ആർതിയെ ആശ്വസിപ്പിക്കുന്നവർ തൃഷയെ പുകഴ്ത്തുന്നു, രണ്ടുപേർക്കും രണ്ട് ന്യായമോ?; താരസുന്ദരിമാരോട് നെറ്റിസൺസ്!
സംഗീത സ്വർണലിംഗം വിജയിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചശേഷം തമിഴ്നാട്ടിലെ ഹോട്ട് ടോപ്പിക്ക് തൃഷ-വിജയ് ബന്ധമാണ്. പ്രമുഖയായ നടി തന്റേയും വിജയിയുടേയും ജീവിതത്തിലേക്ക് കടന്ന് വന്നതോടെയാണ് ദാമ്പത്യം തകർന്നതെന്ന് സംഗീത വിവാഹമോചന ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ആ നടി തൃഷയാണെന്നാണ് ഇക്കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ നടന്ന സംഭവങ്ങൾ വിലയിരുത്തി പ്രേക്ഷകർ പറയുന്നത്.
വിജയിയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില പ്രവൃത്തികൾ തൃഷയുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തു. തന്നേയും മക്കളേയും മാനസീക സംഘർഷത്തിലേക്ക് തള്ളി വിടുന്ന പ്രവൃത്തികൾ നടിയുടെ ഭാഗത്ത് നിന്നും തുടർന്നുമുണ്ടായാൽ അവരെ കൂടി കേസിന്റെ ഭാഗമാക്കുമെന്നും ഹർജിയിൽ സംഗീത വ്യക്തമാക്കിയിരുന്നു.

വിജയിയുമായി തന്റെ പേര് ചേർത്ത് പുറത്ത് വലിയ കോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും തൃഷ ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിമനത്താവളത്തിൽ എത്തിയ നടിയെ പാപ്പരാസികൾ ചോദ്യങ്ങളുമായി വളഞ്ഞുവെങ്കിലും പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി താരം. ഇപ്പോഴിതാ തൃഷയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. മുംബൈയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് താരം.
അവിടെ വെച്ച് പകർത്തിയ ചിത്രങ്ങളാണ് തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ തൃഷ പർപ്പിൾ നിറത്തിലുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന തരത്തിൽ ഹെവിയായിട്ടുള്ള ആഭരണങ്ങളും താരം ധരിച്ചിരുന്നു. രാഞ്ജിയെപ്പോലെ തോന്നുന്നു, നവവധുവിനെപ്പോലെയുണ്ട്, എപ്പോഴും സുന്ദരിയായ നായിക എന്നിങ്ങനെയുള്ള കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ചിലർ മിറർ സെൽഫികളും നടി പങ്കുവെച്ചിരുന്നു. ഔട്ട് ആന്റ് എബൗട്ട് എന്നായിരുന്നു പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. തൃഷയുടെ സൗന്ദര്യത്തെ പ്രശംസിച്ച് തെന്നിന്ത്യയിലെ മറ്റ് ചില സെലിബ്രിറ്റികളും എത്തിയിരുന്നു. അതിൽ ഒരാൾ നടി രാധികയുടെ മകള്‍ റയാനെ മിഥുൻ ആയിരുന്നു. തൃഷയെ പുകഴ്ത്തിയുള്ള റയാനെയുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട ചിലർ അവർക്ക് എതിരെ തിരിഞ്ഞു.
ഒരു സ്ത്രീയുടെ കുടുംബം തകർത്ത് ഭർത്താവിനെ സ്വന്തമാക്കിയ തൃഷയെപ്പോലൊരു വ്യക്തിയെ പിന്തുണയ്ക്കാനും പ്രശംസിക്കാനും എങ്ങനെ സാധിക്കുന്നുവെന്നാണ് റയാനെ വിമർശിച്ചവർ കുറിച്ചത്. റയാനെയുടെ കാഴ്ചപ്പാടുകളെയും നിലപാടുകളേയും ബഹുമാനിച്ചിരുന്നുവെന്നും തൃഷയെ പിന്തുണയ്ക്കുന്നത് കണ്ടതോടെ അതില്ലാതെയായി എന്നും ചിലർ കുറിച്ചു. വിമർശനം പെരുകിയതോടെ റയാനെ കമന്റ് ഡിലീറ്റ് ചെയ്തു.

നടി ചാർമി കൗറും തൃഷയുടെ സൗന്ദര്യത്തെ പ്രശംസിച്ച് കമന്റ് കുറിച്ചിട്ടുണ്ട്. റയാനെയ്ക്ക് ലഭിച്ചതുപോലെ നെഗറ്റീവ് കമന്റുകളാണ് ചാർമിക്കും ലഭിച്ചത്. തൃഷയുടെ പുതിയ പോസ്റ്റിന് സ്നേഹം അറിയിച്ച് എത്തിയവരിൽ നടി മഞ്ജു വാര്യർ അടക്കമുള്ള താരസുന്ദരിമാരുമുണ്ട്. തൃഷയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് ലൈക്കും കമന്റുകളും നൽകുന്ന തെന്നിന്ത്യൻ നടിമാർക്കെതിരെയും നെറ്റിസൺസ് രംഗത്ത് എത്തിയിട്ടുണ്ട്.
ആർതി രവിയുടെ കമന്റ് ബോക്സിൽ മോർ പവർ ടു യു എന്ന് കുറിക്കുന്നവർ എങ്ങനെയാണ് തൃഷയുടെ പോസ്റ്റുകൾക്ക് ലൈക്കും കമന്റും ചെയ്യുന്നത്. അതൊരു ഇരട്ടത്താപ്പല്ലേ. കെനീഷ ചെയ്ത പ്രവൃത്തി തന്നെയാണ് തൃഷയും ചെയ്തത്. അങ്ങനെയാകുമ്പോൾ രണ്ടുപേർക്കും രണ്ട് ന്യായമാകുന്നത് എങ്ങനെ എന്നിങ്ങനെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം വിജയിയുടെ രാഷ്ട്രീയ ഭാവിയെ തൃഷയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ബാധിക്കുമോയെന്ന ആശങ്കയിലാണ് നടന്റെ ആരാധകർ. തമിഴ്നാട് ഇലക്ഷൻ തൊട്ട് അരികിൽ എത്തി കഴിഞ്ഞു. ഫെബ്രുവരി 27നാണ് സംഗീത സ്വര്‍ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്ക്ക് അയച്ച നോട്ടീസ് പുറത്തുവരുന്നത്. ചെങ്കൽപെട്ട് കുടുംബ കോടതിയില്‍ ആയിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്.


Click it and Unblock the Notifications

















