'ഡബ്ബ് ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് ശോഭന, തരുൺ മൂർത്തി പറഞ്ഞ നുണ, അവർ എന്റെ ശബ്ദം മാറ്റി'
2025ൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ വൻ വിജയമായി മാറിയ സിനിമയാണ് മോഹൻലാൽ ചിത്രം തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ നായിക ശോഭനയായിരുന്നു. ഏറെക്കാലത്തിനുശേഷം ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു. തുടരും സിനിമയുടെ അണിയറപ്രവർത്തകർ മൂലം തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
സിനിമയിൽ ശോഭനയ്ക്ക് വേണ്ടി താൻ ഡബ്ബ് ചെയ്തിരുന്നുവെന്നും എന്നാൽ തന്നെ ഒന്ന് അറിയിക്കുക പോലും ചെയ്യാതെ അത് അണിയറപ്രവർത്തകർ നീക്കിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തരുൺ മൂർത്തി പ്രമോഷൻ സമയത്ത് പറഞ്ഞ നടന്ന നുണയാണ് തുറന്ന് പറച്ചിലിന് തന്നെ പ്രേരിപ്പിച്ചതെന്നും ഭാഗ്യലക്ഷ്മി സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേണ്ട വേറൊരാൾ മതിയെന്ന് പറഞ്ഞ് ഞാൻ കേട്ടിട്ടില്ല.

പക്ഷെ അടുത്തിടെ എനിക്ക് ഒരു വലിയ വിഷമമുണ്ടായി. ശോഭനയ്ക്ക് ഒട്ടുമിക്ക സിനിമയിലും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്റെ ശബ്ദമാണ് ഏറ്റവും ചേരുന്നതെന്നും ആളുകൾ പറയാറുണ്ട്. തുടരും സിനിമ ആക്ച്വലി ഞാൻ ഡബ്ബ് ചെയ്തിരുന്നു. ആദ്യമായാണ് ഞാൻ ഇക്കാര്യം പുറത്ത് പറയുന്നത്. പറയണമെന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ച വിഷയമാണ് ഇത്.
തുടരും സിനിമയുടെ ഡബ്ബിങിന് വിളിച്ചപ്പോൾ നിങ്ങൾ ഡബ്ബിങ് തുടങ്ങിയിട്ട് കുറേയായില്ലേയെന്ന് ഞാൻ ചോദിച്ചു. കുറേയായി ചേച്ചി. എല്ലാവരും കഴിഞ്ഞു. ലാൽ സാറൊക്കെ ചെയ്തു. ചേച്ചി മാത്രമെയുള്ള ബാക്കിയെന്നും പറഞ്ഞു. തമിഴ് ക്യാരക്ടറാണല്ലോ ശോഭനയുടേത്. അവർ നന്നായി തമിഴ് പറയുമല്ലോ... അവരെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടെയെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. അതൊരു ഡിസ്കഷൻ നടന്നിരുന്നു.
സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന ആഗ്രഹം ശോഭനയ്ക്കുണ്ട്. പക്ഷെ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു. സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് സുനിലും എല്ലാവരും ഇരുന്ന് തീരുമാനിച്ചു ശോഭന ചെയ്യേണ്ട ഭാഗ്യ ചേച്ചി മതിയെന്ന്. അതുകൊണ്ട് ചേച്ചി വന്നേ പറ്റൂവെന്നും പറഞ്ഞു. ഞാൻ പോയി. അടുത്ത കാലത്തായി ഡബ്ബിങ് എനിക്ക് കോൺഫിഡൻസ് ഇല്ലാതെയായി. കാരണം എന്റെ വോയ്സ് ഓവർ എക്സ്പോസ്ഡായിയെന്ന് തോന്നാറുണ്ട്.
അതിലൂടെ എഫക്ടടാകുന്നത് ക്യാരക്ടേഴ്സാണ്. ഭാഗ്യലക്ഷ്മിയെ കഥാപാത്രങ്ങളിൽ കാണുന്നതുപോലെ. അത് എനിക്ക് ഇഷ്ടമല്ല. ഡബ്ബിങിന് ചെന്ന് വിഷ്വൽ കണ്ടപ്പോഴും ശോഭന ചെയ്താൽ പോരെയെന്ന് ഞാൻ അവരോട് ചോദിച്ചു. അന്നും തരുണും സുനിലുമെല്ലാം ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ മുഴുവൻ സിനിമയും ഞാൻ ഡബ്ബ് ചെയ്തു.

ക്ലൈമാക്സ് സീനിൽ അലറി നിലവിളിച്ച് ഭയങ്കര എഫേർട്ട് ഇട്ട് ചെയ്തു. മുഴുവൻ പെയ്മെന്റും അവർ പേശൽ പോലും ഇല്ലാതെ തരികയും ചെയ്തു. പക്ഷെ പടം റിലീസാവുന്നേയില്ല. ഞാൻ അങ്ങനെ രഞ്ജിത്തിനെ ഒരിക്കൽ വിളിച്ച് കാര്യം തിരക്കി. കറക്ഷൻ നടക്കുകയാണെന്നും ചേച്ചിയോട് എങ്ങനെ പറയുമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ചേച്ചിയുടെ വോയിസ് മാറ്റി എന്ന് പറഞ്ഞു. ശോഭന തന്നെ മാറ്റി ഡബ്ബ് ചെയ്തു. എന്നെ ഇത് വിളിച്ച് പറയാനുള്ള മര്യാദയില്ലേയെന്ന് ഞാൻ ചോദിച്ചു.
ശോഭന പറഞ്ഞുവത്രെ ഡബ്ബ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന്. അതുകൊണ്ട് അവർ ശോഭനയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു. അഭിനയിച്ച വ്യക്തിക്ക് വോയ്സ് കൊടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അത് ഞാൻ നിഷേധിക്കുന്നില്ല. പക്ഷെ എന്നെ വിളിച്ച് ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നു. അത് അവർ പറഞ്ഞില്ല. സംവിധായകനും നിർമാതാവും പറഞ്ഞില്ല.
ഇതേ ഡയറക്ടർ പ്രമോഷൻ ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു... ശോഭനയാണ് അഭിനയിക്കുന്നതെന്ന് തീരുമാനം വന്നപ്പോൾ തന്നെ ശോഭന തന്നെ ശബ്ദം കൊടുത്താൽ മതിയെന്ന് തീരുമാനിച്ചിരുന്നുവെന്ന്. ആ നുണ കൂടി കേട്ടപ്പോൾ ഇത് പറയണമെന്ന് തോന്നി.
സിനിമ ആദ്യ ദിവസം തന്നെ ഞാൻ കണ്ടു. ക്ലൈമാക്സിൽ എന്റെ ശബ്ദം അവർ ഉപയോഗിച്ചിട്ടുണ്ട്. കാരണം എനിക്ക് അറിയാം അലറി വിളിച്ച് ഡബ്ബ് ചെയ്യാൻ ശോഭനയ്ക്ക് പറ്റില്ലെന്ന്. കാരണം ആ എക്സ്പീരിയൻസ് ശോഭനയ്ക്കില്ല. എത്തിക്സ് അവർ എന്നോട് കാണിക്കാതിരുന്നതിൽ വിഷമമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











