എനിക്ക് മകന്റെയൊപ്പം ഭക്ഷണം കഴിക്കണമെന്ന് മമ്മുക്ക: ദുൽഖർ ലോകയുടെ കഥ കേട്ടത് ഇങ്ങനെ
ലോക എന്ന സൂപ്പർഹീറോ ചിത്രം ഇപ്പൊൾ ബ്ലോക്ക്ബസ്റ്ററിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ, നസ്ലെൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഒരിക്കൽ കൂടി മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. പ്രശ്‌സത താരം ദുൽഖർ സൽമാൻ നിർമ്മിച്ച ലോക, കഷ്ടിച്ച് 33 കോടി രൂപയുടെ ബഡ്ജറ്റിലാണ് നിർമിച്ചത്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ടോട്ടൽ കളക്ഷൻ എടുത്താൽ 80 കോടി ക്ലബ്ബിലേക്ക് കയറാൻ ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തുന്ന ചിത്രം.
അടുത്തിടെ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, സംവിധായകൻ ഡൊമിനിക് അരുണും, ഛായാഗ്രാഹകൻ നിമിഷ രവിയും, ലോക സിനിമയുടെ പിറവിയെക്കുറിച്ച് മനസ്സ് തുറന്നു. ഒരുപാട് പ്രൊഡ്യൂസർമാരെ സമീപിച്ചതിന് ശേഷം ഒടുവിൽ ദുൽഖർ സൽമാനോട് കഥ പറഞ്ഞതും, ആ അവസരത്തിൽ തന്നെ മമ്മൂട്ടിയുമായി നടന്ന രസകരമായ ഒരു ചെറിയ സംഭാഷണത്തെ കുറിച്ചും സംവിധായകൻ ഓർത്തെടുത്തു.

ദുൽഖർ സൽമാനോട് ലോകയുടെ കഥ പറയുന്നതിന് മുൻപ്, പല നിർമ്മാതാക്കളെയും സമീപിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ ഡൊമിനിക് അരുണും, നിമിഷ രവിയും, ആരും ഈ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല എന്ന് കൂട്ടിച്ചേർത്തു. കഥ ഇഷ്ടപ്പെട്ടവർ പോലും കുറച്ചു വർഷങ്ങൾ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. കിംഗ് ഓഫ് കൊത്തയുടെ സെറ്റിൽ വച്ച് ഈ വിവരം ദുൽഖർ അറിഞ്ഞപ്പോൾ, "നിങ്ങൾ ഈ നല്ല ഐഡിയയൊക്കെ മറ്റുള്ളവർക്ക് കൊണ്ട് കൊടുക്കുന്നത് എന്തിനാണ്? നമുക്ക് ഇത് ചെയ്തു കൂടെ?" എന്നാണ് താരം നിമിഷിനോട് ചോദിച്ചത്. അങ്ങനെ ദുൽഖറിനോട് കഥ പറയാൻ ഡൊമിനിക് അരുൺ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്നു.

"ലോകയുടെ കഥ പറയുന്നത് രണ്ട് തവണയായിട്ടാണ്. ദുൽഖറിന്റെ വീട്ടിൽ പോയിട്ടാണ് നരെറ്റ് ചെയ്തത്. ഫസ്റ്റ് ഹാഫിൽ ഈ ലോകം ബിൽഡ് ചെയ്യുകണല്ലോ, അപ്പോൾ പയ്യെ പയ്യെയാണ് അത് കേറി വന്ന് ഇന്റർവെൽ ഭാഗം ആവുമ്പോഴാണ് ഇതിന്റെ ആ മൂഡ് വരുന്നത്. ഞാൻ ഇത് ഇന്റർവെൽ വരെ പറഞ്ഞപ്പോഴേക്ക് പുള്ളി (ദുൽഖർ സൽമാൻ) "ആഹ് ഓക്കേ..," എന്ന് പറഞ്ഞു. അപ്പോൾ മമ്മൂക്ക അപ്പുറത്ത് നിൽപ്പുണ്ട്. മമ്മൂക്ക അവിടേയ്ക്ക് വന്നിട്ട് പറഞ്ഞു: "എനിക്ക് മകന്റെ കൂടെ ഭക്ഷണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്," എന്ന്. കാരണം ആ സമയത്ത് ദുൽഖർ വല്ലപ്പോഴുമേ വീട്ടിൽ ചെല്ലാറുള്ളു," ഡൊമിനിക് അരുൺ പറഞ്ഞു.
എന്തായാലും, പിറ്റേന്ന് ബാക്കി കഥ പറയാനായി ഡൊമിനിക് അരുൺ ദുൽഖർ സൽമാന്റെ വീട്ടിൽ തിരികെയെത്തി. അപ്പോഴും, തലേന്ന് നരേഷനിൽ കേട്ടതൊക്കെ നടൻ കൃത്യമായി ഓർത്ത് വച്ച്. കഥ മുഴുവൻ കേട്ട ദുൽഖർ പ്രൊഡ്യൂസ് ചെയ്യാമെന്ന് അപ്പോൾ തന്നെ ഏൽക്കുകയും, ഒപ്പം കഥയെക്കുറിച്ചു കുറെ സംശയങ്ങൾ ചോദിക്കുകയും ചെയ്തു. അങ്ങനെ ഒരുപാട് കൂട്ടിച്ചേർത്തും, പൊളിച്ചെഴുതിയുമാണ് ഡൊമിനിക്കും ടീമും ഇന്ന് കാണുന്ന 'ലോക: ചാപ്റ്റർ 1-ചന്ദ്ര' എന്ന സിനിമയിലേക്ക് എത്തിയത്. അതിന് സഹായത്തിനായി, സഹ രചയിതാവായ സുഹൃത്ത് കൂടിയായ നടി ശാന്തി ബാലചന്ദ്രനും ചിത്രത്തിന്റെ ഭാഗമായി.


Click it and Unblock the Notifications











