'രൗദ്രഭാവമുള്ള സ്ത്രീയാണ് റേറ്റിങ് കൂട്ടാമെന്ന് ഏഷ്യാനെറ്റ് കരുതി, ബിഗ് ബോസിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു'
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഒരു മത്സരാർത്ഥിയായി ഭാഗ്യലക്ഷ്മിയും പങ്കെടുത്തിരുന്നു. പക്ഷെ ഷോയിൽ നിന്നും ഇറങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞുവെങ്കിലും ആ ഷോയിലെ അനുഭവങ്ങളെ കുറിച്ച് എവിടേയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി മനസ് തുറന്നിട്ടില്ല. നാൽപ്പത്തിയൊമ്പത് ദിവസം ഹൗസിൽ താമസിച്ചശേഷമാണ് ഭാഗ്യലക്ഷ്മി പുറത്തായത്. താൻ ഒരിക്കലും പങ്കെടുക്കാൻ പാടില്ലാത്ത ഷോയായിരുന്നു അതെന്ന് പറയുകയാണിപ്പോൾ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി.
ഇന്നത്തെ എന്നല്ല എന്നത്തേയും ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ പോകാൻ പാടില്ലായിരുന്നു. ആ പ്രോഗ്രാമിന് ഞാൻ പോകാനുള്ള കാരണം ഒരു മുത്തശ്ശി കഥ കഴിഞ്ഞശേഷം രാജിനി ചാണ്ടിയും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്സായിരുന്നു. രാജിനി ഈ ഷോയിൽ പോയിട്ടുണ്ട്. രാജിനിയെ പറ്റി എനിക്ക് നന്നായിട്ട് അറിയാം. അവർ ഭയങ്കര നന്മയുള്ള സ്ത്രീയാണ്. പ്രായവും കടന്ന് വളരെ സ്മാർട്ടായിട്ടുള്ളയാളാണ്.

പക്ഷെ ബിഗ് ബോസിൽ പോയശേഷം അവർ പേടിച്ച് പോയി. ഒരാഴ്ച കൊണ്ട് പുറത്ത് വന്നു. രാജിനി അമ്മച്ചിയെ വിളിച്ച് ഞാൻ പറഞ്ഞിരുന്നു. അമ്മച്ചി അവിടെ പോകരുതായിരുന്നുവെന്ന്. ആദ്യമായാണ് ഞാൻ ബിഗ് ബോസ് ഇഷ്യു സംസാരിക്കുന്നത്. ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. പലരും ഇന്റർവ്യു ചോദിച്ചപ്പോൾ താൽപര്യമില്ല സംസാരിക്കാൻ എന്നാണ് ഞാൻ പറഞ്ഞത്. ഓർമിക്കാൻ ആഗ്രഹിക്കാത്ത ചാപ്റ്ററാണ് അത് എന്നൊക്കെ പറയുമായിരുന്നു.
എനിക്ക് പറ്റിയ വലിയ അബദ്ധം തന്നെയാണ് ബിഗ് ബോസ്. രാജിനി ചാണ്ടി ജയിലിൽ പോയ എപ്പിസോഡ് മാത്രമെ ഞാൻ കണ്ടിരുന്നുള്ളു. അന്ന് എനിക്ക് വിഷമം തോന്നിയിരുന്നു. ഗെയിമിൽ പരാജയപ്പെട്ടതുകൊണ്ടാണ് അവർ ജയിലിൽ പോയതെന്നാണ് ഞാൻ കരുതിയത്. ടാസ്ക്കിൽ ഞാൻ വിജയിച്ച് കാണിച്ച് തരാമെന്നും പറഞ്ഞിട്ടാണ് ബിഗ് ബോസിലേക്ക് ഞാൻ പോയത്.
പത്ത് അറുപത് വയസായിയെങ്കിലും ഇപ്പോഴും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് കരുതി. മാത്രമല്ല അവർ തന്നെ ടാസ്ക്കെല്ലാം നന്നായി ചെയ്യുകയും ചെയ്തു. അതോടെ കോൺഫിഡൻസ് കൂടി. പിന്നെ എനിക്ക് മനസിലായി ടാസ്ക്ക് മാത്രമല്ല അതിനും അപ്പുറം ഒരു ഗെയിമുണ്ട്. അതാണ് ബിഗ് ബോസെന്ന്. അത് മനസിലാക്കാതെ പോയതാണ് എന്റെ മിസ്റ്റേക്ക്. ടാസ്ക്ക് ഒരു എന്റർടെയ്ൻമെന്റും അവിടേക്ക് റേഷൻ വാങ്ങാൻ പോയിന്റ്സ് നേടാനുള്ള മാർഗവും മാത്രമാണ്.
പ്രവോക്കേഷൻ വരുമ്പോൾ മിണ്ടാതിരിക്കാമെന്ന് കരുതിയാലും പത്ത് നൂറ് ക്യാമറ നമ്മളെ തന്നെ നോക്കികൊണ്ട് ഇരിക്കുകയല്ലേ. അതുകൊണ്ട് നമ്മൾ റിയാക്ട് ചെയ്യണം. ബാത്ത് റൂമിൽ വരെ മൈക്കുണ്ട്. എവിടേയും ഒരു നിവർത്തിയില്ല. എന്നും വഴക്കാണ് വീട്ടിൽ. ഫിറോസ് പ്രവോക്ക് ചെയ്യുന്നത് പേഴ്സണൽ ദേഷ്യം കൊണ്ടാണെന്ന് കരുതി. ഗെയിമാണെന്ന് മനസിലാക്കിയിരുന്നില്ല.

മനപൂർവം ഇൻസൾട്ട് ചെയ്യുകയാണെന്നാണ് കരുതിയത്. മാത്രമല്ല അവിടെയുള്ളവരെ എല്ലാം എന്റെ മക്കളെപ്പോലെ എന്നാണ് കരുതിയിരുന്നത്. എന്റെ പിള്ളേർ വീട്ടിൽ ഇരുന്ന് ചിരിക്കുകയായിരുന്നു. അമ്മ എന്ത് കോമഡിയാ അവിടെ ചെയ്തത്. എന്തിനാ അവിടെ പോയത് എന്നാണ് മക്കൾ ചോദിച്ചത്. അവിടെ നിൽക്കാൻ ഒരു ബ്രില്യന്റ് ഗെയിം വേണം. അത് എനിക്ക് അറിയില്ലായിരുന്നു. ഉറക്കമില്ലായിരുന്നു.
വഴക്കുണ്ടാകുമോയെന്ന ഭയം വഴക്കിൽ ഇടപെട്ടില്ലേൽ മോഹൻലാൽ വരുമ്പോൾ ചോദിക്കും. മിണ്ടിയാൽ പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്നം. അതിനിടയിൽ മുൻ ഭർത്താവ് മരിച്ച വാർത്ത വരുന്നു. എല്ലാം കൂടി എനിക്ക് ആകെ പ്രശ്നമായി. അവസാനം കുട്ടികൾ തന്നെ ഏഷ്യാനെറ്റിനെ വിളിച്ചു. അമ്മ ഡിപ്രഷൻ അവസ്ഥയിലേക്ക് പോകുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന്. കാരണം വെറുതെ ഇരിക്കുമ്പോഴും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്ന് കൊണ്ടിരിക്കും. ഞാൻ ഉള്ളിൽ കരയുകയായിരുന്നു.
എനിക്ക് പറ്റിയ പ്ലാറ്റ്ഫോം ആയിരുന്നില്ല ബിഗ് ബോസ്. ഞാൻ ഏറ്റവും കൂടുതൽ ജീവിതത്തിൽ വയലൻസ് കാണിച്ചത് അന്ന് ആ യുട്യൂബറെ തല്ലാൻ പോയപ്പോഴാണ്. ഞാൻ ജീവിതത്തിലും അങ്ങനെയാണെന്ന് എല്ലാവരും കരുതി. രൗദ്രഭാവമുള്ള സ്ത്രീയാണ് ഷോയിൽ കൊണ്ടുവന്നാൽ റേറ്റിങ് കൂട്ടാമെന്ന് ഏഷ്യാനെറ്റും കരുതി. അങ്ങനെയല്ലെന്ന് അവർക്ക് പിന്നീട് മനസിലായി എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











