'നിങ്ങൾ സ്ട്രോങ്ങാ'ണെന്ന് സാമന്തയോട് വരുൺ ധവാൻ, 'എന്താണ് അസുഖം? കമന്റിലൊരു പന്തികേടുണ്ടെന്ന്' ആരാധകർ!
ഇന്ത്യൻ സിനിമയിലൊട്ടാകെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഈച്ചയ്ക്ക് ശേഷമാണ് സാമന്തയ്ക്ക് കേരളത്തിൽ ഫാൻസ് വർധിച്ചത്. സിനിമയാക്കാനുള്ള അത്രത്തോളം സംഭവങ്ങളിലൂടെ കടന്നുവന്ന ശേഷമാണ് നടി സാമന്ത ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്.
2010ൽ വിണ്ണയ് താണ്ടി വരുവായാ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ യേ മായു ചേസാവേയിലൂടെയാണ് സാമന്ത നായികയായി അഭിനയത്തിന് തുടക്കം കുറിക്കുന്നത്. യേ മായു ചേസാവെ ഹിറ്റായതോടെ തെന്നിന്ത്യയിൽ സാമന്ത തിരക്കുള്ള നടിയായി മാറുകയായിരുന്നു.
വിവാഹമോചനത്തിന് ശേഷമാണ് സാമന്തയുടെ കരിയർ മറ്റൊരു തലത്തിലേക്ക് വളർന്നത്. താരമൂല്യവും നടി ചെയ്യുന്ന കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരിൽ വലിയ സ്വീകര്യത ഉണ്ടാക്കിയിട്ടുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ താരം കഴിഞ്ഞ കുറച്ച് നാളുകളായി പൊതു പരിപാടികളിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ്.
പതിവായി തന്റെ ഡെ ടു ഡെ അപ്ഡേറ്റ്സ് പങ്കുവെച്ചിരുന്ന നടി പെട്ടന്ന് എങ്ങോട്ടാണ് അപ്രതീക്ഷിതമായത് എന്നായിരുന്നു ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ അന്വേഷിച്ചുകൊണ്ടിരുന്നത്.

താരത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാതായതോടെ നിരവധി റൂമറുകളും തലപൊക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സാമന്ത വിട്ട് നിൽക്കുന്നതെന്നാണ് താരത്തെ കുറിച്ച് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ചർമ സംബന്ധമായ അസുഖങ്ങൾ മൂലമാണ് താരം സോഷ്യൽമീഡിയയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യത്ത് താരം ചികിത്സയിലാണെന്ന് അടുത്തിടെ ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തിരുന്നു. മുമ്പും ചർമ രോഗം സാമന്തയെ അലട്ടിയിരുന്നു.

ചർമ്മ രോഗം വന്ന് താൻ ഡിപ്രഷനിലേക്ക് പോയതിനെ കുറിച്ച് സാമന്തയും പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി പൊതു ഇടങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാനാണ് സാമന്തയ്ക്ക് ലഭിച്ച നിർദേശമെന്നും അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ പറയുന്നു.
നിർദേശം പൂർണമായും അനുസരിച്ച് സോഷ്യൽമീഡിയയിൽ നിന്നും പൊതു ഇടത്തിൽ നിന്നും താരം പൂർണമായും മാറി നിൽക്കുകയാണ്.
എവിടേയും തന്റെ ചിത്രങ്ങളൊന്നും തന്നെ സാമന്ത പങ്കുവെച്ചിട്ടില്ല. ഇപ്പോഴിത തന്നെ കുറിച്ചുള്ള റൂമറുകൾ പെരുകുമ്പോൾ അതിനുള്ള മറുപടിയെന്നോണം സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സാമന്ത.

സോഫയിൽ മുഖം മറച്ചിരിക്കുന്ന താരത്തിന്റെ വളർത്ത് നായ ഹാഷിന്റെ ചിത്രം പങ്കിട്ടായിരുന്നു സാമന്തയുടെ പോസ്റ്റ്. ചിത്രത്തോടൊപ്പം അവർ ഇങ്ങനെ എഴുതിയിരുന്നു... 'വീണു... പക്ഷെ തകർന്നിട്ടില്ല' എന്ന്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും താരത്തിന്റെ സഹതാരങ്ങളും ആരാധകരുമെല്ലാം കമന്റുമായി എത്തി.
അതിൽ ബോളിവുഡ് നടൻ വരുൺ ധവാൻ കുറിച്ച കമന്റാണ് വൈറലാകുന്നത്. സ്ട്രോങ് എന്ന് അർഥം വരുന്ന ഇമോജിയാണ് കമന്റായി വരുൺ പോസ്റ്റ് ചെയ്തത്. ഇതോടെ സാമന്തയ്ക്ക് റൂമറുകളിൽ പറയുമ്പോലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന നിഗമനത്തിൽ ആരാധകരും എത്തി.
അല്ലാത്തപക്ഷം അങ്ങനെയൊരു കമന്റ് വരുൺ ഇടേണ്ടതില്ലല്ലോയെന്നാണ് ആരാധകരും സിനിമാ ആസ്വാദകരും പറയുന്നത്.

സാമന്ത ഷൂട്ടിങിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ നിരവധി സിനിമകളും പ്രതിസന്ധിയിലാണ്. വിജയ് ദേവരകൊണ്ടയും സാമന്തയും ആദ്യമായി ഒന്നിച്ചെത്തുന്ന ഖുഷിയാണ് ചിത്രീകരണം നിർത്തിവെച്ചിരിക്കുന്ന ഒരു സിനിമ. യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെ മറ്റ് പ്രോജക്ടുകൾ.
ചിത്രീകരണം പൂർത്തിയായ ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികളും ആരംഭിക്കാനിരിക്കുകയാണ്. സാമന്ത തിരിച്ചെത്തിയാൽ മാത്രേ പ്രമോഷൻ ആരംഭിക്കാനാകൂ. ശാകുന്തളം എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണ്. ചിത്രത്തിൽ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് നായകൻ.


Click it and Unblock the Notifications