'ബിഗ് ബോസിൽ എനിക്ക് നല്ല പേമെന്റ് ആയിരുന്നു, അഖിൽ പറഞ്ഞത് ശരിയാണ്, റംസാൻ ചെയ്തത് വിഷമമായി'; ഭാഗ്യലക്ഷ്മി!
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരാർത്ഥിയായി ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും ഉണ്ടായിരുന്നു. ശക്തയായ മത്സരാർത്ഥിയായിരുന്നു താരം. നാൽപ്പത്തിയൊമ്പതാമത്തെ ദിവസമാണ് താരം ഹൗസിൽ നിന്നും എവിക്ടായത്. മൂന്നാം സീസണിൽ വിജയിയായത് മണിക്കുട്ടനായിരുന്നു. സായ് വിഷ്ണുവായിരുന്നു രണ്ടാം സ്ഥാനം.
ലോക്ക് ഡൗൺ, കൊവിഡ് എന്നിവ വരുത്തിയ ബോറടി മാറ്റാൻ വേണ്ടിയാണ് താൻ ബിഗ് ബോസിൽ പങ്കെടുക്കാൻ പോയതെന്ന് പറയുകയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവങ്ങൾ ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.
താരത്തിന്റെ മുൻ ഭർത്താവ് രമേശ് കുമാർ മരിച്ചതും താരം ബിഗ് ബോസിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു. 'എനിക്ക് ബിഗ് ബോസിൽ നല്ല പേമെന്റായിരുന്നു. ആ സമയത്ത് പണിയൊന്നും ഇല്ലാതെ ഇരിക്കുകയായിരുന്നില്ലേ. കൂടാതെ ലോക്ക് ഡൗണും ആയിരുന്നു. ആ സമയം വല്ലാതെ ബോറടിച്ചു. പുറത്തൊന്നും പോകാൻ പറ്റുന്ന അവസ്ഥയായിരുന്നില്ലല്ലോ.'

'വെറുതെ വീട്ടിലിരുന്ന് ബിരിയാണി എങ്ങനെ ഉണ്ടാക്കും, മീൻക്കൂട്ടാൻ എങ്ങനെ ഉണ്ടാക്കും തുടങ്ങി എപ്പോൾ നോക്കിയാലും പാചകം മാത്രം. മാത്രമല്ല മോൻ കല്യാണം കഴിച്ച് പുതിയൊരു കുട്ടി കൂടി വീട്ടിലേക്ക് വന്നിട്ടുണ്ട്. എപ്പോഴും അടുക്കളയിൽ തന്നെയായിരുന്നു. അവിടെ നിന്ന് എസ്കേപ്പാകാൻ നോക്കിയിരിക്കുമ്പോഴാണ് ബിഗ് ബോസിൽ നിന്നും കോൾ വന്നത്.'
ആദ്യം ഇക്കാര്യം കുട്ടികളോട് പറഞ്ഞപ്പോൾ അവർ ചോദിച്ചത് അമ്മയ്ക്ക് പറ്റുമോ ഇത് എന്നായിരുന്നു. ഒന്നുപോയി നോക്കാം എന്ന രീതിയിലാണ് ബിഗ് ബോസിലേക്ക് പോയത്. പിന്നെ പേമെന്റും നല്ലതായിരുന്നുവെന്നും' ബിഗ് ബോസിലേക്കുള്ള എൻട്രിയെ കുറിച്ച് സംസാരിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ നിന്നും തനിക്ക് കിട്ടിയ ഏക സുഹൃത്ത് സന്ധ്യ മനോജ് മാത്രമാണെന്നും തങ്ങൾ ഒരുമിച്ച് യാത്രകൾ പോകാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അടുത്തിടെ അവസാനിച്ച ബിഗ് ബോസ് സീസൺ ഫൈവിനെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികളെ കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. 'ബിഗ് ബോസ് കളി ഞാൻ ഇപ്പോൾ പഠിച്ചു. അതുകൊണ്ട് ഇനി വിളിച്ചാൽ പോകുന്നതിന് എനിക്ക് പ്രശ്നമില്ല. സീസൺ ഫൈവ് ഞാൻ കണ്ടിരുന്നു. ജുനൈസിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ശോഭയയേയും ഇഷ്ടമായിരുന്നു.'
'റിനോഷിനെയും ഇഷ്‍ടമായിരുന്നു. അതുപോലെ തന്നെ റിനോഷ് ഫൈനലിൽ വരില്ലെന്ന് എനിക്ക് തോന്നിയിരുന്നു. കാരണം ടാസ്ക്കിലൊന്നും വിജയിച്ചിട്ടില്ല. പിന്നെ ഭയങ്കര ഡിഗ്നിഫൈഡ് പേഴ്സണാണ്. പുള്ളി ലിമിറ്റ് വിട്ട് ബഹളം വെച്ച് കണ്ടിട്ടില്ല. അങ്ങനെയുള്ളവർ ഫിനാലെയിൽ വരില്ലെന്നും', ഭാഗ്യലക്ഷ്മി പറയുന്നു.

ഇമോഷണലാകാതെ ആര് എന്ത് പറഞ്ഞാലും കട്ടക്ക് നിൽക്കുന്നവർ വിജയിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. 'അതുപോലെ തന്നെ അഖിൽ മാരാർ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. ആരും പുള്ളിക്ക് എതിരാളികളായി തോന്നിയില്ലെന്നത്. അദ്ദേഹം പറഞ്ഞത് അവിടെ ഉള്ള മറ്റുള്ളവരെല്ലാം പെട്ടെന്ന് വാടി പോകുന്നവരാണെന്നാണ്. പെട്ടെന്ന് കരയാനും ഇമോഷണലി ബ്രേക്ക് ഡൗണാകാനും തുടങ്ങുമെന്നും പറഞ്ഞിരുന്നു.'
'അത് പാടില്ല. അഖിൽ ഒരിടത്തും ഇമോഷണലി ബ്രേക്കായിട്ടില്ല. സാബുവും ദിൽഷയുമെല്ലാം അങ്ങനെയായിരുന്നു. അതുകൊണ്ട് അവർ വിജയിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ബിഗ് ബോസിൽ മത്സരിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് റംസാന്റെ ചില പ്രവൃത്തികളാണെന്നും', ഭാഗ്യലക്ഷ്മി പറഞ്ഞു.
താൻ മോനെപ്പോലെയാണ് റംസാനെ കണ്ടിരുന്നതെന്നും ഇപ്പോഴും തനിക്ക് അവനെ വളരെ ഇഷ്ടമാണന്നും എന്നാൽ ടോയ്ലെറ്റ് സീറ്റ് കവർ മാറ്റിയില്ലെന്ന് പറഞ്ഞ് റംസാൻ പകയോടെ തന്നെ നോമിനേറ്റ് ചെയ്തത് വല്ലാതെ വിഷമിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
'സത്യത്തിൽ ഞാൻ ടോയ്ലെറ്റ് ഉപയോഗിച്ച ശേഷം ഞാൻ ഉപയോഗിച്ച സീറ്റ് കവർ മാറ്റി പുതിയ സീറ്റ് കവർ ഇട്ടിട്ടാണ് പുറത്തേക്ക് വന്നത്. പക്ഷെ പിന്നീട് കയറിയ റംസാൻ കരുതി ഞാൻ ഉപയോഗിച്ചിട്ട് മാറ്റാതെ എഴുന്നേറ്റ് പോയതാണെന്ന്. അവൻ അതേകുറിച്ച് എന്നോട് ചോദിച്ചശേഷം നോമിനേറ്റ് ചെയ്തിരുന്നെങ്കിൽ വിഷമം വരില്ലായിരുന്നുവെന്നും', ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications