള താരങ്ങളെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി. ഇളം ലാവണ്ടർ ഷേഡ് വരുന്ന സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു റെഡിന്റെ വേഷം. റെഡിന്റെ വസ്ത്രത്തോട് മാച്ചാകുന്ന ഇളം ലാവണ്ടർ ഷേഡ് വരുന്ന സിൽക്ക് സാരിയും ആഭരണങ്ങളുമാണ് വധു സംഗീത അണിഞ്ഞിരുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഇന്റിമേറ്റ് ഫങ്ഷനായിരുന്നു റെഡിന്റെയും സംഗീതയുടെയും വിവാഹം. തൂത്തുകുടിയിലാണ് റെഡിൻ ജനിച്ച് വളർന്നത്. റെഡിന്റെ സംഭാഷണ രീതിയാണ് താരത്തിന് ആരാധകരെ നേടി കൊടുത്തത്.
ഒരു നല്ല നർത്തകൻ കൂടിയാണ് റെഡിൻ. അതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തിയതും ഡാൻസിലൂടെയാണ്. 1998ൽ പുറത്തിറങ്ങിയ അവൾ വരുവാള എന്ന സിനിമയിലെ ഒരു ഗാനത്തിൽ റെഡിനും ഡാൻസ് ചെയ്തിട്ടുണ്ട്. നടനായി ചലച്ചിത്രരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ചെന്നൈയിലും ബാംഗ്ലൂരിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു റെഡിൻ.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് സിമ്പു നായകനായ വേട്ടൈ മന്നൻ എന്ന ചിത്രത്തിലാണ് റെഡിൽ ആദ്യം അഭിനയിച്ചത്. പക്ഷെ ആ സിനിമ പുറത്തിറങ്ങിയില്ല. ചിത്രം അണിയറപ്രവർത്തകർ പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് 2018ൽ നെൽസൺ വീണ്ടും സംവിധാനത്തിന് ഇറങ്ങി. നയൻതാരയുടെ കോലമാവ് കോകിലയായിരുന്നു സിനിമ.
സുഹൃത്ത് റെഡിനും നെൽസൺ അവസരം കൊടുത്തു. അതോടെ റെഡിന്റെ സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. കോലമാവ് കോകില മുതലാണ് റെഡിനെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. ഡോക്ടറിലേക്ക് എത്തിയപ്പോൾ റെഡിന് വലിയൊരു വിഭാഗം ആരാധക വൃന്ദം രൂപം കൊണ്ടു. ഡോക്ടറിന് ശേഷം ബീസ്റ്റിലും ജയിലറിലും റെഡിൻ അഭിനയിച്ചു.
റെഡിനെപ്പോലെ മിനി സക്രീനിൽ ഒട്ടനവധി ആരാധകരുള്ള നായികയാണ് താരത്തിന്റെ വധു സംഗീത. ഇരുവരുടെയും അറേഞ്ച്ഡ് മാരേജാണോ പ്രണയ വിവാഹമാണോ എന്നത് വ്യക്തമല്ല. വിജയിയുടെ ലോകേഷ് കനകരാജ് സിനിമ മാസ്റ്ററിൽ സംഗീത അഭിനയിച്ചിട്ടുണ്ട്. കാട്രുകെന്ന വെളി, തിരുമകൾ തുടങ്ങിയവയാണ് സംഗീത അഭിനയിച്ച് ശ്രദ്ധേയമായ തമിഴ് സീരിയലുകൾ. നയൻതാരയുടെ അടുത്തിടെ പുറത്തിറങ്ങിയ അന്നപൂർണി എന്ന സിനിമയാണ് റെഡിൻ അവസാനമായി അഭിനയിച്ചത്. നടി എന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് സംഗീത.


Click it and Unblock the Notifications