ആരും തന്റെ മെയിൽ ഐഡിയിലേയ്ക്ക് ദൃശ്യം 3യുടെ കഥ അയക്കരുത്, വാർത്ത വ്യാജം...
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാലിന്റെ പിറന്നാൾ ദിവസം പ്രഖ്യാപിച്ച ചിത്രം ഫെബ്രുവരി 19 ന് ആയിരുന്നു റിലീസ് ചെയ്തത്. അമസോൺ പ്രൈമിലൂടെ പുറത്തു വന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ദൃശ്യം 2 പുറത്തു വന്നതിന് പിന്നാലെ തന്നെ ദൃശ്യം 3 യെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു, ഇപ്പോഴിത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്. ഫേസ്ബുക്കിലൂടെ വീഡിയേ പങ്കുവെച്ച് കൊണ്ടാണ് ദൃശ്യം 3 യെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ച് സംവിധായകൻ പ്രതികരിക്കുന്നത്.

തന്റെ മെയില്‍ ഐഡിയിലേക്ക് ദൃശ്യം 3ന്റെ കഥ അയക്കാമെന്നുള്ള വാര്‍ത്ത വ്യാജമാണെന്നും ആരും അയക്കരുത്, വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജീത്തു ജോസഫ് വീഡിയോയിൽ പറയുന്നു.സംവിധായകന്റെ വാക്കുകൾ ചുവടെ.
കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ എന്റെ ഒരു ഇമെയില്‍ ഐഡി പ്രചരിക്കുന്നുണ്ട്. ആ ഐഡിയിലേക്ക് ദൃശ്യം 3ന്റെ കഥ അയച്ചുകൊടുക്കുക. അത് എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ആ ഈമെയില്‍ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ഒരു എഫ്എം അഭിമുഖത്തില്‍ ഞാന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3യുടെ കഥ ആരും അയക്കണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്. അങ്ങനെയുള്ള കഥകള്‍ ഞാന്‍ നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. പിന്നെ ആ ഇമെയില്‍ ഐടി ഇപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അപ്പൊ ഇങ്ങനെയൊരു വാര്‍ത്ത ആരെങ്കിലും കാണുകയാണെങ്കില്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് ഓര്‍ക്കുക. ദൃശ്യം 3ന്റെ കഥകള്‍ ഞാന്‍ ആരുടെ അടുത്തുനിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല- സംവിധായകൻ പറയുന്നു.
അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്‌സ് മനസിലുണ്ടെന്നും അത് മോഹന്‍ലാലിന് ഇഷ്ടമായെന്നും ജീത്തു പറഞ്ഞിരുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹം ദൃശ്യം 3നെക്കുറിച്ച് പങ്കുവെച്ചത്. ദൃശ്യം 3 ഉടനെ ഉണ്ടാകില്ലെന്നും അതിന് സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു 'ദൃശ്യം 3 ഉണ്ടെങ്കില്‍ തന്നെ അതൊന്നും നടക്കില്ല. എങ്ങനെയും 2, 3 വര്‍ഷം എങ്കിലും പിടിക്കും. ഞാന്‍ അത് ആന്റണിയോടും പറഞ്ഞു-ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications











