»   » പ്രണയത്തിന്റെ ഹിംസോന്മാദമായി ആമി, അവസാന പ്രണയത്തിനും കയ്പുണ്ട്! ആമിയ്‌ക്ക് വേണ്ടി വ്യത്യസ്ത എഴുത്ത്!

പ്രണയത്തിന്റെ ഹിംസോന്മാദമായി ആമി, അവസാന പ്രണയത്തിനും കയ്പുണ്ട്! ആമിയ്‌ക്ക് വേണ്ടി വ്യത്യസ്ത എഴുത്ത്!

By Ambili
Subscribe to Filmibeat Malayalam

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് ആമി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 9 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച സിനിമയില്‍ മുരളി ഗോപി, അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമയെ കുറിച്ച് ഡോ. ആസാദ് എഴുതിയ കുറിപ്പ് വായിക്കാം...

  ആമി

  ആമി എന്നത് സ്‌നേഹപദമായത് മാധവിക്കുട്ടിയെന്നും കമലാ ദാസെന്നും കമല സുരയ്യയെന്നും അറിയപ്പെടുന്ന ഒരെഴുത്തുകാരിയുടെ വിളിപ്പേരായതുകൊണ്ടാവണം. നിഷേധമലിഞ്ഞ ഒരു വശ്യതയുണ്ട് ആ പേരിന്. നാലാപ്പാട്ടു പ്രതിഭകളുടെ സര്‍ഗധിക്കാരങ്ങള്‍ പോയ നൂറ്റാണ്ടിന്റെ കേരളീയാനുഭവങ്ങളുടെ കരുത്താണ്. നാരായണ മേനോനിലും ബാലാമണിയമ്മയിലും ആമിയിലുമായി ഉറവയെടുത്തൊഴുകിയത് ശാസ്ത്ര ജ്ഞാനവും കലയും കവിതയും മാത്രമല്ല വികാരവിപ്ലവങ്ങളുടെ ഭാവുകത്വവുമാണ്. അതത്രയും ആവാഹിക്കുന്ന ഛായാചിത്രമൊരുക്കിയിരിക്കുന്നു സംവിധായകന്‍ കമല്‍.


  മാനംമുട്ടെ വളര്‍ന്ന നീര്‍മാതളം

  നാലാപ്പാട്ടുനിന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ ധാരകളേറെ ഉറവയെടുത്തിട്ടുണ്ട്. അവ പലമട്ടു കോറിയിട്ടാണ് ആമിയ്ക്ക് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരം, ഗാന്ധിജിയുടെ കേരള സന്ദര്‍ശനം, അയിത്തത്തിനും സാമൂഹികാനീതികള്‍ക്കും എതിരായ പ്രതിഷേധം, നാരായണമേനോനും വള്ളത്തോളും മാരാരുമൊക്കെ സന്ധിക്കുന്ന ചര്‍ച്ചാ കൂടിയിരിപ്പുകള്‍, മംഗളോദയം തുറന്നുവെച്ച പുതു പ്രസിദ്ധീകരണ സാധ്യത, നാല്‍പ്പത്തിയേഴ് ആഗസ്ത് 14 അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യക്കൈമാറ്റം, അപ്പോഴും തുടര്‍ന്ന വര്‍ഗീയ കലാപങ്ങള്‍, കറാച്ചിയിലേക്കും ധാക്കയിലേയ്ക്കും ആരംഭിച്ച പുനരധിവാസങ്ങള്‍, കലാപ കാലത്ത് കല്‍ക്കത്തയിലെയും ബോംബെയിലെയും നഗര ജീവിതം എന്നിങ്ങനെ ഒരു നൂറ്റാണ്ടിനെ നെടുകെക്കീറി നിവര്‍ത്തി വെയ്ക്കുന്നുണ്ട് സംവിധായകന്‍. അവയ്ക്കിടയില്‍ ഒരു നീര്‍മാതളം മാനംമുട്ടെ വളര്‍ന്നു പടര്‍ന്നു നില്‍ക്കുന്നു.


  കമലിന്റെ അടയാളപ്പെടുത്തല്‍

  ഋതുമതിയായ മണമാണ് നീര്‍മാതളത്തിന്. ബാല്യം മുതല്‍ ആമിയുടെ ജീവിതത്തിന്റെ സ്‌നേഹോന്മാദങ്ങള്‍ നീര്‍മാതളവുമായി ബന്ധപ്പട്ടിരിക്കുന്നു. അരികിലെ സര്‍പ്പക്കാവ് അതു തീവ്രമാക്കുന്നു. ബാല്യകൗതുകങ്ങളില്‍ ഒപ്പംകൂടിയ പ്രേരണകളാണ് ആമിയെ ധീരയാക്കുന്നത്. അതുപകര്‍ന്ന ജീവിതസമാന്തരമാണ് എഴുത്തിന്റെയും പ്രണയത്തിന്റെയും നിറവാകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുടെയും സാംസ്‌കാരികോര്‍ജ്ജത്തിന്റെയും സമൃദ്ധിയില്‍ സര്‍ഗധന്യമായ ഒരുണര്‍വ്വാണ് ആമി. അങ്ങനെ പുന്നയൂര്‍ക്കുളത്തെ ചുറ്റി കേരളം വിശാലമാവുന്നു. അതടയാളപ്പെടുത്തുകയാണ് കമല്‍.


  ആമിയുടെ ആഗ്രഹം

  ചലച്ചിത്രം ജീവിതമാണെങ്കിലും ജീവിതം ചലച്ചിത്രമാക്കുക എളുപ്പമല്ല. അഭ്രനായകരെ യഥാര്‍ത്ഥമാക്കുന്ന കാഴ്ച്ചകള്‍ക്ക് ആരാധ്യരെ കഥാപാത്രമാക്കുമ്പോള്‍ തൃപ്തി വരാറില്ല. ഗാന്ധിയും അംബേദ്ക്കറുമെല്ലാം പലവിധ മാറ്റുരയ്ക്കലുകളെ നേരിട്ടതാണ്. എകെജിയും തൃപ്തി നല്‍കിയിട്ടില്ല. എന്നിട്ടും ഒട്ടു സാഹസികമായി ആമിയെ ആശ്ലേഷിക്കുന്നു കമല്‍. കമലാദാസ് എന്ന കവിയും മാധവിക്കുട്ടിയെന്ന കഥാകൃത്തും കമലാ സുരയ്യ എന്ന പുതുജന്മവും ഓരോ ജീവിതങ്ങളാണ്. അവയെ ബന്ധിപ്പിക്കുന്നത് നീര്‍മാതളച്ചോട്ടിലെ പ്രേരണകളത്രെ. നഗരങ്ങളിലേയ്ക്ക് പറിച്ചുനടപ്പെട്ടപ്പോഴും അതു കൂടെ നിന്നു. കൃഷ്ണനെന്ന നിത്യ കാമുകന്‍ ഗുരുവായൂരല്ല പുന്നയൂര്‍ക്കുളത്താണ് വാഴേണ്ടത് എന്നാവും ആമി ആശിച്ചിരിക്കുക.


  എഴുത്തിന്റെ കാതല്‍

  എന്തേ കൃഷ്ണാ രാധയെ ഒറ്റയ്ക്കാക്കിയത്? കാണാന്‍ ഒരിക്കല്‍പ്പോലും തിരിച്ചു ചെന്നില്ലല്ലോ എന്ന് ആമി അന്വേഷിക്കുന്നുണ്ട്. പ്രണയം സമാന്തര ജീവിതമാണെന്ന് അവരറിഞ്ഞു. രാധയ്ക്കു ലഭിക്കാത്തത് തനിക്കുവേണമെന്ന ശാഠ്യവും തന്റേതാക്കുന്ന കൗശലവുമാണ് അവരുടെ ധിക്കാരത്തിന്റെ (എഴുത്തിന്റെ) കാതല്‍. പ്രണയത്തിന്റെ ഹിംസോന്മാദം ആമിയ്ക്കു താങ്ങാവുന്നത്ര നമുക്കു വയ്യ. അതിനാല്‍ എന്റെ കഥ വാസ്തവമോ ഭാവനയോയെന്ന് നാം തര്‍ക്കിക്കുന്നു. കമലും ഇവിടെ അല്‍പ്പം സദാചാര വാദിയാകുന്നുണ്ട്. ഉടലെഴുത്തിന്റെ ഉന്നം നാമായിട്ടു തെറ്റിക്കുന്നതെന്തിന്?


  വിവാദങ്ങളിലേക്കില്ല

  തെരഞ്ഞെടുപ്പു മത്സരം വേണമെങ്കില്‍ ഉപേക്ഷിക്കാമായിരുന്നു. പലമട്ടു ഭ്രമങ്ങളെ വരയ്ക്കാന്‍ മാത്രമതുതകും. അതില്ലാതെ ആമിയ്ക്കു നില്‍ക്കാമല്ലോ. എങ്കിലും വഴിമാറ്റങ്ങളുടെ കയ്പും ഖേദവും പുതു കുതിപ്പും വരയ്ക്കണമായിരിക്കും. അങ്ങനെയെങ്കില്‍ നന്ന്. അവസാന പ്രണയത്തിനുമുണ്ട് അത്തരമൊരു കയ്പ്. അത് വലിയ വികാരക്ഷോഭമില്ലാതെ, വേഷമാറ്റത്തിന്റെ വിവാദങ്ങള്‍ തുറക്കാതെ ദൂരം പാലിക്കുകയാണ് കമല്‍.


  ആമി നല്‍കിയ ക്ഷണചിന്തകള്‍

  സിനിമയെപ്പറ്റിയല്ല എഴുതിയത്. ആമി നല്‍കിയ ക്ഷണചിന്തകളാണ്. അത് കമലിനെയും മഞ്ജുവിനെയും മറ്റു പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നതിനാണ്. സിനിമയുടെ സാധാരണമായ വേഷങ്ങള്‍ ഉരിഞ്ഞെറിഞ്ഞ കമല്‍ നഗ്നയയ്ക്ക് സ്‌നേഹാശ്ലേഷം. സദാചാരത്തിനു മുന്നിലെ കുഞ്ഞധീരതയ്ക്ക് ഒരു കിഴുക്ക്. അത്രയേയുള്ളു.  English summary
  Dr. Azad saying about Aami movie

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more